
അലസനായ ഒരു വ്യക്തിയുടെ വിദേശജോലി നേടാനുള്ള സ്വപ്‌നങ്ങളുടെ കഥയെന്ന് നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ വെബ് സീരിസിനെ വിശേഷിപ്പിക്കാം. സീരിസ് വലിയ പ്രേക്ഷകശ്രദ്ധ ഇതിനകം നേടിക്കഴിഞ്ഞു.'ഒരു ജീവിതം അഞ്ച് ഭാര്യമാര്‍' എന്നാണ് സീരീസിന്റെ ടാഗ് ലൈന്‍ സീരിസ് പ്രദര്‍ശനത്തിനെത്തും മുന്‍പേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂരാജ് വെഞ്ഞാറമൂടാണ് വെള്ളായണിക്കാരനായ നാഗേന്ദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
1970-കളിലെ കഥയാണ് സീരിസിന്റെ ഇതിവൃത്തം. കാഴ്ചയിലും അഭിനയത്തികവിലും സുരാജിന്റെ എടുത്തപറയേണ്ട കഥാപാത്രം തന്നെയായി നാഗേന്ദ്രനെ വിലയിരുത്താം. നായക വേഷങ്ങളുടെ അതിഭാവുകത്വങ്ങളോ ഏച്ചുകെട്ടലോയില്ലാത്ത ഒരു കഥാപാത്രം അങ്ങനെവേണം നാഗേന്ദ്രനെ വിശേപ്പിക്കുവാന്‍. നോട്ടത്തിലും ശരീരഭാഷയിലും എല്ലാം തികഞ്ഞൊരു നാഗേന്ദ്രനായി കഥയില്‍ സുരാജിന് ജീവിക്കാനായി എന്നതും എടുത്തുപറയേണ്ടതുണ്ട്. സീരിസില്‍ ഉടനീളം ചിരിപ്പിക്കുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്.
നിതിന്‍ രഞ്ജിപണിക്കരാണ് സീരിസിന്റെ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്. വെളളായണിയില്‍ നിന്നുള്ള കഥയുടെ തുടക്കത്തില്‍ത്തന്നെ ഡയലോഗുകള്‍ പോലുമില്ലാതെ നാഗേന്ദ്രന്റെ സ്വഭാവത്തിലെ പ്രത്യേകതകളെ കൃത്യതയോടെ പ്രേക്ഷകരിലെത്തിക്കാന്‍ നിതിന്റെ സംവിധായമികവിന് സാധിച്ചിട്ടുണ്ട്. നാഗേന്ദ്രന്റെ അമ്മയുടെ പ്രകടനവും കൈയ്യടി നേടി. ജീവിതത്തില്‍ ഒന്നിനെക്കുറിച്ചും ലക്ഷ്യബോധമില്ലാതെ പ്രായമായ അമ്മയുടെ വരുമാനത്തില്‍ ജീവിക്കുന്ന ഒരു മകന്‍. ഭക്ഷണത്തിലല്ലാതെ മറ്റൊന്നിലും ആനന്ദം കണ്ടെത്താന്‍ അയാള്‍ക്ക് കഴിയുന്നില്ല.
നാഗേന്ദ്രന്റെ ഉറ്റചങ്ങാതിയായി സ്‌ക്രീനിലെത്തുന്ന പ്രശാന്ത് അലക്‌സാണ്ടറുടെ സോമനെന്ന കഥാപാത്രമാണ് കഥയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്ന മറ്റൊരു കഥാപാത്രം. രസികനും അതിനൊപ്പം കുരുട്ടുബുദ്ധിക്കാരനുമായ സോമനെന്ന കഥാപാത്രം പ്രശാന്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി കണക്കാക്കാം. നാടകക്കാരനും കല്യാണബ്രോക്കറുമൊക്കെയായ സോമനാണ് നാഗേന്ദ്രന്റെ ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നത്. പേര്‍ഷ്യയില്‍ നിന്നെത്തിയ സുഹൃത്തിന്റെ ആഡംബരത്തിലും സമ്പത്തിലും ആകൃഷ്ടനായ നാഗേന്ദ്രന് വിദേശത്ത് പോകാന്‍ മോഹമുണ്ടാകുന്നു.
ഒരു ചായഗ്ലാസ് കഴുകിപ്പോലും പണിയെടുക്കാത്ത അയാള്‍ക്ക് അതിനുള്ള പണമുണ്ടാക്കാന്‍ കഴിയുന്നില്ല. തുടര്‍ന്ന് അമ്മാവന്റെ മകളെ വിവാഹം കഴിച്ച് സ്ത്രീധനം നേടാമെന്ന ചിന്തയില്‍ അയാളെത്തുന്നു. എന്നാല്‍ അതും അയാള്‍ക്ക് തിരിച്ചടിയുണ്ടാകുന്നു. വിവാഹമെന്നതും പണമുണ്ടാക്കാനുള്ള മാര്‍ഗമായി അയാള്‍ കരുതുകയും വീണ്ടും ആള്‍മാറാട്ടത്തിലൂടെ മറ്റൊരു വിവാഹത്തിന് അയാള്‍ ഒരുങ്ങുന്നുകയും ചെയ്യുന്നു. ഇങ്ങനെ തുടര്‍ച്ചയായ അഞ്ചു കല്യാണങ്ങളും അതിനോടനുബന്ധിച്ച രസകരമായ സംഭവങ്ങളുമാണ് കഥയുടെ ഉള്ളടക്കം.
നാടും പേരും മതവുമെല്ലാം മാറിയ നാഗേന്ദ്രന്റെ ജീവിതത്തിലേയ്ക്ക് വരുന്ന 5 സ്ത്രീകളുടെ കൂടെ കഥയാണിത്. മാനസിക വെല്ലുവിളിയുള്ള ലില്ലികുട്ടിയായി സ്‌ക്രീനിലെത്തുന്ന ഗ്രേസ് ആന്റണിയുടെ കഥാപാത്രം വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടുകയുണ്ടായി. ജാതിമരം കുലുക്കുന്നത് പോലെയത്രയും മക്കളെ വേണമെന്നുള്ള അവളുടെ ആഗ്രഹവും തികഞ്ഞ നിഷ്‌കളങ്കതയോടെയാണ് ഗ്രേസ് ആന്റണി അവതരിപ്പിച്ചത്.ലൈംഗികത്തൊഴിലാളിയായ തങ്കമെന്ന കഥാപാത്രമായി കനികുസൃതിയും മികച്ച പ്രകടനം കാഴ്ചവെച്ചു. ഓരോ പെണ്‍കുട്ടിയില്‍ നിന്നും പണം തട്ടുമ്പോഴും മുഴുവനായി അവരെ പറ്റിക്കണമെന്നില്ലാത്ത ഒരു മനസലിവുള്ള നാട്ടുപുറത്തുകാരനേയും നാഗേന്ദ്രനില്‍ കാണാം.
പെട്ടെന്ന് ഊഹിച്ചെടുക്കാവുന്ന ഒരു നാട്ടിന്‍പുറം കഥയില്‍ വളരെ സമര്‍ത്ഥമായാണ് ട്വിസ്റ്റ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലുള്ള ക്ലൈമാക്‌സാണ് സീരിസിന്റെ ഹൈലെറ്റ്. ഒരോ സ്ത്രീയും ഓരോ നാടിന്റേയും കൂടി ജീവിതത്തെ സ്‌ക്രീനിലെത്തിക്കുന്നുണ്ട്.
70- കളിലെ നാട്ടിന്‍പുറം കാഴ്ചകള്‍ മനോഹരമായി ഒപ്പിയെടുക്കാന്‍ നിഖില്‍ എസ് പ്രവീണിന്റെ ക്യാമറയ്ക്കായി.ശ്വേതാ മേനോന്‍, രമേഷ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, ജനാര്‍ദനന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, നിരഞ്ജന അനൂപ്, ആല്‍ഫി പഞ്ഞിക്കാരന്‍, അമ്മു അഭിരാമി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും എടുത്തുപറയേണ്ട റോള്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സീരിസില്‍ മ്യൂസിക്കിന് നല്ലൊരു പ്രാധാന്യം നല്‍കിയിട്ടുള്ളതായും കാണാം. തമാശയും ജീവിതയാഥാര്‍ത്ഥ്യങ്ങളും ഇടകലര്‍ന്ന നാഗേന്ദ്രന്റ ജീവിതകഥ ഒറ്റയിരിപ്പിരിപ്പില്‍ കണ്ടുതീര്‍ക്കാന്‍ കഴിയും.
Content Highlights: nagendrans honyemoon's series review
Published: 24 Jul 2024, 10:08 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented