ഒരു ചെറിയ അബദ്ധം പലപ്പോഴും നമ്മുടെ ജീവിതത്തില്‍ വലിയ നഷ്ടങ്ങള്‍ക്ക് കാരണമായേക്കാം. അവരവരുടെ സന്തോഷത്തിനായി ആരെയും നോവിക്കാതെ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍പ്പോലും യാഥാസ്ഥിതികമായ സമൂഹത്തില്‍ വലിയ പാപമായി തീരും. നമ്മളെ ഉള്‍ക്കൊള്ളുവാന്‍ ഉറ്റവര്‍ക്കുപോലും സാധിക്കാതെ വരും. അങ്ങനെയൊരു അവസ്ഥ ഒരു യുവ അധ്യാപികയുടെ ജീവിതത്തിലൂടെ കാണിച്ചു തരികയാണ് 'സജ്‌നി ഷിന്‍ഡെ കാ വൈറല്‍ വീഡിയോ' എന്ന ചിത്രം. നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തിരിക്കുന്ന ഈ ക്രൈം ഡ്രാമയില്‍ രാധിക മദന്‍, നിമ്രത്ത് കൗര്‍, ഭാഗ്യശ്രീ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിഖില്‍ മുസാലെയാണ് സംവിധായകന്‍.

To advertise here,

സിങ്കപ്പുരില്‍ സുഹൃത്തുക്കളായ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഒരു ഔദ്യോഗിക യാത്രയ്ക്ക് പോയതാണ് അധ്യാപികയായ സജ്‌നി ഷിന്‍ഡെ. സിങ്കപ്പുര്‍ പോലുള്ള ഒരു മഹാനഗരത്തിലെ ഏതാനും ദിവസത്തെ ജീവിതം കടുത്ത യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന സജ്‌നിയെ വല്ലാതെ ആകര്‍ഷിക്കുന്നുണ്ട്. നാട്ടിലേക്ക് തിരികെ വരുന്നതിന്റെ തലേന്ന്  സുഹൃത്തുക്കള്‍ക്കൊപ്പം ഒരു പബ്ബില്‍ സജ്‌നി അവളുടെ പിറന്നാള്‍ ആഘോഷിക്കുന്നു. മദ്യത്തിന്റെ ലഹരിയില്‍  ബാര്‍ കൗണ്ടറിന് മേല്‍ കയറി നൃത്തം ചെയ്യുന്നു. സജ്‌നി നൃത്തം ചെയ്യുന്ന രംഗമെല്ലാം ഒരു സുഹൃത്ത് മൊബൈലില്‍ പകര്‍ത്തുന്നുണ്ട്. എന്നാല്‍ സ്‌കൂള്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയക്കേണ്ടിയിരുന്ന ഔദ്യോഗിക ഫയലുകള്‍ക്കൊപ്പം സജിനിയുടെ നൃത്തരംഗവും അറിയാതെ ആ സുഹൃത്ത് പങ്കുവയ്ക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന കോലാഹലങ്ങളും നാട്ടിലെത്തിയതിന് ശേഷമുള്ള സജ്‌നിയുടെ തിരോധാനവുമാണ് ചിത്രത്തിന്റെ പ്രമേയം.

സജ്‌നിയുടെ തിരോധാനം അന്വേഷിക്കുന്നതിന്റെ ചുമതല നിമ്രത്ത് കൗര്‍ അവതരിപ്പിക്കുന്ന ഇന്‍സ്‌പെക്ടര്‍ ബേല ബറോട്ടാണ്. മറ്റുള്ളവരുടെ കാഴ്ചപ്പാടിലുടെ സജ്‌നിയിലേക്കെത്താന്‍ ഇന്‍സ്‌പെക്ടര്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമയെ കൂടുതല്‍ ത്രില്ലിങ് ആക്കുന്നത്. യാഥാസ്ഥിതികതയും പുരോഗമന ചിന്തയും തമ്മിലുള്ള മല്‍പ്പിടിത്തമാണ് സിനിമയിലുടനീളം. ദുരഭിമാനത്തിന്റെയും കുടുംബ മഹിമയുടേയും പേരില്‍ മക്കള്‍ക്കു മുന്നില്‍ വാതില്‍ക്കൊട്ടിയടക്കുന്ന മാതാപിതാക്കള്‍ക്ക് സ്വയം വിലയിരുത്താന്‍ അവസരം നല്‍കുന്നുവെന്നതാണ് ഈ സിനിമയുടെ പ്രത്യേകത.