അടുത്തകാലത്തായി സിനിമയിൽ ഏറ്റവുമധികം പരീക്ഷണങ്ങൾ നടക്കുന്ന ജോണറാണ് ആക്ഷൻ. താരങ്ങളും അവതരണരീതിയും തുടങ്ങി ഏതെല്ലാം രീതിയിൽ ആക്ഷൻ ചിത്രങ്ങൾ വ്യത്യസ്തമാക്കാം എന്നാണ് സംവിധായകരും തിരക്കഥാകൃത്തുക്കളും നിർമാതാക്കളും ചിന്തിക്കുന്നത്. അങ്ങനെയൊരു ചിത്രമാണ് ജിനു എബ്രഹാമിന്റെ തിരക്കഥയിൽ പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനംചെയ്ത ഖലീഫ. എണ്ണംപറഞ്ഞ സംഘട്ടനങ്ങളും ചെയ്സ് രംഗങ്ങളും പശ്ചാത്തലസംഗീതവും വമ്പൻ ലൊക്കേഷനുകളും നിറച്ചാണ് ഖലീഫ എത്തിയിരിക്കുന്നത്. ആഘോഷിക്കാനും ആർപ്പുവിളിക്കാനും പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന, സീറ്റ് എഡ്ജ് നിമിഷങ്ങളാൽ സമ്പന്നമായ എന്റർടെയ്നറാണ് ഖലീഫ.

To advertise here,

മലയാളികൾക്ക് വാർത്തകളിലൂടെ സുപരിചിതമായ സ്വർണക്കടത്താണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. കോഴിക്കോട് കൊടുവള്ളിയിലെ ഒരു സാധാരണ ചെറുപ്പക്കാരനായ ആമിർ അലി എങ്ങനെ ആ പദ്മവ്യൂഹത്തിൽ എത്തിപ്പെടുന്നുവെന്നാണ് ഖലീഫ ചർച്ച ചെയ്യുന്നത്. ആമിർ അലിയുടെ ജീവിതത്തിലെ പുതിയ തുടക്കവും വീഴ്ചകളും തിരിച്ചുവരവുമാണ് സിനിമയെ സംഘർഷഭരിതമാക്കുന്നത്. ഒരു വാണിജ്യ സിനിമ ആവശ്യപ്പെടുന്ന ചടുലതയോടെയാണ് ചിത്രത്തിന്റെ അവതരണം. സിനിമ തുടങ്ങി അഞ്ച് മിനിറ്റ് കഴിയുമ്പോൾത്തന്നെ ചിത്രം പ്രധാന പ്ലോട്ടിലേക്ക് കടക്കുന്നുണ്ട്. പിന്നെ ഫ്ലാഷ്ബാക്കിലേക്കും വർത്തമാനകാലത്തേക്കും ചിത്രം മാറിമാറി സഞ്ചരിക്കുന്നു. ഇതിന്റെയെല്ലാം ഇടയിൽ കൃത്യമായി ആക്ഷൻരംഗങ്ങളും ഹൈ മൊമെന്റുകളും വരുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകന് തരിമ്പും ബോറടിക്കുകയുമില്ല.

ജിനു എബ്രഹാം എഴുതിയതിൽ ഏറ്റവും കൂടുതൽ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ചിത്രമാണ് ഖലീഫ. തുറന്ന സ്ഥലങ്ങളിലും ഇടുങ്ങിയ സ്ഥലങ്ങളിലും നാടനും വിദേശീയരുമായ വില്ലന്മാർക്കൊപ്പവും ഗംഭീര സംഘട്ടനരംഗങ്ങൾ ചിത്രത്തിലുണ്ട്. യാനിക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവരാണ് അതിനുപിന്നിൽ പ്രവർത്തിച്ചത്. ഇവർക്കൊപ്പം പൃഥ്വിരാജിന്റെ പ്രകടനവും ജേക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതവും ജോമോൻ ടി. ജോണിന്റെ ക്യാമറയും കൂടിയാകുമ്പോൾ ആക്ഷൻ രംഗങ്ങൾ വേറിട്ട അനുഭവമാകുന്നു. പ്രധാനപ്പെട്ടവയ്ക്ക് പുറമേ പശ്ചാത്തലസംഗീതം എന്ന നിലയ്ക്കും ചില ഗാനങ്ങൾ എത്തുന്നുണ്ട്. മാമ്പറയ്ക്കൽ ആമിർ അലി എന്ന നായകന്റെ സ്വാഗിനും സ്റ്റൈലിനും പശ്ചാത്തലസംഗീതമുപയോഗിച്ച് മൂർച്ച കൂട്ടുകയാണ് ജേക്സ് ബിജോയ്. ചമൻ ചാക്കോയുടെ എഡിറ്റിങ്ങും കയ്യടിയർഹിക്കുന്നു.

സ്വർണക്കടത്ത് പശ്ചാത്തലമാക്കി എന്നതിലുപരി അതിനുപിന്നിൽ നടക്കുന്ന ഗൂഢതന്ത്രങ്ങളും കൊടുക്കൽ വാങ്ങലുകളും അതിന്റെ പരിണിതഫലവും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. സ്വർണം ഒരാളെ എങ്ങനെ ഭ്രമിപ്പിക്കുന്നുവെന്നും, അതിന്റെ തിളക്കത്തിനുപിന്നിൽ ഒളിച്ചിരിക്കുന്ന ചതിയുടെ വശവും ഖലീഫ ചർച്ച ചെയ്യുന്നുണ്ട്.

നായകനായ ആമിർ അലിയായെത്തുന്നത് പൃഥ്വിരാജാണ്. പൃഥ്വിരാജിനെ അടുത്തകാലത്തൊന്നും ഇത്ര സ്റ്റൈലിഷായി ആരും അവതരിപ്പിച്ചിട്ടില്ല. ഒന്നിലേറെ ലുക്കിലാണ് അദ്ദേഹം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ആമിർ അലിയുടെ വളർച്ചയും തളർച്ചയും തിരിച്ചുവരവുമെല്ലാം പൃഥ്വിരാജ് അനായാസം കൈകാര്യം ചെയ്തു. ആക്ഷൻ രംഗങ്ങളിലെ പ്രകടനം തിയേറ്ററുകളിൽ കയ്യടി വീഴ്ത്തുന്നുണ്ട്. അലിയുടെ സുഹൃത്ത് സമദ് ആയെത്തിയ സഞ്ജു ശിവ്റാമിന്റെ പ്രകടനവും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. നീൽ നിതിൻ മുകേഷിന്റെ മലയാളത്തിലേക്കുള്ള വരവ് ഗംഭീരമായി. ഷമ്മി തിലകൻ, ശിവജിത്ത് പദ്മനാഭൻ, രഞ്ജി പണിക്കർ, ഇന്ദ്രൻസ്, മോഹിനി, മാളവിക ശർമ എന്നിവരും മികച്ച പ്രകടനംതന്നെ പുറത്തെടുത്തു.

സിനിമ അവസാനിച്ചു എന്നുകരുതുന്നിടത്തുനിന്ന് തിയേറ്ററുകളിൽ വിസ്ഫോടനം സൃഷ്ടിക്കുന്ന ഒരു കാമിയോയെക്കുറിച്ച് പറയാതെ പോകാനാകില്ല. സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിർ അലി ഉള്ളിടത്തെല്ലാം അദൃശ്യ സാന്നിധ്യമായാണ് മാമ്പറയ്ക്കൽ അഹമ്മദാലിയെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ അദൃശ്യതയെ മറനീക്കി ഈ കഥാപാത്രത്തെ നേരിൽ കാണിക്കുന്ന ഒരു രംഗമുണ്ട്. തിയേറ്റർ ഇളകിമറിയാൻ ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുന്ന രംഗങ്ങൾ മാത്രം മതിയായിരുന്നു.

ഗംഭീര സംഘട്ടനരംഗങ്ങളും മാസ് ഡയലോഗുകളുമുള്ള എന്റർടെയ്നർ ചിത്രം ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കുള്ള അസ്സൽ വിരുന്ന് തന്നെയാണ് ഖലീഫ.