എത്രയൊക്കെ തോൽവികളേറ്റാലും ആരൊക്കെ എങ്ങനെയൊക്കെ പരിഹസിച്ചാലും സ്വന്തം കഴിവിൽ വിശ്വസിച്ച് മുന്നേറുകയാണ് വേണ്ടതെന്നും ചിത്രം പറയുന്നു.

ബ്രഹ്മാണ്ഡ ക്യാൻവാസ്, ലാർജർ ദാൻ ലൈഫ് കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും. പിന്നെ പുതിയൊരു സിനിമാറ്റിക് യൂണിവേഴ്സിലേക്കുള്ള ക്ലൈമാക്സ് സൂചനയും. സിനിമയിൽ സയൻസ് ഫിക്ഷൻ ജോണർ എന്ന് കേൾക്കുമ്പോൾ പൊതുവേ എല്ലാവരുടേയും മനസിലേക്ക് വരുന്ന ഒരു ചിത്രമാണിത്. എന്നാൽ ഇതൊന്നുമില്ലാതെ, ഏതൊരാൾക്കും മനസിലാകുന്നതരത്തിൽ, അതീവ രസകരമായും സംഭവബഹുലമായും ഒരുക്കിയ ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ് പ്ലൂട്ടോ. എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിനുശേഷം ആദിത്യൻ ചന്ദ്രശേഖറാണ് ചിത്രം സംവിധാനംചെയ്തിരിക്കുന്നത്. നീരജ് മാധവും അൽത്താഫ് സലിമുമാണ് മുഖ്യവേഷങ്ങളിൽ.
ജീവിതത്തിൽ എന്തൊക്കെ രീതിയിലുള്ള തോൽവികളുണ്ടോ അതെല്ലാം ഏറ്റുവാങ്ങി ഇനിയെന്ത് എന്ന ചോദ്യചിഹ്നവും പേറി നിൽക്കുന്ന ചെറുപ്പക്കാരനാണ് വിക്കി എന്ന വിഘ്നേഷ്. കാമുകിയോട് കടം വാങ്ങി വേണം അയാൾക്ക് ആവശ്യങ്ങൾ നിറവേറ്റാൻ. വിക്കിയുടെ എല്ലാ കാര്യത്തിലും ഒപ്പമുണ്ടാകുന്ന കൂട്ടുകാരനാണ് ജോസ്. ഒരു ഘട്ടത്തിൽ നല്ലൊരു ജോലി കിട്ടി ജോസും കരപറ്റുന്നതോടെ വിക്കിയുടെ ജീവിതം വീണ്ടും ദുർഘടമാകുന്നു. ഈ അവസരത്തിലാണ് അന്യഗ്രഹത്തിൽ നിന്നുള്ള ഒരതിഥി വിക്കിയുടെ ജീവിതത്തിലേക്ക് വരുന്നത്. വിചിത്രമായ പേരുള്ള ഈ അതിഥി കാരണം വിക്കിയുടെ ജീവിതത്തിൽ എന്ത് മാറ്റമാണ് വരുന്നത് എന്നാണ് പ്ലൂട്ടോ എന്ന ചിത്രം പറയുന്നത്.
അന്യഗ്രഹ ജീവി, സയൻസ് ഫിക്ഷൻ എന്നെല്ലാം കേൾക്കുമ്പോളുണ്ടാകുന്ന സങ്കീർണതകളൊന്നുമില്ലാതെയാണ് പ്ലൂട്ടോയുടെ അവതരണം. നായകനായ വിക്കി മുതൽ അന്യഗ്രഹജീവിയേയും കൂട്ടുകാരനേയും വില്ലനെ വരെ കോമിക് സ്വഭാവത്തിലാണ് ടീം പ്ലൂട്ടോ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനകഥാപാത്രമായ അന്യഗ്രഹജീവിക്ക് ഊർജം ലഭിക്കുന്നത് എന്ത് ഉള്ളിൽച്ചെല്ലുമ്പോഴാണെന്നതിനുള്ള കാരണവും അല്പം തമാശനിറഞ്ഞതാണ്. ഓരോ കഥാപാത്രത്തിനും കാരിക്കേച്ചർ സ്വഭാവം കൊണ്ടുവരുന്നതിൽ സംവിധായകൻ ആദിത്യൻ, രചയിതാക്കളായ നിയാസ് മുഹമ്മദ്, നിതിരാജ്, അനന്തു എസ്. രാജ് എന്നിവർ വിജയിച്ചിട്ടുണ്ട്. അശ്ലീലമോ, ദ്വയാർത്ഥമോ ഇല്ലാത്ത തമാശകളും ചിത്രത്തിന്റെ ഹൈലൈറ്റാണ്.
വിക്കി, ഏലിയൻ എന്ന അളിയൻ എന്നീ കഥാപാത്രങ്ങളെ യഥാക്രമം നീരജ് മാധവും അൽത്താഫ് സലീമുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് കഥാപാത്രങ്ങളും ഇല്ലാത്ത ഫ്രെയിമുകൾ നന്നേ കുറവാണെന്നുതന്നെ പറയാം. വിക്കിയും അളിയനും തമ്മിലുള്ള ബന്ധം എങ്ങനെ വളരുന്നു എന്നതാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്ന ഘടകം. ഏലിയനിലൂടെ തന്റെ ജീവിതത്തെ ഏതെങ്കിലുമൊക്കെ രീതിയിൽ മെച്ചപ്പെടുത്താനാവുമോ എന്ന ചിന്തയാണ് നീരജ് അവതരിപ്പിക്കുന്ന വിക്കിക്കുള്ളത്. അതിനുള്ള കാരണം അയാൾ നേരിടുന്ന തോൽവി എന്ന വിളിപ്പേരാണ്. ഇന്നത്തെ കാലത്തെ തൊഴിൽരഹിതനായ ഒരു ചെറുപ്പക്കാരൻ നേരിടുന്ന എല്ലാ പ്രശ്നവും ഉൾക്കൊണ്ടുകൊണ്ടുള്ള പ്രകടനമായിരുന്നു നീരജിന്റേത്. കരിയറിൽ ഇതുവരെ ചെയ്യാത്തതരം കഥാപാത്രം ചെയ്തതിൽ അൽത്താഫിനും കയ്യടി നൽകണം. സിംപിളായ, എന്നാൽ വ്യത്യസ്തമായ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. അജു വർഗീസ്, വിനീത് തട്ടിൽ, ദിനേശ് പ്രഭാകർ, ആർഷ ചാന്ദ്നി, സുബിൻ ടാർസൻ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, വിപിൻ ആറ്റ്ലി എന്നിവരുടെ കഥാപാത്രങ്ങളും കാരിക്കേച്ചർ സ്വഭാവമുള്ളതായിരുന്നു. കൃത്യമായ ഇടങ്ങളിൽ ചിരി വീഴ്ത്താൻ ഈ കഥാപാത്രങ്ങൾക്ക് സാധിക്കുന്നുണ്ട്.
അർക്കാഡോയുടെ സംഗീതവും പശ്ചാത്തലസംഗീതവും ഒന്നിനൊന്ന് മികച്ചുനിന്നു. ഗാനങ്ങളെല്ലാം റാപ് സ്വഭാവമുള്ളവയായിരുന്നു എന്നത് എടുത്തുപറയണം. ഗാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നതും കളർഫുള്ളായിത്തന്നെയാണ്. അവനവന്റെയുള്ളിലെ കഴിവ് തിരിച്ചറിയുന്നതാണ് യഥാർത്ഥ സൂപ്പർ പവറെന്നാണ് ചിത്രം ഊട്ടിയുറപ്പിക്കുന്ന ആശയം. എത്രയൊക്കെ തോൽവികളേറ്റാലും ആരൊക്കെ എങ്ങനെയൊക്കെ പരിഹസിച്ചാലും സ്വന്തം കഴിവിൽ വിശ്വസിച്ച് മുന്നേറുകയാണ് വേണ്ടതെന്നും ചിത്രം പറയുന്നു. തമാശയും ആക്ഷനും പാട്ടും നിറഞ്ഞ, ടെൻഷൻഫ്രീ ആയ ഒരു എന്റർടെയ്നർ കാണാനാഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കിൽ, നിങ്ങൾക്കുള്ളതാണ് പ്ലൂട്ടോ.
Content Highlights: Directed by Adithyan Chandrashekhar and starring Neeraj Madhav alongside Althaf Salim, Pluto is a delightful, family-friendly science fiction comedy that weaves humor, action, and heart without complex sci-fi tropes.
Published: 30 Jul 2026, 02:03 pm IST
ABOUT THE AUTHOR

അഞ്ജയ് ദാസ്. എന്.ടി
anjaydas@mpp.co.inGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented