
കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള അന്യഭാഷ നടൻ ആരെന്നുള്ള ചോദ്യത്തിന് ഭൂരിഭാഗം പേരും ഒറ്റശ്വാസത്തിൽ പറയുന്ന പേര് വിജയ് എന്നാകും. ഓരോ വിജയ് ചിത്രങ്ങളും ആരാധകർക്ക് ആവേശവും ആഘോഷങ്ങളുമാണ്. പുലർച്ചെ നാല് മണി ഷോകളും രാത്രിയിൽ സ്പെഷ്യൽ ഷോകളുമായി തിയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന ദിവസമാണ് ആരാധകർക്ക് അവരുടെ ദളപതി ചിത്രത്തിന്റെ റിലീസ്. തമിഴിലെ ഏറ്റവും തിരക്കേറിയ സംവിധായകരിലൊരാളായ ലോകേഷ് കനകരാജുമൊത്തുള്ള വിജയ് ചിത്രം ലിയോ എത്തുമ്പോഴും സ്ഥിതി മറിച്ചല്ല. റിലീസിന് മുൻപ് പ്രീ റിലീസ് റെക്കോഡുകളെല്ലാം കടപുഴക്കിയെറിഞ്ഞാണ് 'ലിയോ' എത്തിയിരിക്കുന്നത്.
സമീപകാലത്ത് ഇറങ്ങിയ ഏറ്റവും ഹൈപ്പുള്ള ചിത്രമെന്ന ഖ്യാതിയുമായാണ് 'ലിയോ' തിയേറ്ററിലെത്തിയത്. പുതുമയൊന്നും ഏറെ അവകാശപ്പെടാനില്ലാത്ത കഥയിൽ ലോകേഷ് കനകരാജ് ഒരുക്കിയിരിക്കുന്ന ഗംഭീര ദൃശ്യാനുഭവം, ഒറ്റവാചകത്തിൽ ഇതാണ് 'ലിയോ'. ഒന്നിലേറെ സസ്പെൻസുകൾ ഒളിപ്പിച്ച് വെച്ചുകൊണ്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തിയിരിക്കുന്നത്.
ഹിമാചൽ പ്രദേശിൽ കുടുംബത്തോടൊപ്പം സമാധാനപരമായി കഴിയുന്ന പാർഥിപൻ എന്ന കഥാപാത്രമായാണ് വിജയ് ചിത്രത്തിലെത്തുന്നത്. കഫെ നടത്തിവന്നിരുന്ന പാർഥിപനും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന് നേരിടേണ്ടി വരുന്ന അസാധാരണ സംഭവങ്ങളെ മുൻനിർത്തിയാണ് ചിത്രം പുരോഗമിക്കുന്നത്. പാർഥിപന്റെ ഭാര്യ കഥാപാത്രമായ സത്യയെ അവതരിപ്പിച്ചിരിക്കുന്നത് തൃഷയാണ്. മകൻ സിദ്ധാർഥായി മലയാളി നടൻ മാത്യു തോമസും എത്തുന്നു.
വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ട ലിയോ എന്ന ഗ്യാങ്സ്റ്റർ ആണ് പാർഥിപനെന്ന് വിശ്വസിക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗുണ്ടാസംഘങ്ങൾ കണക്കുതീർക്കാൻ എത്തുന്നതോടെ ചിത്രം കൂടുതൽ ഉദ്വേഗജനകമാകുന്നു. ഇവരിൽ നിന്ന് തന്നെയും കുടുംബത്തിനേയും രക്ഷിക്കാനുള്ള പാർഥിപന്റെ പോരാട്ടമാണ് ചിത്രം. പാർഥിപന്റെ കഥയിലും ലിയോയെക്കുറിച്ചുള്ള ഫ്ലാഷ്ബാക്കിലുമൊക്കെ ആരാധകർക്ക് ആഘോഷമാക്കാനുള്ളതെല്ലാം ലോകേഷ് ഒരുക്കി വെച്ചിട്ടുണ്ട്.
ഒരു കംപ്ലീറ്റ് വിജയ് ഷോയാണ് ചിത്രം. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ ചിത്രത്തിൽ വന്നുപോകുന്നുണ്ട്. പാർഥിപനെ സഹായിക്കാനും വെല്ലുവിളിക്കാനും എത്തുന്ന ഈ കഥാപാത്രങ്ങളും കെെയടി നേടുന്നുണ്ട്. സത്യയെന്ന കഥാപാത്രം തൃഷയുടെ കെെകളിൽ ഭദ്രമായിരുന്നു. മാത്യു തോമസും തന്റെ കഥാപാത്രത്തെ ഭംഗിയാക്കി. വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച അർജുനും സഞ്ജയ് ദത്തും കെെയടി നേടുന്നുണ്ടെങ്കിലും ആരാധകർ പ്രതീക്ഷിച്ച സ്ക്രീൻ സ്പേസ് ഇവർക്ക് കിട്ടിയോ എന്നത് സംശയമാണ്. സാൻഡിയുടെ കഥാപാത്രം രൂപത്തിലും ഭാവത്തിലും ഞെട്ടിക്കുന്നുണ്ട്. ഗൗതം മേനോൻ, മിഷ്കിൻ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ലോകേഷിന്റെ ഗംഭീര മേക്കിങ്ങും വിജയ് യുടെ പ്രകടനവും തന്നെയാണ് ചിത്രത്തിന്റെ ആത്മാവ്. വിജയ് എന്ന താരത്തിലുപരി അദ്ദേഹത്തിനുള്ളിലെ നടനെ കൃത്യമായി ഉപയോഗിക്കാൻ ലോകേഷ് ശ്രമിച്ചിട്ടുണ്ട്. പതിവ് വിജയ് ചിത്രത്തിൽ കാണുന്ന ഫോർമുലകൾ വളരെ കുറവാണെന്നുള്ളതും ചിത്രത്തെ വേറിട്ട് നിർത്തുന്നുണ്ട്. പുതുമയില്ലാത്ത കഥ ചിത്രത്തെ ചെറുതായെങ്കിലും പിന്നോട്ട് വലിക്കുന്നുണ്ട്. ടെക്നിക്കലി ബ്രില്ല്യന്റ് ആണ് ചിത്രം. അനിരുദ്ധിന്റെ പശ്ചാത്തലസംഗീതത്തിന് കെെയടി നൽകണം. പാട്ടുകളും മികച്ച് നിന്നു. പഴയ സിനിമ ഗാനങ്ങൾ സംഘട്ടന രംഗത്തിലുൾപ്പടെ കൃത്യമായി ഉപയോഗിക്കുന്ന ലോകേഷ് ബ്രില്ല്യൻസ് ഈ ചിത്രത്തിലും വർക്കൗട്ടായി.
ഫിലോമിൻ രാജിന്റെ എഡിറ്റിങ്ങും മനോജ് പരമഹംസയുടെ ഛായാഗ്രഹണവും നിലവാരം പുലർത്തി. അൻബറിവ് ഒരുക്കിയ സംഘട്ടനങ്ങൾ ഗംഭീരമായി. രക്തരൂക്ഷിതമായ സംഘട്ടനരംഗങ്ങളാണ് ചിത്രത്തിലേത്. സംഘട്ടന രംഗങ്ങളിൽ വിജയ് പുറത്തെടുത്ത ഊർജം അഭിനന്ദങ്ങൾ അർഹിക്കുന്നുണ്ട്. റിലീസിന് മുന്നെ ഏറെ ചർച്ചയായ വി.എഫ്.എക്സിന് പ്രാധാന്യം ഏറെയുണ്ടായിരുന്ന ഹെെന രംഗങ്ങളും കാർ ചെയ്സ് രംഗങ്ങളും ഭംഗിയായി അവതരിപ്പിക്കാൻ സംവിധായകനായി. രണ്ടേ മുക്കാൽ മണിക്കൂർ ദെെർഘ്യമുണ്ടെങ്കിലും ഒരിടത്തും മുഷിപ്പിക്കാതെ ചിത്രമൊരുക്കാൻ ലോകേഷിന് സാധിച്ചു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിച്ചിരിക്കുന്നത്. ഇൻട്രോ ഗാനമോ അധികം പഞ്ച് ഡയലോഗുകളോ ഇല്ലാത്ത വിജയ് ചിത്രം കൂടിയാണ് ലിയോ എങ്കിലും ആരാധകരെ ചിത്രം തൃപ്തിപ്പെടുത്തുമെന്ന് ഉറപ്പാണ്.
ചിത്രത്തിന്റെ റിലീസിന് മുൻപ് ഏറെ ചർച്ചയായ കാര്യങ്ങളായിരുന്നു 'ലിയോ' എൽ.സി.യു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ആണോ എന്നുള്ളതും ഹോളിവുഡ് ചിത്രം 'എ ഹിസ്റ്ററി ഓഫ് വയലൻസി'ന്റെ അഡാപ്റ്റേഷൻ ആണോ എന്നുള്ളതും. അണിയറപ്രവർത്തകർ റിലീസ് വരെ പുറത്തുവിടാത്ത ഈ സസ്പെൻസുകൾ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹെെലെെറ്റും. കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ണുംപൂട്ടി ടിക്കറ്റെടുക്കാം ലോകേഷ് കനകരാജിന്റെ ഈ വിജയ് ചിത്രത്തിന്.
Content Highlights: vijay lokesh kanakaraj movie leo review
Published: 19 Oct 2023, 01:07 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented