റ്റൊരാളുടെ വ്യക്തിജീവിതത്തിലേക്കുള്ള കടന്നുകയറ്റം അല്ലെങ്കിൽ ഒളിഞ്ഞുനോട്ടം അത്ര സുഖകരമായ ഒരേർപ്പാടല്ല. സംശയങ്ങളും തെറ്റിദ്ധാരണകളുമെല്ലാം ഈ ഒളിഞ്ഞുനോട്ടത്തിന് കാരണമാണ്. ഈ ഒളിഞ്ഞുനോട്ടം നമുക്കിടയിൽ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അത്തരത്തിലൊരു സംഭവത്തിലേക്കാണ് സംവിധായകൻ വിഷ്ണു നാരായണും കൂട്ടരും നടന്ന സംഭവം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടുമാണ് മുഖ്യവേഷങ്ങളിൽ.

To advertise here,

ഏറ്റവും അടിസ്ഥാനപരമായി പറയുകയാണെങ്കിൽ അജിത്ത്, ഉണ്ണി എന്നിങ്ങനെയുള്ള രണ്ട് അയൽവാസികൾ തമ്മിലുള്ള പ്രശ്നമാണ് നടന്ന സംഭവം. അജിത്തും സുഹൃത്തുക്കളും അല്പസ്വല്പം മദ്യപാനവും ഭാര്യമാരെ താഴ്ത്തിക്കെട്ടുന്ന തമാശകളും പറഞ്ഞ് ജീവിതം മുന്നോട്ടുകൊണ്ടുപോയ്ക്കൊണ്ടിരുന്ന അവസരത്തിലാണ് അവർക്കിടയിലേക്ക് ഉണ്ണിയും കുടുംബവും താമസം മാറിയെത്തുന്നത്. എല്ലാവരോടും പെട്ടന്ന് കയറി അടുക്കുന്ന, എല്ലാവരേയും തന്നിലേക്ക് ആകർഷിക്കുന്ന വ്യക്തിത്വമാണ് ഉണ്ണിയുടേത്. ഉണ്ണിയുടെ ഈ സ്വഭാവം അയാളുടേയും അജിത്തിന്റെയും ജീവിതത്തിലുണ്ടാക്കുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങളാണ് നടന്ന സംഭവത്തെ അതീവ രസാവഹമാക്കുന്നത്.

ഒരാൾ നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങൾ അതുകാണുന്ന മറ്റുചിലർ അതേ രീതിയിലാവണമെന്നില്ല എടുക്കുന്നത്. അത് പിന്നീട് വലിയ സംശയങ്ങളിലേക്കും കലഹങ്ങളിലേക്കും വഴിതെളിക്കും എന്നാണ് ചിത്രം ആത്യന്തികമായി പറഞ്ഞുവെയ്ക്കുന്നത്. ഇവിടത്തെ കാര്യമെടുത്താൽ ഉണ്ണി എന്ന കഥാപാത്രം കോളനിയിലെ മറ്റുസ്ത്രീകളുമായി സ്വതന്ത്രമായും സൗഹാർദപരമായും ഇടപെടുന്നതാണ് ചിലർക്ക് അസഹനീയമായി മാറുന്നത്. ഭാര്യമാരെല്ലാം തങ്ങളുടെ കാൽക്കീഴിൽ കിടക്കുന്നവരാകണമെന്ന ചിന്ത വെച്ചുപുലർത്തുന്നവരാണ് ഇവരെല്ലാം. തങ്ങളെ ഭയന്ന്, തങ്ങൾ വരച്ച വരയ്ക്കപ്പുറം പോകാതിരുന്നവരെല്ലാം ഒരു സുപ്രഭാതത്തിൽ മറ്റൊരാളോട് തുറന്ന് സംസാരിക്കുന്നതുപോലും ആ ഭർത്താക്കന്മാർക്ക് ചിന്തിക്കാൻപോലും ആകാത്തതായിരുന്നു. 

ചിരിയിൽപ്പൊതിഞ്ഞാണ് കാര്യ​മാത്ര പ്രസക്തമായ വിഷയം സംവിധായകൻ വിഷ്ണു നാരായണനും തിരക്കഥാകൃത്ത് രാജേഷ് ​ഗോപിനാഥനും അവതരിപ്പിച്ചിരിക്കുന്നത്. കുറിക്കുകൊള്ളുന്നതായിരുന്നു തമാശകൾ. എങ്കിലും പറയുന്ന വിഷയത്തിന്റെ ​ഗൗരവം അവിടെയും വിട്ടിട്ടില്ല എന്നത് കയ്യടി അർഹിക്കുന്നു. അങ്കിത് മേനോന്റെ പാട്ടും പശ്ചാത്തലസം​ഗീതവും എടുത്തുപറയേണ്ടിയിരിക്കുന്നു. കാണാൻ സുഖവും തലവേദന സമ്മാനിക്കാത്തതുമായിരുന്നു മനേഷ് മാധവന്റെ ഛായാ​ഗ്രഹണം. 

പ്രകടനങ്ങളിലേക്കുവന്നാൽ ഉണ്ണിയേയും അജിത്തിനേയും യഥാക്രമം അവതരിപ്പിച്ച ബിജു മേനോൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരിൽനിന്ന് തുടങ്ങാം. നിഷ്കളങ്കനായ, എല്ലാവരേയും സ്നേഹിക്കുന്ന ഉണ്ണി ബിജു മേനോന്റെ കയ്യിൽ സുരക്ഷിതമായിരുന്നു. കഴിഞ്ഞ ചിത്രമായ തലവനിലെ കർക്കശക്കാരനായ, അല്പം ഈ​ഗോ ഉള്ള പോലീസുകാരന്റെ യാതൊരു ഛായയുമില്ലാത്ത ഉണ്ണിയേട്ടനായി താരം കലക്കിയിട്ടുണ്ട്. സുരാജിന്റെ കരിയറിൽ അദ്ദേഹം ഇതുവരെ ചെയ്തതിൽ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരുന്നു അജിത്ത്. ഭാര്യക്ക് സ്വന്തം ജീവിതത്തിൽ യാതൊരു വിലയും കൽപ്പിക്കാത്ത എന്നാൽ മറ്റുള്ളവർക്കിടയിൽ മിസ്റ്റർ പെർഫെക്ടുമായ അജിത്തിനെ സുരാജ് ​ഗംഭീരമാക്കിയിട്ടുണ്ട്. രണ്ട് നായകന്മാരിൽ അല്പം നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രവും ഇദ്ദേഹംതന്നെ.

കാണുമ്പോൾ ഒറ്റയടി കൊടുക്കാൻ തോന്നുന്ന മഞ്ഞപ്പത്രക്കാരനാണ് സുധി കൊപ്പ അവതരിപ്പിച്ച ലിങ്കൺ. അജിത്തിന്റെ ഭാര്യ ധന്യയായി ലിജോ മോൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ഭർത്താവിൽ നിന്നേൽക്കുന്ന അവ​ഗണനയും കുടുംബജീവിതത്തിലെ സംതൃപ്തിയില്ലായ്മയും പക്വതയോടെതന്നെ അവർ അവതരിപ്പിച്ചു. ഉണ്ണിയുടെ ഭാര്യയായെത്തിയ ശ്രുതി രാമചന്ദ്രന്റെ കഥാപാത്രമാകട്ടെ പുരോ​ഗ​മനപരമായി ചിന്തിക്കുന്നയാളും ഭർത്താവിനൊപ്പം നിൽക്കുന്നവളുമാണ്. ജോണി ആന്റണി, ലാലു അലക്സ് എന്നിവരും ചിരിപ്പിക്കാൻ മുന്നിൽത്തന്നെയുണ്ട്. സമീപകാല ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി സ്ത്രീകഥാപാത്രങ്ങളുടെ നീണ്ട നിര തന്നെ കാണാം നടന്ന സംഭവത്തിൽ. 

സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടങ്ങൾ എത്രമാത്രം അസഹനീയമാണെന്നാണ് ആദ്യന്തം ചിത്രം പറഞ്ഞുവെയ്ക്കുന്നത്. കെട്ടുറപ്പുള്ള തിരക്കഥയും സംവിധാനമികവും താരങ്ങളുടെ പ്രകടനവും എല്ലാം ചേർന്ന് നടന്ന സംഭവത്തെ കാര്യമാത്ര പ്രസക്തവും കയ്യടിയർഹിക്കുന്നൊരു ചിത്രമായി മാറ്റിയിട്ടുണ്ട്.