തിയേറ്ററിൽ വൻവിജയമായ രവി തേജയുടെ തെലുങ്ക് ചിത്രം 'ഇരുമുടി' ഒ.ടി.ടിയിലേക്ക്. സെപ്റ്റംബർ 18-ന് ചിത്രം നെറ്റ്ഫ്‌ലിക്‌സിൽ സ്ട്രീമിങ് ആരംഭിക്കും. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും.

To advertise here,

ശിവ നിർവാണ സംവിധാനം ചെയ്ത ‘ഇരുമുടി’ ഓഗസ്റ്റ് 11-നാണ് തിയേറ്ററുകളിൽ എത്തിയത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമിച്ചത്.

അച്ഛനും മകളും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മലയാളി ബാലതാരം നക്ഷത്ര ചിത്രത്തിൽ രവി തേജയുടെ മകളുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. ത്രിനാഥിന്റെ ഭാര്യ കാവേരിയായി പ്രിയ ഭവാനി ശങ്കറും ഗുരുസ്വാമിയായി പി. സായ് കുമാറും സ്‌കൂൾ ടീച്ചറായി സ്വാസികയും വേഷമിടുന്നു.

ആന്ധ്രാപ്രദേശ്- ഒഡീഷ അതിർത്തിയിലുള്ള സീലേരു എന്ന ചെറിയ പട്ടണത്തിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. 45 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം 24 ദിവസത്തിനുള്ളിൽ ഇന്ത്യയിൽനിന്ന് മാത്രം 208.18 കോടി രൂപ കളക്ഷൻ നേടി. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടയിലാണ് ചിത്രം ഒ.ടി.ടി. റിലീസിന് എത്തുന്നത്.