
ജീവിതം വഴിമുട്ടിയെന്നോ? നിൽക്കക്കള്ളിയില്ലാതെ ഓടുകയാണോ? എങ്കിൽ അനിയാ നിൽ! വിരസതയിലേക്കും ഡിപ്രഷനിലേക്കും പോകേണ്ട... 'ഐ പ്ലേ റോക്കി' എന്ന ചിത്രത്തിന് ധൈര്യമായി ടിക്കറ്റ് എടുത്തോളൂ. നിങ്ങളുടേത് മാത്രമാകുന്ന ഒരു ദിവസം വരും, ആ ദിവസത്തിന് ക്ഷമയോടെ കാത്തിരിക്കൂ, എന്ന് ചിത്രം നമ്മളോട് പറയുന്നു. ഈ ഹോളിവുഡ് ചിത്രം നിങ്ങളെ നിരാശരാക്കില്ല.
വിശപ്പിന്റെയും പ്രാരബ്ധങ്ങളുടെയും നടുക്കടലിൽ ഒറ്റപ്പെട്ടുപോകുമ്പോൾ നായകന് തന്റെ പ്രിയപ്പെട്ട നായയെ (ബട്കസ്) 40 ഡോളറിനു വിൽക്കേണ്ടിവരുന്നു. ഇത് 'ഐ പ്ലേ റോക്കി' എന്ന ചിത്രത്തിലെ സീൻ മാത്രമല്ല, സിൽവെസ്റ്റർ സ്റ്റാലോൺ എന്ന നടന് ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന അനവധി കടമ്പകളിൽ ഒന്നുമാത്രം. ഈ സീൻ കാണുമ്പോൾ നമ്മളിൽ പലർക്കും കണ്ണുനിറയും. കാരണം, ഇത് കാണുന്ന പ്രേക്ഷകരിൽ പലരും ഇത്തരത്തിലുള്ള പരീക്ഷണങ്ങളിലൂടെ കടന്നുപോയവരായിരിക്കും.
1976-ൽ
സിൽവെസ്റ്റർ സ്റ്റാലോൺ എഴുതി ജോൺ ജി. അവിൽഡ്‌സൺ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് 'റോക്കി'. സിൽവെസ്റ്റർ സ്റ്റാലോൺ ഒരു ബാറിലിരുന്ന് മുഹമ്മദ് അലി-ചക്ക് വെപ്‌നർ ബോക്‌സിങ് മാച്ച് കണ്ടപ്പോൾ തോന്നിയ ആശയമാണ് 'റോക്കി' സിനിമയിലേക്ക് അദ്ദേഹത്തെ നയിക്കുന്നത്. 'റോക്കി'യുടെ തിരക്കഥയുമായി നിർമാണക്കമ്പനികൾ കയറിയിറങ്ങുമ്പോൾ സിൽവെസ്റ്ററിന് ഒരു ഡിമാൻഡ് ഉണ്ടായിരുന്നു, ചിത്രത്തിലെ നായകനും താൻ തന്നെയാവണം. അങ്ങനെയേ ഈ ചിത്രം പുറത്തിറങ്ങൂ. വാടകവീട്ടിൽ ഗർഭിണിയായ ഭാര്യയും ജീവിതച്ചെലവിന്റെയും മുന്നിൽ വഴിമുട്ടി നിൽക്കുമ്പോഴും പണത്തിന് അത്യാവശ്യമുള്ള സമയത്ത്, വലിയ ഓഫറിന് കഥമാത്രം എടുക്കാം എന്നുപറഞ്ഞ കമ്പനികളോട് നോ പറയാൻ കാണിച്ച ധൈര്യവും ആത്മവിശ്വാസവുമാണ് ഇന്ന് കാണുന്ന സിൽവെസ്റ്റർ സ്റ്റാലോണിനെ റോക്കി ആക്കി മാറ്റിയത്.
ഒടുവിൽ ഒരു നിർമാണക്കമ്പനി സിൽവെസ്റ്ററിന് മുന്നിൽ വാതിൽ തുറക്കുന്നു. തുടർന്ന് അങ്ങോട്ടുള്ള പ്രയാണങ്ങളും പ്രതിബന്ധങ്ങളുമാണ് 'ഐ പ്ലേയ് റോക്കി' എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കാണിച്ചുതരുന്നത്.
തിരക്കഥയ്ക്കുമാത്രം പറഞ്ഞ പണം പോലും നായകനാവുമ്പോൾ സിൽവെസ്റ്ററിനു ലഭിക്കുന്നില്ല. എന്നിട്ടും തന്റെ ആദ്യപ്രതിഫലത്തിൽനിന്ന്, 40 ഡോളറിന് വിറ്റ തന്റെ പ്രിയപ്പെട്ട നായയെ (ബട്കസ്) 1000 ഡോളർ കൊടുത്ത് സിൽവെസ്റ്റർ തിരികെ കൂടെക്കൂട്ടുമ്പോൾ റോക്കിക്കൊപ്പം പ്രേക്ഷകനും കൈയടിക്കുന്നു. തനിക്ക് നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കുന്ന നായകന്റെ പിറവി അവിടെയാണ്.
2026 സെപ്റ്റംബർ 12-ന് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. പീറ്റർ ഫാരെല്ലിയാണ് സംവിധാനം. സിൽവെസ്റ്റർ സ്റ്റാലോണിന്റെ വേഷം അവതരിപ്പിച്ചത് ആന്റണി ആദം ഇപ്പോളിറ്റോ എന്ന നടനാണ്. സിൽവെസ്റ്ററിന്റെ ചലനങ്ങളും ഭാവങ്ങളും എല്ലാം അതേപടി പകർത്തുന്നതിൽ ആന്റണി ആദം പൂർണമായും വിജയിച്ചിട്ടുണ്ട്. റോക്കി എന്ന സിനിമയിലെ എവർഗ്രീനായ പല സീനുകളുടെയും പിന്നാമ്പുറത്ത് നടന്ന കഥകൾ നന്നായി 'ഐ പ്ലേയ് റോക്കി'യിൽ പകർത്തിയിട്ടുണ്ട്.
സിൽവെസ്റ്ററിന്റെ കാമുകിയും ഭാര്യയുമായി അന്നസോഫിയ റോബ് ആണ് വേഷമിട്ടത്. മാറ്റ് ഡില്ലനാണ് റോക്കിയുടെ അച്ഛനായി വേഷപ്പകർച്ച നടത്തിയത്. റോക്കിയുടെ ബോക്‌സിങ് എതിരാളിയായി സ്റ്റീഫൻ ജെയിംസ് വേഷമിട്ടു.
സ്‌പോർട്‌സ് ജോണറിൽ ഉൾപ്പെട്ടിട്ടുള്ള 'റോക്കി' സിനിമയുടെ മിക്ക രംഗങ്ങളിലൂടെയും ചിത്രം സഞ്ചരിക്കുന്നുണ്ട്. സിൽവെസ്റ്ററിനു ജീവിതത്തിൽ താമസിക്കാൻ വാടകവീടുപോലുമില്ലാതെ തെരുവിൽ കിടന്നുറങ്ങിയതും പോൺ സിനിമയിൽ അഭിനയിക്കേണ്ടിവന്നതുമെല്ലാം ചിത്രത്തിൽ പറഞ്ഞുപോകുന്നു.
'റോക്കി' ഷൂട്ടിങ്ങിനിടയിലെ ഒട്ടേറെ പ്രതിബന്ധങ്ങളും, അവസാനം എവർഗ്രീൻ ആയ 'ഗോണ ഫ്‌ളൈ നൗ' ഗാനവും പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിലുള്ള മ്യൂസിയം ഓഫ് ആർട്ടിന്റെ കിഴക്കൻ പ്രവേശന കവാടത്തിലേക്ക് നയിക്കുന്ന 72 കൽപടവുകളിലൂടെയുള്ള റോക്കിയുടെ ഓട്ടവും ഫൈനൽ ഫൈറ്റും കഴിയുമ്പോൾ പ്രേക്ഷകന്റെ മനസ്സും നിറയുന്നു. ആരാധകർ 'റോക്കി' സിനിമ കണ്ടതാണെങ്കിലും, ചിത്രം എങ്ങനെ പിറവിയെടുത്തു എന്നാണ് 'ഐ പ്ലേയ് റോക്കി'യിൽ കാണിക്കുന്നത്. ഖരഗ്പൂർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കലക്ടർ മഹേന്ദ്രസിങ് ധോണി ആയതുപോലെയാണ്, സിൽവെസ്റ്റർ സ്റ്റാലോൺ റോക്കിയായി ലോകം അറിയപ്പെട്ടതും, രണ്ടും വല്ലപ്പോഴുംമാത്രം സംഭവിക്കുന്ന അദ്ഭുതം.
1977-ൽ നടന്ന 49-ാമത് അക്കാദമി അവാർഡുകളിൽ 'റോക്കി' എന്ന സിനിമ മൂന്ന് അക്കാദമി അവാർഡുകൾ നേടിയിരുന്നു. മികച്ച ചിത്രം, മികച്ച സംവിധായകൻ (ജോൺ ജി. അവില്ഡ്‌സെൻ), മികച്ച എഡിറ്റിങ് (റിച്ചാർഡ് ഹാൾസി, സ്‌കോട്ട് കോൺറാഡ്) എന്നീ വിഭാഗത്തിലായിരുന്നു പുരസ്‌കാരങ്ങൾ. അന്ന് ഓസ്‌കർ വാങ്ങി സിൽവെസ്റ്റർ സ്റ്റാലോൺ പറഞ്ഞ വാചകം ഇങ്ങനെയായിരുന്നു, 'ഈ അവാർഡ് ലോകത്തിലുള്ള എല്ലാ റോക്കികൾക്കും സമർപ്പിക്കുന്നു. ഇന്നും പലമേഖലകളിലും ഒട്ടേറെ സ്വപ്‌നങ്ങളുമായി റോക്കിമാർ തങ്ങളുടെ വിജയം അന്വേഷിക്കുന്നു. 'റോക്കി' വെറും സ്‌പോർട്‌സും ഡ്രാമ ഫിലിം മാത്രമല്ല, ജീവിതം കൂടിയാണ്. നഷ്ടപ്പെട്ടുപോയ പലതും മനുഷ്യന് തിരിച്ചുപിടിക്കാൻ ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ചിത്രം, ഇവിടെയാണ് ഈ അണ്ടർഡോഗ് സ്റ്റോറി 'റോക്കി' ചരിത്രമായി മാറുന്നത്.
ഒരു കൈയിൽ പോപ്‌കോണും മറുകൈയിൽ സോഫ്റ്റ് ഡ്രിങ്കുമായി ചിത്രം കാണേണ്ടതില്ല (കട്ട വിലയാണ് രണ്ടിനും മാളിൽ, വിലയൊന്നും കുറയാനും പോണില്ല). പണ്ട് ബാലുശ്ശേരി സന്തോഷ് ടാക്കീസിന്റെ മുന്നിൽ ഇന്റർവെൽ സമയത്ത് തിരക്കിൽ ലോഹിയേട്ടന്റെ നല്ല ചൂട് പരിപ്പുവടയും വാങ്ങി മരത്തിന്റെ സീറ്റിൽ പോയിരുന്ന് കഴിക്കുമ്പോൾ കിട്ടുന്ന സുഖം ഒന്നും ഇവിടെ കിട്ടില്ല എന്ന് മാത്രമല്ല, ചൂട് പരിപ്പുവട തരാൻ ഇവിടെ മാളിൽ ലോഹിയേട്ടനും വരില്ല. വയറിൽ കുറച്ച് വിശപ്പും, തൊണ്ടയിൽ ഒരിറ്റ് ദാഹവുമായി ഈ ചിത്രം കണ്ടാൽ മതി. കാരണം സിനിമയുടെ തീ നിങ്ങളുടെ വിശപ്പും ദാഹവും മാറ്റും. ഇതാണ് റോക്കിയുടെ വിജയവും. ഇത് തന്നെയാണ് സിനിമയുടെ മാജിക്കും-'റോക്കി'യുടെയും സിനിമയുടെയും ഒരു ആരാധകൻ.
Content Highlights: I Play Rocky depicts Sylvester Stallone's real-life struggles and determination to star in his own script for the 1976 classic film Rocky. Directed by Peter Farrelly and premiered at the 2026 Toronto International Film Festival, the film features Anthony Ippolito in the lead role of Stallone. The movie portrays key emotional moments from Stallone's life, including selling his beloved dog Butkus for $40 during financial hardship and buying him back for $1,000. AnnaSophia Robb, Matt Dillon, and Stephan James play pivotal supporting roles, recreating iconic behind-the-scenes moments of Rocky.
Published: 17 Nov 2026, 11:12 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented