
വലിയൊരു പ്രൊഡക്ഷന്‍ കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ നായകനായി തുടക്കം. എന്നാല്‍, ചിത്രം പരാജയപ്പെട്ടതിന് ശേഷം സംഭാഷണങ്ങള്‍ പോലുമില്ലാതിരുന്ന വേഷങ്ങളിലേക്കെത്തുക. സിനിമയെ സംബന്ധിച്ചിടത്തോളം ഒരു നടന്‍ തളര്‍ന്നുപോകാന്‍ ഇതുമാത്രം മതിയായിരുന്നു. പക്ഷേ, ഒരിക്കലും നിരാശനാകാതെ തുടര്‍ച്ചയായി ശ്രമങ്ങള്‍ നടത്തിക്കൊണ്ടേയിരുന്ന കഥയാണ് ഗോവിന്ദ് കൃഷ്ണയ്ക്ക് പറയാനുള്ളത്. തന്നിലെ കലാകാരനെ സ്വയം മിനുക്കിയെടുക്കാനുള്ള നിരന്തരശ്രമങ്ങള്‍ വിജയംകണ്ടതിന്റെ സന്തോഷത്തിലാണ് ഈ യുവകലാകാരന്‍ ഇപ്പോള്‍. ഗോവിന്ദ് ശ്രദ്ധേയമായ വേഷത്തിലെത്തുന്ന സമാറ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. പിന്നാലെ വമ്പന്‍ പ്രോജക്റ്റുകളും എത്തുന്നു. തന്റെ സിനിമായാത്രയേക്കുറിച്ച് ഗോവിന്ദ് കൃഷ്ണ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
ആരാണ് സമാറ? അല്ലെങ്കില്‍ എന്താണ് സമാറ?
പൂര്‍ണമായും മണാലിയിലും കശ്മീരിലും കുറച്ചുഭാഗം ജര്‍മിനിയിലും ഷൂട്ട് ചെയ്ത സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് സമാറ. പൊതുവേ മലയാളത്തില്‍ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സിനിമയായിരിക്കും ഇതെന്നാണ് 'സമാറ'യേക്കുറിച്ച് പറയാനാവുക. വ്യത്യസ്തമായ എല്ലാവര്‍ക്കും ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ത്രില്ലറായിരിക്കും ഇത്. സംവിധായകന്‍ നവാഗതനായ ചാള്‍സ് ആണ്. സിനിമ ചെയ്ത് അത് ആളുകളിലേക്ക് മാര്‍ക്കറ്റ് ചെയ്ത് എത്തിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും കൃത്യമായി അറിയുന്നയാളാണ് അദ്ദേഹം. അതൊരു പുതിയ എക്‌സ്പീരിയന്‍സ് ആയിരുന്നു. കാരണം ഒരു സിനിമയുടെ മേക്കിങ്ങുമായി ബന്ധപ്പെട്ട് ഞാന്‍ ഇത്രയും അടുത്തുനില്‍ക്കുന്നത് ഇതാദ്യമാണ്.
