മദനോത്സവം സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/surajofficialpage
കണക്കുകൂട്ടലുകളുടേയും തന്ത്രങ്ങൾ മെനയുന്നതിന്റേയും നാളുകളാണ് തെരഞ്ഞെടുപ്പുവേളകൾ. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ, അല്ലെങ്കിൽ അങ്ങനെയെന്തെങ്കിലുമൊന്ന് നടക്കുന്നു എന്ന സൂചന കിട്ടുമ്പോൾ മുതൽ ഈ പ്രക്രിയ ആരംഭിക്കുന്നു. പിന്നെ ചർച്ചകളായി, സ്ഥാനാർത്ഥി പ്രഖ്യാപനമായി, പ്രചാരണമായി. ഏത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴും പ്രധാന പാർട്ടികൾക്കെല്ലാം തലവേദനയാണ് അപരന്മാർ. അത്തരമൊരു അപരന്റെ കഥയാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ തിരക്കഥയിൽ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത മദനോത്സവം.
ഇ. സന്തോഷ് കുമാറിന്റെ തങ്കച്ചൻ മഞ്ഞക്കാരൻ എന്ന കൃതിയാണ് മദനോത്സവത്തിന്റെ അടിസ്ഥാനം. രാഷ്ട്രീയ നേതാവായ മദനൻ മഞ്ഞക്കാരന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന മദനൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് മദനോത്സവം. കോഴിക്കുഞ്ഞുങ്ങൾക്ക് ചായംപൂശി വിൽക്കുന്ന ജോലി ചെയ്ത് കുടുംബം പുലർത്തുന്ന മദനന്റെ ജീവിതം അതേ പേരുള്ള രാഷ്ട്രീയ നേതാവിന്റെ ഇടപെടലിനാൽ സംഘർഷഭരിതമാവുകയാണ്. രണ്ട് മദനൻമാർ ഉൾപ്പെടുന്ന കോമഡി-പൊളിറ്റിക്കൽ റൈഡാണ് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ മദനോത്സവം എന്നുപറയാം.
കാസർകോട് ജില്ലയിലെ ബളാൽ എന്ന സ്ഥലമാണ് കഥാപശ്ചാത്തലം. അതുകൊണ്ട് തന്നെ കഥാപാത്രങ്ങളെല്ലാവരും ഇതേ നാട്ടുശൈലിയിലാണ് സംസാരിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ നിറഞ്ഞ് ചിരിക്കാനുള്ള വകയുണ്ട് ചിത്രത്തിൽ. അതൊന്നും പക്ഷേ നമ്മളെല്ലാം ചളി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സംഗതിയല്ല. ഒരുനോട്ടം, മുഖഭാവം, വളരെ ചെറിയ സംഭാഷണം, കഥാപാത്രങ്ങളുടെ പ്രവർത്തി, അവസ്ഥ എന്നിവയിൽ അധിഷ്ഠിതമായിരിക്കുന്നു. മരണവീട്ടിലും എന്തിനേറെ, കത്തിയും ബോബും ഉപയോഗിച്ചുള്ള സംഘർഷഭരിത നിമിഷങ്ങളിലും പ്രേക്ഷകരെ ചിരിപ്പിക്കാൻ അണിയറപ്രവർത്തകർക്ക് സാധിക്കുന്നു എന്നത് ചില്ലറക്കാര്യമല്ല.
നിസ്സഹായതയുടെ ആൾരൂപമാണ് നായകനായ മദനൻ. അതേസമയം അധികാരവും പണവും തീർത്ത കൊഴുപ്പിൽ മദിക്കുന്നയാളും എന്തും ചെയ്യാൻ മടിക്കാത്തയാളുമാണ് മദനൻ മഞ്ഞക്കാരൻ. ആദ്യത്തെ മദനൻ എങ്ങനെ രണ്ടാമത്തെ മദനനുമേൽ ആധിപത്യം സ്ഥാപിക്കുന്നു എന്നുള്ളിടത്താണ് കഥയുടെ കാമ്പിരിക്കുന്നത്. അതിലേക്ക് എത്താൻ മദനനെ സഹായിക്കുന്നത് അയാളുടെ നിസ്സഹായതയും ജീവിതസാഹചര്യങ്ങളുമാണ്. ഇതേ ജീവിതാവസ്ഥകളാണ് ശങ്കരൻ നമ്പൂതിരിയേയും അച്യുതൻ നമ്പൂതിരിയേയും ക്വട്ടേഷൻ ജോലിയിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നതും ആലീസിനെ മദനന്റെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ പ്രേരിപ്പിക്കുന്നതും. ചിത്രത്തിൽ പലയിടങ്ങളിലായി പല കഥാപാത്രങ്ങളും പറയുന്നുണ്ട് എന്തൊരു ആർത്തിയാ തനിക്കെന്ന്. ജീവിതം കരപറ്റിക്കാനുള്ള ആർത്തിയാണ് ഇവരെയെല്ലാം കൂട്ടിയിണക്കുന്ന പൊതുവായ കണ്ണി.
സീരിയസ് വേഷങ്ങളിൽ നിന്നുള്ള സുരാജ് വെഞ്ഞാറമൂടിന്റെ തിരിച്ചുനടത്തമാണ് മദനോത്സവം. കോഴിക്ക് കളറടിക്കുന്ന മദനനായി ആഘോഷിക്കുകയാണ് സുരാജ്. അസാധാരണമായ കയ്യടക്കത്തോടെ മദനനെ ഗംഭീരമാക്കിയിട്ടുണ്ട് അദ്ദേഹം. പതിവുരീതികളിൽ നിന്ന് വ്യത്യസ്തമാണ് ബാബു ആന്റണി അവതരിപ്പിച്ച മദനൻ മഞ്ഞക്കാരൻ. ആക്ഷൻ ഹീറോ ഇമേജെല്ലാം മാറ്റി പ്രേക്ഷകർക്ക് അത്രകണ്ട് പരിചയമില്ലാത്ത കഥാപാത്രമായി അദ്ദേഹം മാറിയിട്ടുണ്ട്. വില്ലത്തരം കാണിക്കുന്നുണ്ടെങ്കിലും ആസ്വാദകരിൽ ചിരി പടർത്താൻ ഈ കഥാപാത്രത്തിനാവുന്നുണ്ട്. ഇദ്ദേഹത്തിന് എന്നെങ്കിലും ഒരു നല്ല കാലം വരണേ എന്ന് തോന്നൽ പ്രേക്ഷകനിലുണ്ടാക്കുംവിധം മദനൻ മഞ്ഞക്കാരനെ ബാബു ആന്റണി മനോഹരമാക്കിയിട്ടുണ്ട്. സുരാജ് അവതരിപ്പിച്ച മദനൻ എന്ന കഥാപാത്രത്തിനൊപ്പം മദനോത്സവത്തെ സജീവമാക്കി നിർത്തുന്ന രണ്ടുപേരുണ്ട്. രാജേഷ് മാധവൻ, രഞ്ജിത് കാങ്കോൽ എന്നിവർ അവതരിപ്പിച്ച ശങ്കരൻ നമ്പൂതിരിയും അച്യുതൻ നമ്പൂതിരിയുമാണ്. ഇല്ലത്തെ മോശം പശ്ചാത്തലമാണ് ക്വട്ടേഷൻ പണിക്കിറങ്ങുന്നതിന്റെ കാരണമെന്ന് തുറന്നുപറയാൻ യാതൊരു മടിയും ഇവർക്കില്ല. എന്നെങ്കിലും തങ്ങൾ രക്ഷപ്പെടുമെന്ന ഇവരുടെ പ്രതീക്ഷയും അതിനനുസരിച്ചുള്ള പ്രവർത്തികളും നിറഞ്ഞചിരിയാണ് തിയേറ്ററിലുണ്ടാക്കുന്നത്.
മോശം ജീവിത സാഹചര്യങ്ങൾക്കിടയിലും തന്റേടം കാണിക്കുന്നവളാണ് ