ആവശ്യമുള്ളപ്പോൾ സ്വിച്ച് ഓണാക്കുകയും ഓഫാക്കുകയും ചെയ്യുകയല്ലാതെ പലരും എ.സിയെ കാര്യമായി ശ്രദ്ധിക്കാറില്ല. മഴക്കാലത്ത് പ്രവർത്തിപ്പിക്കാതിരുന്ന എ.സി പലരും പ്രവർത്തിപ്പിച്ചു തുടങ്ങിയിട്ടുണ്ടാകും എന്നാൽ ഒരു ഇടവേളയ്ക്ക് ശേഷമുള്ള ഈ ഉപയോഗം എ.സി ക്ലീൻ ചെയ്യാതെയാണ് ചെയ്യുന്നതെങ്കിൽ തുമ്മലും ചുമയും ശ്വാസം മുട്ടലും തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. മെക്കാനിക്കിനെ വിളിക്കാതെ തന്നെ നമുക്ക് സ്വന്തമായി എസി ക്ലീൻ ചെയ്യാവുന്നതാണ്.

To advertise here,

പവർ ഓഫ് ചെയ്യുക

ആദ്യം എസി പവർ ഓഫ് ചെയ്ത് സ്വിച്ച് ബോർഡിൽ നിന്ന് കേബിൾ ഊരി വയ്ക്കുക.

എസിയുടെ പുറം ഭാഗം തുടയ്ക്കുക

എസിയുടെ പുറത്തും സൈഡിലുമൊക്കെയായി കറുത്ത നിറത്തിൽ ധാരാളം പൊടിപടലങ്ങൾ കാണാനാകും. ഇവ തുണി ഉപയോഗിച്ച് വൃത്തിയായി തുടച്ചുമാറ്റുക.

ഫീൽറ്റർ ഊരി മാറ്റുക

എസിയുടെ മുൻവശത്തെ പാനൽ തുറന്ന് എ.സിയുടെ ഫിൽറ്റർ ശ്രദ്ധയോടെ ഊരിമാറ്റുക.

ഫിൽട്ടറിന് അകത്ത് കറുത്ത നിറത്തിൽ നിറയെ പൊടിപടലങ്ങൾ കാണാനാകും. പൊടി തട്ടിക്കളഞ്ഞശേഷം വെള്ളം ഉപയോഗിച്ച് ഫിൽട്ടർ വൃത്തിയായി തുടച്ചെടുക്കുക. പിന്നീട് തണലിൽ വെച്ച് ഉണക്കിയെടുക്കുക.

ഫിൽട്ടർ അഴിച്ചെടുക്കുമ്പോൾ എ.സിയുടെ അകത്ത് നിറയെ പൊടി പടലങ്ങൾ കാണാനാകും. ഇതും കൃത്യമായി തുടച്ച് നീക്കുക. എ.സി ഇത്തരത്തിൽ ഇടയ്ക്കിടെ വൃത്തിയാക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല, എ.സി കൃത്യമായി പ്രവർത്തിച്ച് തണുപ്പ് നിലനിർത്താനും സഹായിക്കും.

ഇത്തരത്തിൽ രണ്ട്-മൂന്ന് ആഴ്ച കൂടുമ്പോഴെങ്കിലും എ.സിയുടെ ഫിൽറ്റർ കൃത്യമായി ക്ലീൻ ചെയ്യുക

എങ്ങനെ എ.സി ഫലപ്രദമായി ഉപയോഗിക്കാം

ഏറ്റവും കുറവ് താപനില നന്നല്ല

അമിതമായി അനുഭവപ്പെടുന്ന ചൂടിൽ നിന്ന് രക്ഷനേടാനായി പലരും ചെയ്യുന്ന കാര്യമാണ് എസിയുടെ താപനില ഏറ്റവും കുറച്ച് 16- 18 ഡിഗ്രിയിൽ വെക്കുന്നത്. ആദ്യം തണുപ്പനുഭവപ്പെടുമെങ്കിലും ഉറക്കത്തിനിടെ ശരീരത്തിന് ഈ തണുപ്പ് താങ്ങാനായെന്നു വരില്ല. എസിയുടെ പ്രവർത്തനത്തിനും ഇത് നന്നല്ല. എസിയുടെ താപനില 24-26 ഡിഗ്രിയിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

ടൈമർ മോഡ്

പുതിയതായി വിപണിയിലെത്തുന്ന പല എസികളിലും ടൈമർ/ അല്ലെങ്കിൽ സ്ലീപ്പർ മോഡ് ഓപ്ഷൻ ഉണ്ട്. എന്നാൽ പലരും ഇത് കൃത്യമായി വിനിയോഗിക്കാറില്ല. എസിയുടെ താപനില രാത്രിയിലുടനീളം റൂമിലെ അന്തരീക്ഷത്തിന് അനുസരിച്ച് ക്രമീകരിക്കാൻ സഹായിക്കുന്നതാണ് സ്ലീപ്പർ മോഡ്. വൈദ്യുതി ലാഭിക്കാനും താപനില നിലനിർത്താനും ഇതിലൂടെ സാധിക്കും.

തുടർച്ചയായി എട്ട് മണിക്കൂറോളം എ.സി പ്രവർത്തിക്കുന്നത് വൈദ്യുതി ബിൽ കൂടാനും അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കുറയ്ക്കുന്നതിനും കാരണമാകും.

കട്ടിലിന്റെ സ്ഥാനത്തിലും കാര്യമുണ്ട്

തണുപ്പ് ശരീരത്തിലേക്ക് നേരിട്ടടിക്കുന്ന സ്ഥലത്തല്ല എ.സി ഘടിപ്പിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക. തണുത്ത കാറ്റ് ശരീരത്തിലേക്ക് നേരിട്ട് അടിക്കുന്നത് പലവിധ ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം. നിർജലീകരണം ഉണ്ടാകുകയും, തൊണ്ടവേദന, തലവേദന എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

എസി യൂണിറ്റിൽ നിന്ന് ബെഡിന് 3-4 അടിവരെ അകലം ഉണ്ടെന്ന് ഉറപ്പുവരുത്തണം.