ഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ 88 മണിക്കൂർ നീണ്ട പ്രത്യാക്രമണ ദൗത്യത്തിന്റെ കഥ പറയുന്ന 'ഡിക്ലാസിഫൈഡ്: ഓപ്പറേഷൻ സിന്ദൂർ' എന്ന ഡോക്യുമെന്ററി സീരീസ് സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. ദൗത്യത്തിന്റെ ആസൂത്രണവും നിർവഹണവും പശ്ചാത്തലമാക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.

To advertise here,

ഓഗസ്റ്റ് 15-ന് രാത്രി ഒൻപതു മണി മുതൽ 11 മണി വരെ ഡിസ്കവറി ചാനലിലും തുടർന്ന് ഡിസ്കവറി പ്ലസ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യും. ഇന്ത്യയുടെ ഉന്നത സൈനിക നേതൃത്വം, പ്രതിരോധ വിദഗ്ധർ, മാധ്യമപ്രവർത്തകർ, മുൻനിര സൈനികർ എന്നിവരുടെ അപൂർവമായ അനുഭവങ്ങളും അഭിമുഖങ്ങളും ഉൾപ്പെടുത്തിയാണ് സീരീസ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

പാകിസ്താനിലേയും പാക് അധീന ജമ്മു കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സേന പുലർച്ചെ നടത്തിയ പ്രത്യാക്രമണവും തുടർന്നുള്ള സംഭവവികാസങ്ങളും ഡോക്യുമെന്ററിയിൽ വിവരിക്കുന്നു. ഇന്ത്യയുടെ വാർ റൂമുകളിൽ എടുത്ത തന്ത്രപരമായ തീരുമാനങ്ങൾ, സൈന്യത്തിന്റെ സംയോജിത പ്രതികരണം, പിന്നീട് വെടിനിർത്തലിൽ അവസാനിച്ച ഇന്ത്യ-പാക് സംഘർഷാവസ്ഥ എന്നിവയും ഇതിൽ വ്യക്തമാക്കുന്നുണ്ട്.

വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറിയുടെ പുതിയ 'ഡിക്ലാസിഫൈഡ്' ഫ്രാഞ്ചൈസിക്ക് കീഴിലാണ് സീരീസ് പുറത്തിറങ്ങുന്നത്. രണ്ട് ഭാഗങ്ങളിലായാണ് ഡോക്യുമെന്ററി.