
അവകാശവാദങ്ങളൊന്നുമില്ലാതെയാണ് സുരേഷ് ഗോപി-ബിജു മേനോൻ ചിത്രം ഗരുഡൻ തിയേറ്ററുകളിലേക്കെത്തിയത്.ആർപ്പുവിളികളോ ഹൗസ് ഫുൾ ഷോകളോ ഇല്ലാത്ത തുടക്കം, ആദ്യവാരം പിന്നിടുമ്പോൾ ഗരുഡൻ പ്രേക്ഷകപ്രതീക്ഷകൾക്ക് മുകളിലേക്ക് പറന്നുയർന്നു കഴിഞ്ഞു. സുരേഷ് ഗോപി പോലീസ് വേഷത്തിലെത്തിയ സിനിമയിൽ ബിജുമേനോന്റെ കഥാപാത്രവും പ്രകടനവും പ്രേക്ഷകരെ ഞെട്ടിച്ചു. മുൻധാരണകൾക്ക് പിടികൊടുക്കാതെയുള്ള കുതിപ്പാണ് വർഷങ്ങളായി മലയാളസിനിമയിൽ ബിജുമേനോൻ നടത്തുന്നത്. നായകനായും വില്ലനായും സഹനടനായും ജ്യേഷ്ഠനായും അനുജനായും രക്ഷിതാവായുമെല്ലാം ഇക്കാലത്തിനിടെ പലതവണ അയാൾ മാറിമറിഞ്ഞുവന്നുകൊണ്ടിരിക്കുന്നു. അഭിനയജീവിതത്തിൽ വീണ്ടുമൊരു ശക്തമായ വേഷം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ബിജുമേനോൻ.
ഗരുഡൻ ഉയരങ്ങളിലേക്ക് പറക്കുകയാണ്, സിനിമയെക്കുറിച്ചും കഥാപാത്രത്തെപ്പറ്റിയും ലഭിക്കുന്ന കമന്റുകൾ...
ഗരുഡൻ കണ്ട് ഒരുപാടുപേർ വിളിക്കുന്നു, അഭിനന്ദിച്ചുകൊണ്ടുള്ള മെസേജുകൾ ലഭിക്കുന്നുണ്ട്. ത്രില്ലിങ് എക്സ്പീരിയൻസിനക്കുറിച്ചാണ് എല്ലാവർക്കും പറയാനുള്ളത്. രണ്ടുമണിക്കൂറിനുമുകളിൽ പ്രേക്ഷകനെ ഒരു സിനിമ പിടിച്ചിരുത്തി, എന്നാൽ, അതൊരു ചെറിയകാര്യമല്ല. കഥയും കഥാപാത്രവും സിനിമയും സ്വീകരിക്കപ്പെട്ടു എന്നുകേൾക്കുമ്പോൾ സന്തോഷം. പലതരം മാറ്റങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. കൊട്ടിഘോഷിച്ചെത്തിയ അന്യഭാഷാചിത്രങ്ങൾ മലയാളികൾക്കിടയിൽ വലിയ ഇളക്കം തീർക്കുന്ന സമയത്താണ് ഗരുഡൻപോലൊരു ചെറുചിത്രം പ്രേക്ഷക അഭിപ്രായത്തിലൂടെ കുതിക്കുന്നത്. മലയാളസിനിമയിൽ നിലവിൽ കുറച്ചുകാലമായി കണ്ടുവരുന്ന റിയലിസ്റ്റിക് കഥപറച്ചിലിൽനിന്നുമാറി സിനിമാറ്റിക്കായ ഒരുപാട് ഘടകങ്ങൾ ചേർത്തുെവച്ച ചിത്രമാണ് ഗരുഡൻ. ചിത്രം സമ്മാനിച്ച തിയേറ്റർ എക്സ്പീരിയൻസിനെക്കുറിച്ചാണ് എല്ലാവരും പറയുന്നത്. ബിഗ് സ്ക്രീനിൽത്തന്നെ കാണേണ്ട സിനിമയാണ് ഗരുഡൻ.
ദുരൂഹതകളേറെയുള്ള വേഷമാണ് ഗരുഡനിലേത്, ഏറെ ആലോചനകൾക്ക് ശേഷമാണോ വേഷം അവതരിപ്പിക്കാമെന്ന് സമ്മതിക്കുന്നത്...
എന്റെ അഭിനയജീവിതത്തിലെ വ്യത്യസ്തമായൊരു കഥാപാത്രമാണ് ഗരുഡനിലേത്, സംവിധായകൻ അരുൺ വർമനിൽനിന്നാണ് കഥ കേൾക്കുന്നത്. മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ അധ്യാപകനായ നിഷാന്തിന്റെ വേഷമാണ് എനിക്കിഷ്ടമായത്. മറ്റാർക്കും നൽകാമെന്ന് പറഞ്ഞിട്ടില്ലെങ്കിൽ ആ വേഷം ഞാൻ ചെയ്യാമെന്ന് അങ്ങോട്ട് പറയുകയായിരുന്നു. അങ്ങനെ നോക്കുമ്പോൾ, ചോദിച്ചുവാങ്ങിയ വേഷമാണ് ഗരുഡനിൽ അവതരിപ്പിച്ചത്. ആ വേഷംചെയ്യാൻ പറ്റുമോയെന്ന് എന്നോട് ചോദിക്കാൻ മടിച്ചുനിൽക്കുകയായിരുന്നു സംവിധായകൻ.

സസ്പെൻസ് ത്രില്ലറായതിനാൽ, കഥാപാത്രത്തെക്കുറിച്ച് കൂടുതലായൊന്നും പറയാൻ കഴില്ലെന്നറിയാം എങ്കിലുംചിലത് ചോദിച്ചേ മതിയാകൂ, ചില സന്ദർഭങ്ങളിൽ കഥാപാത്രം പ്രകടിപ്പിക്കുന്ന ശരീരഭാഷയും ചലനങ്ങളുമെല്ലാം തിരക്കഥയിൽ എഴുതിവെച്ചതുതന്നെയായിരുന്നോ...
കഥാപാത്രത്തിന്റെ ഒഴുക്കിൽ എല്ലാം മറന്ന് അഭിനയിച്ചു എന്ന പ്രയോഗത്തോടൊന്നും എനിക്ക് യോജിപ്പില്ല. ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള വിവരണവും ഓരോ കഥാസന്ദർഭത്തിലെ പെരുമാറ്റങ്ങളുമെല്ലാം സാധാരണനിലയിൽ തിരക്കഥയിൽ കൃത്യമായി രേഖപ്പെടുത്തും. പലപ്പോഴും അതിൽ കൂടുതലായൊന്നും ചെയ്യേണ്ടിവരാറില്ല. കഥാപാത്രത്തെ ഉൾക്കൊണ്ട്, അതിൽ നിന്നുകൊണ്ടുതന്നെ സ്വന്തമായി ചിലതുചെയ്യാൻ ചിലപ്പോഴൊക്കെ സ്വാതന്ത്ര്യം ലഭിക്കും. ഗരുഡനിൽ അത്തരം അവസരങ്ങളുണ്ടായിരുന്നു. ഒപ്പമുള്ള അഭിനേതാക്കളുമായി ചേരുമ്പോൾ ചില സീനിൽ ഒരു പ്രത്യേക ഊർജം ലഭിക്കുന്നതായി തോന്നിയിട്ടുണ്ട്, കഥാപാത്രങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിക്കഴിയുമ്പോൾ ചില സീനുകൾ നമ്മൾ വിചാരിച്ചതിനെക്കാൾ മുകളിലേക്ക് പോകും ഇതെന്റെമാത്രം കാര്യമല്ല. ഗരുഡനിലെ കഥാപാത്രം നടത്തിയ ചില സൂക്ഷ്മമായ ചലനങ്ങളെക്കുറിച്ചു പലരും എടുത്തുപറയുമ്പോൾ സന്തോഷം, ആ സന്ദർഭത്തിൽ അതങ്ങനെ സംഭവിച്ചു എന്നേ പറയാൻ കഴിയൂ. എങ്ങനെയെന്നുചോദിച്ചാൽ കൃത്യമായി വിവരിക്കാൻ കഴിയില്ല.
വലിയ ഇടവേളയ്ക്കുശേഷമാണ് സുരേഷ് ഗോപിയുമായി ഒന്നിക്കുന്നത്. ക്യാമറയ്ക്കുമുന്നിലെ സന്തോഷങ്ങൾ...
ക്രിസ്ത്യൻ ബ്രദേഴ്സിനുശേഷം ഞങ്ങൾ ഒന്നിക്കുന്ന ചിത്രമാണ് ഗരുഡൻ, ഒന്നിച്ച് സിനിമചെയ്തില്ലെങ്കിലും സ്ഥിരം കാണാറില്ലെങ്കിലും ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് കുറവൊന്നുമില്ല. ഈ സിനിമയ്ക്കുവേണ്ടി സുരേഷേട്ടൻ ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ട്. എന്റെ മറ്റുചില സിനിമകളുടെ ചിത്രീകരണം വിചാരിച്ചതിലും നീണ്ടുപോയപ്പോൾ ഗരുഡന്റെ ഷൂട്ടിങ് തുടങ്ങാൻ വൈകി. അപ്പോഴെല്ലാം സുരേഷേട്ടൻ എനിക്കായി കാത്തുനിന്നു, പലതവണ എന്റെ ഡേറ്റിൽ മാറ്റം വന്നപ്പോഴും അദ്ദേഹം ക്ഷമയോടെ നിന്നു. സുരേഷ് ഗോപി സിനിമകളിൽ അദ്ദേഹത്തിന്റെ ടീമിലൊരാളായി ഒരുപാട് തവണ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിൽ അദ്ദേഹവുമായി നേർക്കുനേർ നിൽക്കുന്ന, എതിർപക്ഷകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇതാദ്യമായിട്ടാണ്. സുരേഷേട്ടനുമായുള്ള പൊരുത്തം സീനുകൾ ഭംഗിയാക്കാൻ സഹായിച്ചിട്ടുണ്ട്.
വെള്ളിമൂങ്ങ, അയ്യപ്പനും കോശിയും, ആർക്കറിയാം, ഗരുഡൻ...വേറിട്ടകഥാപാത്രങ്ങളുടെ ഒരു നിര വന്നുകൊണ്ടിരിക്കുന്നു, കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുകയാണോ...
ഒരുപാട് സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമില്ലാത്ത വ്യക്തിയാണ് ഞാൻ, ചെറുതെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുന്ന, സ്വയം സംതൃപ്തിനൽകുന്ന വേഷങ്ങൾക്കൊപ്പം സഞ്ചരിക്കണം എന്നതാണ് ഇപ്പോഴത്തെ തീരുമാനം. ഏതെങ്കിലും രീതിയിൽ പുതുമനൽകുന്ന കഥാപാത്രങ്ങൾക്കൊപ്പം സഹകരിക്കാനാണ് താത്പര്യം. കോവിഡ് കാലത്താണ് ആർക്കറിയാമിലെ പ്രായംചെന്ന വേഷം ചെയ്യുന്നത്, എന്തിനാണ് ഇപ്പോൾ ഇങ്ങനെയൊരു വേഷമെന്ന് ഒരുപാട് പേർ ചോദിച്ചു അതുചെയ്യുമ്പോൾ എനിക്കുലഭിച്ച സന്തോഷം, അതാണ് ആ സമയം ഞാൻ നോക്കിയത്. എന്തുചെയ്യുന്നു എന്നുമാത്രമല്ല, എന്തുചെയ്യാനുണ്ട് എന്നതും പ്രസക്തമാണ്.
Content Highlights: suresh gopi biju menon movie garudan biju menon interview
Published: 12 Nov 2023, 08:22 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented