To advertise here,

മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലെത്തുന്ന സുരേഷ് ​ഗോപി, ഒപ്പം ബിജു മേനോനും. പ്രഖ്യാപനം മുതൽക്കേ വൻ പ്രതീക്ഷയോടെയെത്തിയ ത്രില്ലർ ചിത്രമായിരുന്നു ​നവാ​ഗതനായ അരുൺ വർമ സംവിധാനം ചെയ്ത ​'ഗരുഡൻ'. ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകൾ കൊണ്ടും വെെകാരിക രം​ഗങ്ങളാലും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഇൻവസ്റ്റി​ഗേറ്റീവ് സ്റ്റോറിയെന്ന് ഒറ്റവാചകത്തിൽ ​ഗരുഡനെ വിശേഷിപ്പിക്കാം.  

കൊച്ചി ന​ഗരത്തിൽ നടക്കുന്ന ഒരു പ്രമാദമായ കുറ്റകൃത്യത്തിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. കേസന്വേഷിക്കാനെത്തുന്ന ഡി.സി.പി ഹരീഷ് മാധവനായിട്ടാണ് ചിത്രത്തിൽ സുരേഷ് ​ഗോപിയെത്തുന്നത്. തുടർന്ന് നടക്കുന്ന അന്വേഷണത്തിലൂന്നിയാണ് ചിത്രം പുരോ​ഗമിക്കുന്നത്. വെെകാതെ മറ്റൊരു ട്രാക്കിലേയ്ക്ക് കടക്കുന്നതോടെ ചിത്രം കൂടുതൽ ഉദ്വേ​ഗജനകമാകുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾ ത്രില്ലടിപ്പിക്കുന്ന പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് സംവിധായകൻ. 

ചിത്രത്തിൽ സുരേഷ് ​ഗോപിയോടൊപ്പം  തുല്യ പ്രാധാന്യമുള്ള വേഷത്തിലാണ് ബിജു മേനോൻ എത്തുന്നത്. കോളേജ് പ്രഫസറായ നിശാന്ത് എന്ന കഥാപാത്രം ബിജു മേനോന്റെ കരിയറിലെ വ്യത്യസ്ത വേഷപ്പകർച്ച കൂടിയാണ്. ഇൻവസ്റ്റി​ഗേഷൻ ത്രില്ലറായി ഒതുങ്ങാതെ നിയമപോരാട്ടങ്ങളിലൂടെയും സഞ്ചരിക്കുന്ന അവതരണരീതിയാണ് ചിത്രത്തിന്റേത്. ഇമോഷണൽ രം​ഗങ്ങളും പ്രേക്ഷകന് കണക്ടാകുന്ന തരത്തിൽ ഒരുക്കാൻ സാധിച്ചിട്ടുണ്ട്.

വ്യത്യസ്തമായൊരു പ്രമേയം മികച്ച തിരക്കഥയുടെ സഹായത്തോടെ കെെയൊതുക്കത്തോടെ അവതരിപ്പിക്കാൻ നവാ​ഗത സംവിധായകനായി. മാസ് രം​ഗങ്ങളും സം​ഘട്ടനങ്ങളും കഥാപരിസരത്തിന് അനുയോജ്യമായ തരത്തിൽ വിനിയോ​ഗിക്കുന്നതിലും അരുൺ വർമ വിജയിച്ചിട്ടുണ്ട്. ജിനേഷിന്റേതാണ് കഥ.

ജെയ്ക്സ്‌ ബിജോയ്‌ ഒരുക്കിയ പശ്ചാത്തലസം​ഗീതം ത്രില്ലർ മൂഡ് ചിത്രത്തിലുടനീളം നിലനിർത്തുന്നതിൽ സഹായിച്ചിട്ടുണ്ട്. അജയ്‌ ഡേവിഡ്‌ കാച്ചപ്പിള്ളിയുടെ ഛായാ​ഗ്രഹണവും മികവ് പുലർത്തി. പതിവ് പാറ്റേണുകളിൽ നിന്ന് മാറിയുള്ള എഡിറ്റിങ് ശ്രമങ്ങളിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്താൻ ശ്രീജിത്ത്‌ സാരംഗിനായിട്ടുണ്ട്. 

സർവിസീൽ തോൽവിയറിഞ്ഞിട്ടില്ലാത്ത, ആരെയും കൂസാത്ത പോലീസ് ഉദ്യോ​ഗസ്ഥൻ വിശ്രമ ജീവിതത്തിലേയ്ക്ക് കടക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും ചിത്രം പറയുന്നുണ്ട്. കൃത്യനിർവഹണത്തിൽ വിട്ടുവീഴ്ചയില്ലാത്ത ഉദ്യോ​ഗസ്ഥനായി സുരേഷ് ​ഗോപി നിറഞ്ഞുനിൽക്കുമ്പോഴും ബിജു മേനോന്റെ കഥാപാത്രം പലയിടത്തും സ്കോർ ചെയ്യുന്നുണ്ട്. രണ്ടുപേരും തങ്ങളുടെ കഥാപാത്രത്തെ ​ഗംഭീരമാക്കി. 

 

വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഒരിടവേളയ്ക്ക് ശേഷം അഭിരാമി നായികയായെത്തുന്ന ​ഗരുഡനിൽ സിദ്ദിഖ്, ദിലീഷ്‌ പോത്തൻ, ജഗദീഷ്‌, ദിവ്യ പിള്ള, തലെെവാസൽ വിജയ്, നിശാന്ത് സാ​ഗർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സമീപകാലത്തായി വ്യത്യസ്തമായ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ജ​ഗദീഷ് ​ഗരു​ഡനിലും മികച്ച പ്രകടനം തുടരുകയാണ്. 

മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. പ്രതീക്ഷയ്ക്കും മുകളിൽ പറന്നുയരാൻ ഈ ​ഗരുഡന് സാധിച്ചിട്ടുണ്ട്. ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് തിയേറ്ററുകളിൽ നിന്ന് തന്നെ ആസ്വദിക്കാവുന്ന ചിത്രമാണ് ​ഗരുഡൻ.