മലയാളി നടന്‍ എന്ന രീതിയിലല്ല 'സമാറ'യിലേക്ക് വിളിച്ചത്
അന്യ എന്ന ഒരു ഹിന്ദി-മറാഠി സിനിമ ചെയ്തിരുന്നു. അതിന്റെ ചിത്രീകരണത്തിനിടെ അവിടെയുള്ള ആര്‍ട്ടിസ്റ്റുകളുമായും കാസ്റ്റിങ് ഏജന്‍സികളുമായും ഞാന്‍ പരിചയപ്പെട്ടിരുന്നു. അവര്‍ വഴിയാണ് എനിക്ക് 'സമാറ'യിലേക്കുള്ള വിളി വരുന്നത്. അതും മലയാളിനടന്‍ എന്ന രീതിയിലല്ല. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ രൂപഭാവമുള്ളവരെയാണ് 'സമാറ'യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാവരും മലയാളത്തിലല്ല സംസാരിക്കുന്നത്. മുംബെയില്‍ നിന്നുള്ള കാസ്റ്റിങ് ഏജന്‍സിയാണ് എന്നെ വിളിക്കുന്നത്. സംവിധായകന്‍ ചാള്‍സുമായി സംസാരിക്കുന്ന സമയത്ത് ഞാന്‍ മലയാളിയാണെന്നോ തൃശ്ശൂര്‍ പൂരം എന്ന ചിത്രത്തില്‍ അഭിനയിച്ചതോ അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഒരിക്കല്‍ 'സമാറ'യുടെ കോസ്റ്റ്യൂമര്‍ എന്നെ വിളിച്ച് സംസാരിച്ചത് ഞാനേതോ ഹിന്ദി നടനാണെന്നുള്ള ധാരണയിലാണ്. അറിയാവുന്ന രീതിയിലൊക്കെ സംസാരം തുടര്‍ന്നപ്പോള്‍ ഇതൊരു മലയാളിയുടെ ഹിന്ദിയാണെന്ന് എനിക്ക് മനസിലായി. മലയാളത്തില്‍ സംസാരിച്ചാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു.
മണാലിയിലെ തമിഴ് സംസാരിക്കുന്ന എ.എസ്.പി.
മണാലിയിലെ എ.എസ്.പിയാണ് എന്റെ കഥാപാത്രം. തമിഴ് സംസാരിക്കുന്നയാളാണ്. വ്യത്യസ്തമായ രൂപമുള്ള ഒരാളെ അവര്‍ തേടിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയാണ് എനിക്ക് നറുക്കുവീണത്. ഐ.പി.എസ്. ഓഫീസറാണ്, മണാലിയിലുള്ളയാളാണ് എന്ന് പറഞ്ഞപ്പോള്‍ ഐ.പി.എസ്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പത്രത്തില്‍ വരുന്ന വാര്‍ത്തകളെല്ലാം ശ്രദ്ധിക്കുമായിരുന്നു. പിന്നെ സംവിധായകന്‍ ചാള്‍സുമായി സംസാരിച്ചിട്ട് എന്താണ് ഈ കഥാപാത്രമെന്ന് ധാരണയുണ്ടാക്കിയിരുന്നു. മീശയുള്ള പോലീസ് ഉദ്യോഗസ്ഥനാണെന്ന ധാരണയിലാണ് അവിടേക്ക് ചെന്നത്. ചാള്‍സിന്റെ തീരുമാനമായിരുന്നു മീശ വേണ്ടെന്നുള്ളത്. സ്ഥിരം ചട്ടക്കൂടുകള്‍ പൊളിച്ചെഴുതുന്ന കുറേ പ്രത്യേകതകളുമായാണ് 'സമാറ'യുടെ വരവ്. അന്തരിച്ച ഗായകന്‍ കെ.കെ. അവസാനമായി പാടിയ പാട്ട് 'സമാറ'യ്ക്കു വേണ്ടിയാണ്. 2014-ലാണ് എന്റെ ആദ്യചിത്രമായ 'ഹാങ് ഓവര്‍' റിലീസാവുന്നത്. ഷൈന്‍ ടോം ചാക്കോ, മക്ബൂല്‍ സല്‍മാന്‍, ഭഗത് മാനുവല്‍ എന്നിവര്‍ക്കൊപ്പം നായകവേഷം തന്നെയായിരുന്നു ആ ചിത്രത്തില്‍. അന്നാണ് പോസ്റ്ററില്‍ എന്റെ പേര് ആദ്യമായി വരുന്നത്. അതിന് ശേഷം ഇപ്പോഴാണ് അങ്ങനെയൊരുകാര്യം സംഭവിക്കുന്നത്.

'ഹാങ് ഓവര്‍' തന്ന പ്രതീക്ഷകള്‍
വര്‍ഷങ്ങളോളം ടെലിവിഷന്‍ അവതാരകനായിരുന്നു. സിനിമാമോഹവുമായി വന്ന് അവതാരകനായ ഒരാളാണ്. ഇടയ്ക്ക് നാടങ്ങള്‍ ചെയ്യുമായിരുന്നു. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്റെ (ഇപ്റ്റ) ഭാഗമായിരുന്നു. ഇതെല്ലാം ചേര്‍ത്ത ഞാന്‍ ഒരു ഷോ റീല്‍ ഉണ്ടാക്കിയിരുന്നു. എ.ഒ.പി.എല്‍ എന്ന കമ്പനിയാണ് 'ഹാങ് ഓവര്‍' നിര്‍മിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ 'സെക്കന്‍ഡ് ഷോ' നിര്‍മിച്ചത് അവരായിരുന്നു. എ.ഒ.പി.എലിന്റെ മാനേജിങ് ഡയറക്ടറായ പ്രശാന്തേട്ടന്റെ നമ്പര്‍ കിട്ടാനിടയായി. മുംബൈയിലാണവരുടെ പ്രവര്‍ത്തനങ്ങള്‍. അദ്ദേഹവുമായി ഫോണില്‍ സംസാരിക്കുകയും പിന്നീട് ഇവിടെ നാട്ടില്‍വെച്ച് കാണാനും സാധിച്ചു. അന്ന് എന്റെ ഷോറീല്‍ അവരെ കാണിക്കുകയും അവര്‍ക്കത് ഇഷ്ടപ്പെടുകയും ചെയ്തു. പിന്നെയും രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് 'ഹാങ് ഓവറി'ലേക്കുള്ള അവസരം ലഭിക്കുന്നത്. വില്ലന്മാരിലൊരാളായാണ് എന്നെ കാസ്റ്റ് ചെയ്തിരുന്നത്. ആ കഥാപാത്രത്തിനുവേണ്ടിയുള്ള എന്റെ തയ്യാറെടുപ്പുകള്‍ കണ്ടതോടെ നിര്‍മാതാവ് എന്നെ നാല് നായകന്മാരില്‍ ഒരാളാക്കുകയായിരുന്നു. സ്വാഭാവികമായും വലിയ പ്രതീക്ഷകളായിരുന്നു. വലിയ നിര്‍മാണക്കമ്പനി, 'സെക്കന്‍ഡ് ഷോ'യ്ക്ക് ശേഷം അവര്‍ നിര്‍മിക്കുന്ന സിനിമ, നായകവേഷം എന്നിവയെല്ലാം അതിന് കാരണമായി.
നായകനായി വന്നെങ്കിലും സംഭാഷണം പോലുമില്ലാത്ത വേഷങ്ങള്‍ ചെയ്തിട്ടുണ്ട്
ഒരു സിനിമയില്‍ നായകനായി അഭിനയിച്ചതിനു ശേഷം ആ സിനിമ വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ സ്വാഭാവികമായും പിന്നീടങ്ങോട്ട് കാര്യങ്ങള്‍ എളുപ്പമാവില്ല. സംവിധായകരെ കാണാന്‍ ചെല്ലുന്ന സമയത്ത് നിങ്ങള്‍ ഒരു സിനിമയില്‍ നായകനായി വന്നതല്ലേ? നിങ്ങള്‍ക്കു പറ്റിയ വേഷം സിനിമയില്‍ ഇല്ല എന്നാണ് അവര്‍ പറയുന്നത്. നമ്മളെ കണ്ടുകൊണ്ടിരിക്കുക എന്നതാണ് സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും ആവശ്യം. അവസരങ്ങള്‍ പതിയെ കുറഞ്ഞുവരും. നായകനോ നായകതുല്യമോ ആയ വേഷങ്ങള്‍ക്കോ ആയിരിക്കും നമ്മള്‍ പ്രതീക്ഷിക്കുക. സഹനടന്‍ വേഷംപോലും നമുക്ക് കിട്ടില്ല. ഇതാണ് സത്യാവസ്ഥ എന്ന് അധികം വൈകാതെ തന്നെ എനിക്ക് മനസിലായി. അതോടെ കിട്ടുന്ന ചെറിയ വേഷങ്ങളായാല്‍പ്പോലും അഭിനയിക്കാന്‍ തുടങ്ങി. ഹരം, നെല്ലിക്ക എന്നീ ചിത്രങ്ങളിലൊക്കെ അങ്ങനെയാണ് അഭിനയിച്ചത്. സംഭാഷണം പോലുമില്ലാത്ത വേഷങ്ങളായിരുന്നു അത്. അവിടെ നിന്നാണ് മിഖായേല്‍ എന്ന ചിത്രത്തിലേക്കെത്തിയത്. അഞ്ച് മിനിറ്റേ ഉള്ളൂവെങ്കിലും ആളുകള്‍ നന്നായി ശ്രദ്ധിച്ച വേഷമായിരുന്നു. അതിന് ശേഷം തൃശ്ശൂര്‍ പൂരം എന്ന ചിത്രം ചെയ്തു. 'മിഖായേലി'ലെ വേഷം ചെയ്തയാളാണ് 'തൃശ്ശൂര്‍ പൂര'ത്തിലെ കഥാപാത്രം ചെയ്തതെന്ന് പെട്ടെന്ന് മനസിലാവില്ല. ഇതു രണ്ടില്‍നിന്നും ഏറെ വ്യത്യസ്തമാണ് 'സമാറ'യിലെ സെന്തില്‍.

നടനാവുക എന്നത് എന്റെ മാത്രം ആവശ്യമാണ്
നായകനായി വന്ന് പിന്നീട് ചെറിയ വേഷങ്ങളിലേക്ക് പോയെങ്കിലും ആളുകളില്‍നിന്ന് കുത്തുവാക്കുകളൊന്നും കേള്‍ക്കേണ്ടിവന്നിട്ടില്ല. നടനാവുക എന്നത് എന്റെ മാത്രം ആവശ്യമാണ്. നന്നായി ആളുകളെ രസിപ്പിക്കുന്ന ഒരാളാണെന്ന് തെളിയിച്ചുകഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്കും ഞാന്‍ ആവശ്യമുള്ള ഒരു ഘടകമായി മാറും. പക്ഷേ, അതുവരെ തെളിയിച്ചു കൊണ്ടേയിരിക്കുകയെന്നത് എന്റെ ഉത്തരാവാദിത്തമാണ്. പിന്നെ ആളുകള്‍ ഓരോരുത്തരും ഓരോ തരത്തിലാണ്. എങ്ങനെ പറയണം എന്നറിയാത്ത ആളുകളുണ്ടാവാം. അതൊന്നും എന്നെ വിഷമിപ്പിച്ചിട്ടില്ല.
നിരാശനായി മാത്രമിരുന്നാല്‍ ജീവിതത്തില്‍ മുന്നേറാന്‍ പറ്റില്ല
ദുഃഖിച്ചിരിക്കുക എന്നൊരു കാര്യം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. എപ്പോഴും സന്തോഷവാനായിട്ടിരിക്കുന്നയാളാണ് ഞാന്‍. സാഹചര്യങ്ങളെ മനസിലാക്കുക എന്നത് മാത്രമേയുള്ളൂ. നിരാശനായി മാത്രമിരുന്നാല്‍ ജീവിതത്തില്‍ ഒട്ടും മുന്നേറാന്‍ പറ്റില്ല. അവസരങ്ങള്‍ എന്നുവരും എന്ന് തിരിച്ചറിയാന്‍ പറ്റില്ല. സിനിമയില്‍ നിലനില്‍ക്കണമെന്നുണ്ടെങ്കില്‍ ശ്രമിച്ചുകൊണ്ടേയിരിക്കുക മാത്രമേ ചെയ്യാനുള്ളൂ. ഏതെങ്കിലും ഒരുസമയത്ത് അത് വരും. 'ഹാങ് ഓവറി'ലൂടെ കരിയര്‍ മാറുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അത് സംഭവിച്ചില്ല, എങ്കില്‍ അടുത്ത കാര്യം എന്ന് കരുതി. ഇതിനിടെ പഠിക്കാനായി ശ്രമിച്ചിട്ടുണ്ട്. ദ ഫ്‌ളോര്‍ എന്ന പേരില്‍ ഒരു ഡാന്‍സ് സ്റ്റുഡിയോ ഉണ്ടായിരുന്നു. ഞാനതിന്റെ ഭാഗമായിരുന്നു. ചെറുപ്പംതൊട്ടേ നൃത്തം ചെയ്യുന്നയാളാണ്. സിനിമയ്ക്കുവേണ്ടി ഞാന്‍ പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവരെ പഠിപ്പിക്കുകയും പഠിച്ചത് മറക്കാതിരിക്കാനുമുള്ള വഴികള്‍ ആലോചിക്കുകയുമൊക്കെ ഇക്കാലയളവില്‍ ചെയ്തു. എന്തെങ്കിലുമൊക്കെ എപ്പോഴും പഠിക്കാനായി ഞാന്‍ ശ്രമിച്ചിരുന്നു. ചെയ്യാനാഗ്രഹിച്ച കാര്യമാണ് ചെയ്തുകൊണ്ടിരുന്നത് എന്നതിനാല്‍ നിരാശയൊന്നും തോന്നിയിട്ടില്ല.
'മിഖായേലി'ലെ വൈറല്‍ ഫൈറ്റ് സീന്‍
'മിഖായേലി'ലെ ഞാനുള്‍പ്പെടുന്ന സംഘട്ടനരംഗം യൂട്യൂബില്‍ ഇപ്പോഴും ആളുകള്‍ വീണ്ടും വീണ്ടും കാണുന്നതില്‍ വളരെ സന്തോഷവാനാണ്. 'മിഖായേലി'ന്റെ ലൊക്കേഷനില്‍ ഞാന്‍ പോയിരുന്നു. വേറൊരു നടനുവേണ്ടി വെച്ചിരുന്ന വേഷമായിരുന്നു അത്. അദ്ദേഹത്തിന് എത്താനാവാത്ത ഒരു സാഹചര്യം വന്നപ്പോള്‍ അത് എന്നിലേക്ക് വരികയായിരുന്നു. എന്നെങ്കിലും ഒരു നടനാവുന്ന സമയത്ത് ഏറ്റവും നന്നായി ചെയ്യണമെന്ന് കരുതി ഞാന്‍ പഠിച്ച ഒരുപാട് കാര്യങ്ങളുണ്ട്. ചെറുപ്പംമുതലേ ഡാന്‍സ് അറിയാം. മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ചിട്ടുണ്ട്. എല്ലാം പഠിച്ചത് സിനിമയ്ക്കു വേണ്ടിയാണ്. 'മിഖായേല്‍' തുടങ്ങിയ സമയത്ത് അതെല്ലാം ആവശ്യം വന്നു. എല്ലാ നടന്മാരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകളാണ് അന്ന് ആദ്യഷോട്ട് എടുത്തുകഴിഞ്ഞപ്പോള്‍ സംവിധായകന്‍ ഹനീഫ് അദേനി എന്നോടുപറഞ്ഞത്. എന്നെ സംബന്ധിച്ചടത്തോളം അത് വലിയ ഒരു കാര്യമാണ്. കാരണം കാലങ്ങളായി ഇങ്ങനെയൊരു വാക്ക് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു.
മറാഠി സിനിമയിലെ അപ്രതീക്ഷിത തുടക്കം
എന്റെ സുഹൃത്ത് സിമ്മി ജോസഫ് ആയിരുന്നു അന്യ എന്ന മറാഠി സിനിമയുടെ സംവിധായകന്‍. സിമ്മി കാലങ്ങളായി ഡല്‍ഹിയിലാണ്. ഒരു സിനിമ ചെയ്യണമെന്ന് ആലോചിച്ചിരുന്നയാളാണ് അദ്ദേഹം. അത് പക്ഷേ വേറൊരു കഥയായിരുന്നു. ജെ.എന്‍.യുവിനെ ഒക്കെ അടിസ്ഥാനമാക്കിയുള്ള ചിത്രമായിരുന്നു അത്. അതില്‍ ഒരു കഥാപാത്രമുണ്ടെന്ന് സിമ്മി എന്നോട് പറഞ്ഞിരുന്നു. ഇതിന്റെ ജോലികളുമായി മുന്നോട്ടുപോവുന്നതിനിടെയാണ് 'അന്യ'യുടെ കഥ കേള്‍ക്കുന്നതും അത് ആദ്യം ചെയ്യാമെന്ന് തീരുമാനിക്കുന്നതും. എന്തെങ്കിലും വേഷമുണ്ടോ എന്ന് സിമ്മിയെ വിളിച്ചപ്പോള്‍ പറ്റിയതൊന്നും ഇല്ല എന്നാണ് പറഞ്ഞത്. എന്തെങ്കിലും മതിയെന്ന് പറഞ്ഞപ്പോള്‍ സിമ്മി ഒരു ചെറിയ കഥാപാത്രത്തേക്കുറിച്ച് പറഞ്ഞു. ഒരാള്‍ വെടിവെക്കുന്നതാണ് രംഗം. ആ രംഗം മൊബൈല്‍ ഫോണില്‍ ആളുകള്‍ കാണുന്നതും വൈറലാവുന്നതുമാണ് സീന്‍. അതുകൊണ്ട് മൊബൈല്‍ സ്‌ക്രീനിലാണ് ആ രംഗം സിനിമയിലുണ്ടാവുക. ഇത് കേട്ടപ്പോള്‍ ഞാന്‍ ഓ.കെ പറഞ്ഞു. അങ്ങനെ ഈ രംഗം ചിത്രീകരിച്ചുകഴിഞ്ഞപ്പോള്‍ സിമ്മിയും പടത്തിന്റെ രണ്ട് അസോസിയേറ്റ് ഡയറക്ടര്‍മാരും വന്നുപറഞ്ഞു ചെയ്തത് നന്നായിട്ടുണ്ട്. കൂടാതെ ഈ ചിത്രത്തിലെ നെഗറ്റീവ് സ്വഭാവമുള്ള എല്ലാ കഥാപാത്രങ്ങളേയും ചേര്‍ത്ത് ഒറ്റ കഥാപാത്രമാക്കുകയാണ്, ഞാനാണ് ആ കഥാപാത്രം ചെയ്യേണ്ടതെന്ന്. അതോടെ സിനിമയില്‍ തുടക്കംമുതല്‍ അവസാനംവരെയുള്ള ഒരു കഥാപാത്രമായി അത്.

കൂടുതല്‍ സമയമെടുത്ത് ചിത്രീകരിക്കുന്ന മറാഠി ചിത്രങ്ങള്‍
കുറച്ചുകൂടി വലിയ ക്യാന്‍വാസാണ് മറാഠി ചിത്രങ്ങളുടേത്. എല്ലാവര്‍ക്കും കാരവാനും വണ്ടികളും. പിന്നെ ഞാന്‍ ചെയ്ത അന്യ എന്ന ചിത്രം സത്യത്തില്‍ ഹിന്ദി-മറാഠി ഹൈബ്രിഡ് ചിത്രമായിരുന്നു. അഭിനേതാക്കളെല്ലാവരും ഹിന്ദിയില്‍ സുപരിചിതരായവരാണ്. അതുല്‍ കുല്‍ക്കര്‍ണി, റെയ്മാ സെന്‍, ഭൂഷണ്‍ പ്രധാന്‍, യശ്പാല്‍ ശര്‍മ അങ്ങനെ. കൂടുതല്‍ സമയമെടുത്താണ് ചിത്രീകരിക്കുക.
ഇതുവരെ കാത്തിരുന്നതിനൊക്കെ ഫലമുണ്ടായി
ഇതുവരെ കാത്തിരുന്നതിനൊക്കെ ഫലമുണ്ടായി. നമ്മളുടെ വളര്‍ച്ച എന്നത് ഘട്ടംഘട്ടമായാണ് സംഭവിക്കാറ്. കിട്ടുന്ന ഓരോ പുതിയ അവസരവും വളരാനുള്ള പുതിയ സാഹചര്യങ്ങളാണ്. ചിലപ്പോള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കില്ല. ഉദ്ദേശിക്കുന്ന രീതിയില്‍ത്തന്നെ കാര്യങ്ങള്‍ നടന്നാല്‍ ഈയൊരു ജോലിക്കുവേണ്ടി വന്നിട്ട് കാര്യമില്ല. കാരണം ഏറ്റവും അപ്രവചനീയമായ സംഭവങ്ങള്‍ നടക്കുന്ന മേഖലയാണ്. ക്ഷമയോടെയും സന്തോഷത്തോടെയുമിരിക്കുക എന്നുമാത്രമേ ചെയ്യാനുള്ളൂ. ഞാന്‍ വളരെ സന്തോഷവാനായി മുന്നോട്ടുപോകുന്ന മനുഷ്യനാണ്. കഴിഞ്ഞ വര്‍ഷത്തേക്കാളും ഇത്തവണ മെച്ചപ്പെട്ടു. കോവിഡ് വന്ന സമയത്ത് മാത്രമാണ് നെഗറ്റീവായത് സംഭവിച്ചിട്ടുള്ളത്. 'മിഖായേലി'നും 'തൃശ്ശൂര്‍ പൂര'ത്തിനും ശേഷം ഒമ്പത് ചിത്രങ്ങള്‍ എനിക്കായി വന്നിരുന്നു. കോവിഡ് വന്നതോടെ രണ്ടു വര്‍ഷത്തിനിടെ അതില്‍ പല ചിത്രങ്ങളും നടക്കാതെവന്നു. അപ്പോള്‍ വീണ്ടും പിന്നോട്ടായി. പക്ഷേ അത് എന്റെ മാത്രം അവസ്ഥയായിരുന്നില്ല. ഇന്‍ഡസ്ട്രി മൊത്തം അങ്ങനെയായിരുന്നല്ലോ.

'കിംഗ് ഓഫ് കൊത്ത'യില്‍ വലിയ പ്രതീക്ഷ
'കിംഗ് ഓഫ് കൊത്ത'യാണ് ഇനി വരാനിരിക്കുന്നതില്‍ പ്രധാനചിത്രം. ഒരു ആരാധകനേ പോലെ വലിയ പ്രതീക്ഷയാണ് 'കൊത്ത'യേക്കുറിച്ചുള്ളത്. ഇന്ത്യ മൊത്തം ഉറ്റുനോക്കുന്ന വലിയ സിനിമയാണത്. വലിയ സ്‌കെയിലില്‍ ചെയ്തിരിക്കുന്ന മെഗ് പ്രോജക്റ്റ് കൂടിയാണ്. ഡബ്ബ് ചെയ്ത് കഴിഞ്ഞപ്പോള്‍ ചില ദൃശ്യങ്ങള്‍ കണ്ടപ്പോളാണ് അതിന്റെ ഗാംഭീര്യം എത്ര മാത്രമുണ്ടെന്ന് മനസിലായത്. ഓഗസ്റ്റില്‍ തുടങ്ങാനായി വലിയൊരു ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 'സമാറ'യേപ്പോലെ തന്നെ പൊതുവേ മലയാളത്തില്‍ കണ്ടിട്ടില്ലാത്ത തരം വിഷയമാണ്.
Content Highlights: actor govind krishna about his film career, samara movie, king of kotha movie
Published: 03 Aug 2023, 01:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented