വരയനിൽ സിജു വിൽസൺ
വെള്ളിത്തിരയിൽ പലവിധം പുരോഹിതന്മാരെ കണ്ടിട്ടുണ്ടാവും. നന്മയുള്ള, വാത്സല്യനിധികളായ, ചൂടന്മാരായ അച്ചന്മാരെ പല സിനിമകളിലായി നമ്മൾ പരിചയപ്പെട്ടുകഴിഞ്ഞു. അവരിൽ നിന്നെല്ലാം വ്യത്യസ്തനാണ് ഫാദർ എബി കപ്പൂച്ചിൻ. ആൾ കലാകാരനാണ്, നന്മനിറഞ്ഞവനാണ്. പക്ഷേ കലിപ്പാവേണ്ട സ്ഥലത്ത് ഫാ. എബി കപ്പൂച്ചിനച്ചനേക്കാൾ കലിപ്പൻ വേറെയുണ്ടാവില്ല. പറഞ്ഞുവരുന്നത് ഫാദർ ഡാനി കപ്പൂച്ചിന്റെ തിരക്കഥയിൽ ജിജോ ജോസഫ് സംവിധാനം ചെയ്ത വരയൻ എന്ന ചിത്രത്തേക്കുറിച്ചാണ്.
മറ്റു നായകന്മാർ ഉള്ള ചിത്രങ്ങളിൽ ഷൈൻ ചെയ്യുന്ന പുരോഹിത കഥാപാത്രങ്ങളെയാണ് നമ്മൾ ഇതുവരെ കണ്ടത്. അതിൽ നിന്നെല്ലാം വ്യത്യസ്തനായ മാസ് കാണിക്കുന്ന പുരോഹിതനെയാണ് വരയനിൽ കാണാനാവുക. പോലീസ് പോലും യൂണിഫോമിട്ട് കടന്നുചെല്ലാൻ ഭയക്കുന്ന, കൊടുംകുറ്റവാളികൾ നിറഞ്ഞ കലിപ്പക്കര എന്ന ദ്വീപ് പ്രദേശത്തെ പള്ളിയിലേക്ക് വികാരിയായി വരുന്ന ഫാദർ എബി കപ്പൂച്ചിൻ ആ ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തിൽ നടത്തുന്ന ഇടപെടലുകളാണ് വരയന്റെ ആകെത്തുക.
വലിയ വളച്ചുകെട്ടലുകളൊന്നുമില്ലാതെ നേരിട്ട് കഥയിലേക്ക് കടക്കുന്നുണ്ട് ചിത്രം. കലിപ്പക്കരയുടെ പൊതുചിത്രം പറഞ്ഞുകൊണ്ട് തുടങ്ങുന്ന ചിത്രം എബി കപ്പൂച്ചിനെത്തുന്നതോടെ സംഭവബഹുലമാവുന്നു. ആരാണ് ഈ പുരോഹിതനെന്ന ആകാംക്ഷ നിലനിർത്തിക്കൊണ്ടാണ് പിന്നീട് ചിത്രം സഞ്ചരിക്കുന്നത്. അലസനെന്ന് തോന്നിപ്പിക്കുന്ന എബി കപ്പൂച്ചിന്‍ കലിപ്പക്കരയിലെത്തിയ ശേഷമാണ് എന്താണ് തന്റെ ജീവിതലക്ഷ്യമെന്ന് തിരിച്ചറിയാനാവുന്നത്. ഈ വസ്തുതയിലൂന്നിയാണ് പിന്നീട് വരയന്റെ സഞ്ചാരം.
ഫാ. എബി കപ്പൂച്ചിനായി മികച്ച പ്രകടനമാണ് സിജു വിൽസൺ നടത്തിയിട്ടുള്ളത്. കലിപ്പക്കരയിലെ പുരോഹിതന്റെ കുസൃതികളും ഹീറോയിസവുമെല്ലാം കൃത്യമായി പ്രേക്ഷകനിലെത്തിക്കാൻ സിജുവിനായിട്ടുണ്ട്. സിജുവിന്റെ കരിയറിലെ വേറിട്ടവേഷം കൂടിയായിരിക്കും ഫാ. എബി കപ്പൂച്ചിൻ. ലിയോണ ലിഷോയ്, മണിയൻപിള്ള രാജു, ബിന്ദു പണിക്കർ, വിജയരാഘവൻ, ജൂഡ് ആന്തണി ജോസഫ്, ജോയ് മാത്യൂ എന്നിവരും അവരവരുടെ വേഷം ഭംഗിയാക്കി.
രജീഷ് രാമന്റെ ഛായാഗ്രഹണവും പ്രകാശ് അലക്സിന്റെ സംഗീതസംവിധാനവും എടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ച് നായകന്റെ ഇൻട്രോ രംഗത്തിൽ. ഏദനിൻ മധുനുകരും എന്ന ഗാനമാണ് പാട്ടുകളിൽ മുന്നിട്ട് നിൽക്കുന്നത്. ആൽവിൻ അലക്സ് ഒരുക്കിയ ഇന്റർവെൽ ബ്ലോക്കും കയ്യടിയർഹിക്കുന്നതാണ്. പള്ളിയിൽ കയറി അലമ്പുണ്ടാക്കിയാൽ ഞാനിടിക്കും എന്നതുപോലുള്ള മാസ് ഡയലോഗുകൾക്കും സിനിമയിൽ അവിടവിടെയായി ഇടംനൽകിയിട്ടുണ്ട് സംവിധായകനും തിരക്കഥാകൃത്തും.
സത്യം സിനിമാസ് അവതരിപ്പിച്ചിരിക്കുന്ന ചിത്രം പ്രേമചന്ദ്രൻ എ.ജിയാണ് നിർമിച്ചിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..