
ഓരോ സിനിമയിറങ്ങുമ്പോഴും, അതേത് ഭാഷയുമാവട്ടെ, വ്യത്യസ്തത തേടുന്നവരാണ് പ്രേക്ഷകർ. കഥ കേട്ടുമടുത്തതാണെങ്കിലും മേക്കിങ്ങിൽ വ്യത്യസ്തത പുലർത്തിയാൽ സിനിമാപ്രേമികൾ സ്വീകരിക്കും. അപ്പോൾ മേക്കിങ്ങിലും പറയുന്ന പ്രമേയത്തിലും വ്യത്യസ്തതയുണ്ടെങ്കിലോ? അങ്ങനെയൊരു ചിത്രമാണ് നവാഗതനായ ചാൾസ് ജോസഫ് സംവിധാനം ചെയ്ത സമാറ. മലയാളസിനിമയിൽ ഇന്നേവരെ പറയാത്ത വലിയൊരു വിഷയമാണ് സമാറ സ്ക്രീനിൽ കാട്ടിത്തരുന്നത്.
ആത്യന്തികമായി ഇതൊരു കുറ്റാന്വേഷണ ചിത്രമാണ്. ആ കുറ്റാന്വേഷണത്തിന്റെ അവസാനം ചെന്നെത്തുന്നതാകട്ടെ ശാസ്ത്രലോകം തന്നെ അഭിമുഖീകരിക്കുന്ന ഭയാനകമായൊരു വിപത്തും അതിനെ കൂട്ടുപിടിച്ച് ലോകം നശിപ്പിക്കാൻ സ്വപ്നം കാണുന്ന വലിയൊരു നെറ്റുവർക്കുമാണ്. പൊതുവേ മലയാളസിനിമയിൽ വളരെ അപൂർവമായാണ് സൈ-ഫൈ ത്രില്ലറുകൾ വന്നിട്ടുള്ളത്. സങ്കീർണമായ പല കാര്യങ്ങളും സാധാരണക്കാരായ പ്രേക്ഷകർക്ക് മനസിലാവാതെ വരുമോ എന്ന ആശങ്കയായിരിക്കാം ഇതിന് കാരണം. എന്നാൽ ഏതൊരു സാധാരണക്കാരനും മനസിലാവുന്ന രീതിയിൽ അങ്ങനെയൊരു കഥപറയാനുള്ള ചങ്കൂറ്റം കാണിച്ചിരിക്കുകയാണ് സമാറയുടെ അണിയറപ്രവർത്തകർ.
ഹിമാലയൻ താഴ് വരയിൽ നടക്കുന്ന രണ്ട് കൊലപാതകങ്ങൾ. ആ കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ ആന്റണി, സെന്തിൽ ഐ.പി.എസ്, ഡോ. അലൻ, ഡോ. സക്കീർ, ഡോ. ആസാദ് എന്നിവർ ഒരുമിക്കുന്നതാണ് അടിസ്ഥാനപരമായി ചിത്രത്തിന്റെ പ്രമേയം. റഹ്മാൻ, ഗോവിന്ദ്കൃഷ്ണ, ബിനോജ് വില്ല്യ, ഭരത്, രാഹുൽ മാധവ് എന്നിവരാണ് ഇപ്പറഞ്ഞ കഥാപാത്രങ്ങളെ യഥാക്രമം അവതരിപ്പിക്കുന്നത്. പക്ഷേ അതിലുപരി കുറ്റാന്വേഷണത്തെ എങ്ങനെ സയൻസ് ഫിക്ഷൻ ഘടകങ്ങളിലേക്ക് കൂട്ടിമുട്ടിക്കുന്നു എന്നുള്ളിടത്താണ് സമാറ വ്യത്യസ്തമാവുന്നത്. കുളു-മണാലിയിലെ ജീവിതക്കാഴ്ചകൾ കാണിച്ചുകൊണ്ട് മുന്നേറുന്ന ചിത്രം ആദ്യപകുതി അവസാനിക്കുമ്പോൾത്തന്നെ വരാൻപോകുന്ന പിരിമുറുക്കം എത്രത്തോളമാണെന്നതിന് വഴിമരുന്നിടുന്നുണ്ട്.
2020-ലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കോവിഡ് ലോക്ക്ഡൗണിലേക്ക് പോയത്. കോവിഡ്ഭീതി പഴയപോലെ ഇല്ലെങ്കിലും അതുയർത്തിയ ഭീതി ഇപ്പോഴും ആരുടേയും മനസിൽ നിന്ന് പോയിട്ടില്ല. ചൈനയിലെ ഒരു മാർക്കറ്റിൽ നിന്നാണ് ഈ രോഗാണു പടർന്നതെന്നും അതല്ല ചൈനയിലെ തന്നെ ഒരു ലാബിൽ നിർമിച്ച ജൈവായുധമാണ് കോവിഡ് വൈറസ് എന്നെല്ലാമുള്ള ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല. ഇന്ത്യയിൽത്തന്നെ ഇപ്പോഴും കോവിഡ് ഉപവകഭേദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാൽ കാലികപ്രസക്തമായ പ്രമേയംകൂടിയാണ് സമാറ മുന്നോട്ടുവെയ്ക്കുന്നത്.
ഒരു മലയാളചിത്രം തന്നെയാണോ കാണുന്നത് എന്ന സംശയം ഇടയ്ക്കിടെ തോന്നിപ്പിക്കുന്നതിൽ സംവിധായകൻ ചാൾസ് വിജയിച്ചിട്ടുണ്ട്. പറയുന്നത് ആഗോളപ്രാധാന്യമുള്ള വിഷയമായതുകൊണ്ടുതന്നെ മലയാളത്തിന് പുറമേ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും വിദേശഭാഷകളിൽ നിന്നെല്ലാമുള്ള താരങ്ങളെയും പശ്ചാത്തലവും ഉപകഥകളുമെല്ലാം സമാറയിൽ കാണാം. സാങ്കല്പികകഥയാണെങ്കിലും ചരിത്രസംഭവങ്ങളുമായി ഇതിനെ കൂട്ടിയിണക്കാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. പറയുന്ന വിഷയം അമിതമായ ഗ്രാഫിക്സിന്റെ അകമ്പടിയില്ലാതെയാണ് അവതരിപ്പിച്ചിരിക്കുന്നത്. താരങ്ങളെ കഥാപാത്രങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കുന്നതിലും ചാൾസ് സൂക്ഷ്മത പുലർത്തിയിരിക്കുന്നതായി കാണാം.
സ്റ്റൈലിഷ് കുറ്റാന്വേഷകന്റെ വേഷത്തിൽ തിളങ്ങിയിട്ടുണ്ട് റഹ്മാൻ. നാലുവർഷത്തിന് ശേഷം മലയാളത്തിലേക്കുള്ള തന്റെ വരവ് ആഘോഷമാക്കിയിട്ടുണ്ട് അദ്ദേഹം. കണ്ടാൽ തിരിച്ചറിയാനാവാത്ത മേക്ക് ഓവറിലെത്തിയ ബിനോജ് വില്യയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തമിഴ് സംസാരിക്കുന്ന സെന്തിൽ എന്ന പോലീസ് വേഷത്തിൽ ഗോവിന്ദ് കൃഷ്ണ എന്ന മലയാളി നടനാണെത്തിയത് എന്നത് കൗതുകമുള്ള കാര്യമാണ്. ഈ കഥ നടക്കുന്നത് കുളു-മണാലി മേഖലകളിലാണ് എന്നുള്ളിടത്താണ് ഈ കഥാപാത്രത്തിന്റെ വ്യത്യസ്തത അല്പം പാൻ ഇന്ത്യൻ സ്വഭാവത്തിവലേക്ക് വരുന്നത്. രാഹുൽ മാധവ്, ഭരത്, ബോളിവുഡ്താരം മിർ സർവാർ, സഞ്ജന ദിപു, വിവിയാ ശാന്ത് എന്നിവരും കഥാപാത്രങ്ങൾ മികച്ചതാക്കി.
കശ്മീരിന്റെയും ഹിമാലയൻ താഴ് വരകളുടേയും ദൃശ്യങ്ങൾ അത്രയേറെ വിശാലമായാണ് സിനു സിദ്ധാർത്ഥിന്റെ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നത്. ഗോപിസുന്ദറിന്റെ പശ്ചാത്തലസംഗീതം സമാറയിലെ സംഭവവികാസങ്ങളെ കൂടുതൽ നിഗൂഢവുമാക്കുന്നു. മലയാളസിനിമ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു വിഷയം ബിഗ് സ്ക്രീനിൽ കാണാൻ സമാറയ്ക്ക് ടിക്കറ്റെടുക്കാം.
Content Highlights: samara malayalam movie review, samara first review, rahman and charles joseph
Published: 11 Aug 2023, 03:13 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented