
എല്ലാ പണിയും എടുക്കേണ്ടിവരുന്ന സേതു, കമൽ ഹാസൻ ചിത്രങ്ങളിൽ മുങ്ങിക്കുളിക്കുന്ന കിടപ്പുരോഗിയായ സഹോദരൻ മധു, കൂട്ടത്തിൽ എളാപ്പൻ നിഴൽ. ഇവരുടെ അൽപ്പം ദുരൂഹമായ ജീവിതത്തിലേക്കാണ് കറിക്കരിയൽ മുതൽ ഇസ്തിരി ഇടുന്ന പണി വരെ ഏറ്റെടുക്കുന്ന ഒരു തോക്ക് ധാരിയായി രാജേന്ദ്രപ്രസാദ് അപ്രതീക്ഷിതമായി കടന്നുവരുന്നത്. അവിടെ തുടങ്ങുന്നു രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ മാജിക്. പതിവ് സിനിമകളിലെ കഥാവികാസമോ നാടകീയതയോ ഒന്നുമല്ല, ടെൻഷനും ഡാർക്ക് ഹ്യൂമറും മനുഷ്യന്റെ നിസ്സഹായതയും ഇഴചേർത്തുവെച്ച തികച്ചും വിചിത്രമായൊരു ലോകമാണ് ഒരു ദുരൂഹ സാഹചര്യത്തിൽ. രതീഷിന്റെ സ്ഥിരം മരുന്നായ മൂർച്ചയുള്ള സംഭാഷണങ്ങളിലൂടെയും തമാശയിലൂടെയും പ്രേക്ഷകരെ വിഷു ദിവസം കയ്യിലെടുത്ത പടം.
ആൻഡ്രോയിഡ് കുഞ്ഞപ്പനിലും ന്നാ താൻ കേസ് കൊടിലും കണ്ടതുപോലെ തന്നെ, ആക്ഷേപഹാസ്യവും റിയലിസവും ചേർത്തുവെച്ച അസാധ്യ മേക്കിങ് സ്റ്റൈൽ സിനിമയിലുടനീളം നിഴലിക്കുന്നുണ്ട്. ക്ലീഷേകളെ പടിക്കുപുറത്തുനിർത്തി കഥാപാത്രങ്ങളുടെ ആഴത്തിനും അവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തിനും മുൻഗണന നൽകുന്ന രീതി സിനിമയെ കൂടുതൽ കരുത്തുള്ളതാക്കുന്നു. മാർക്കോ എന്ന് കഥാപാത്രത്തിനും കൊടുക്കേണ്ടി വരും നൂറ് റേറ്റിങ്. അസാധാരണമായ സാഹചര്യത്തിൽ പെട്ടുപോയ സാധാരണക്കാരന്റെ ഭയവും പരിഭ്രമവും കുഞ്ചാക്കോ ബോബന്റെ സൂക്ഷ്മമായ അഭിനയത്തിൽ ഭദ്രമാണ്. ഭയം എന്ന വികാരത്താൽ നയിക്കപ്പെടുന്ന ഒരു മനുഷ്യന്റെ തീവ്രമായ പ്രതികരണങ്ങളെ ചാക്കോച്ചൻ അത്രമേൽ സ്വാഭാവികമായി അവതരിപ്പിക്കുന്നുണ്ട്.
കുഞ്ചാക്കോ ബോബൻ, സജിൻ ഗോപു, ദിലീഷ് പോത്തൻ എന്നിവരടങ്ങുന്ന ട്രയോ കോംബോ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഓരോരുത്തരും വ്യത്യസ്തമായ ഊർജ്ജമാണ് പ്രതിഫലിപ്പിക്കുന്നത്. സജിൻ ഗോപുവിന്റെ പരുക്കൻ ഭാവങ്ങളും പ്രവചനാതീതമായ ശൈലിയും സിനിമയ്ക്ക് എക്സ്ട്രാ മൈലേജ് നൽകുമ്പോൾ, മിതമായ ചലനങ്ങളിലൂടെ പോലും ദിലീഷ് പോത്തൻ സ്ക്രീനിൽ തന്റെ ആധിപത്യം ഉറപ്പിക്കുന്നു. ഇവർ മൂവരും ഒന്നിക്കുന്ന രംഗങ്ങളിലെ കെമിസ്ട്രി സിനിമയുടെ ആവേശം കൂട്ടുന്നുണ്ട്.
ചിത്രത്തിൽ നിറഞ്ഞാടിയ ദിലീഷ് പോത്തനും ചിദംബരവും സംവിധായകന്റെ കൃത്യമായ തിരഞ്ഞെടുപ്പുകളാണ്.
ആദ്യമായാണ് അഭിനയിക്കുന്നതെന്ന് തോപ്പിക്കാത്ത പ്രകടനമാണ് തണ്ടർബോൾട്ട് ഉദ്യോഗസ്ഥനായി ചിദംബരം കാഴ്ചവച്ചത്. ചൊറിയൻ സ്വയം പ്രഖ്യാപിത പൊതുപ്രവർത്തകനായി സ്റ്റൈലൻ ലുക്കിൽ എത്തുന്ന ജാഫർ ഇടുക്കിയുടെ കോമഡി തിയേറ്ററിൽ വർക്കായെന്ന് തന്നെ പറയേണ്ടി വരും. മോഡേണായ എന്നാൽ അഡ്വാൻസ് അല്ലാതെ സേതുവിന്റെ ടീച്ചറായെത്തിയ നായിക കഥാപാത്രമായ മിനിയിലൂടെ ശരണ്യ നായർ എത്തുന്നു. മിനിറ്റുകൾ മാത്രമാണ് തിരുനെല്ലിയിലെ വീട്ടിലേക്ക് കോമ്പറ്റീഷനായ രാജേഷ് മാധവനെത്തുന്നതെങ്കിലും തിയേറ്ററിൽ ചിരി പകർത്താൻ ആയിട്ടുണ്ട്. കണ്ട് പരിചയില്ലാത്ത വേഷത്തിലാണ് ഡോക്ടറായി സുജീഷും പൂജ മോഹൻരാജും എത്തുന്നത്.
ദിലീഷ് പോത്തന്റെയും കുഞ്ചാക്കോ ബോബൻ്റെയും ബാല്യകാലം അഭിനയിക്കാൻ എത്തിയവരും ക്രൂവിൻ്റെ മികച്ച തിരഞ്ഞെടുപ്പാണ്. ചിത്രത്തിന്റെ ടെൻഷനും തമാശയ്ക്കുമൊപ്പം സഞ്ചരിക്കാൻ ഡോൺ വിൻസന്റിന്റെ സംഗീതത്തിനാകുന്നുണ്ട്. ഉൾനാടൻ ലൊക്കേഷനുകളും മാവോയിസ്റ്റ് പശ്ചാത്തലവുമൊക്കെ തനിമചോരാതെ ഒപ്പിയെടുക്കാൻ കാമറയ്ക്കു പിന്നിലെ അർജുൻ സേതുവിന് സാധിച്ചിട്ടുണ്ട്.
വയനാട് തിരുനെല്ലി പ്രദേശങ്ങൾ മനോജ് കണ്ണോത്തിന്റെ എഡിറ്റങ്ങിലൂടെ കടന്നു പോകുമ്പോൾ ചിത്രത്തിലെ മറ്റൊരു കഥാപാത്രമായിത്തന്നെ മാറുന്നുണ്ട്.
ദുർബലതയ്ക്കും അധികാരത്തിനും ഇടയിൽ എന്തെല്ലാം നിലനിൽക്കുന്നുണ്ടോ അത് തിരുനെല്ലിയിലെ വയനാടൻ യാഥാർഥ്യത്തിൽ കാണിച്ചുതരുന്ന ഒരു രതീഷ് പൊതുവാൾ വിഷു ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തിൽ.
Content Highlights: Masterful blend of dark humor and suspense by Ratheesh Balakrishnan Poduval., Exceptional performances by the lead trio: Kunchacko Boban, Sajin Gopu, and Dileesh Pothan
Published: 15 Apr 2026, 02:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented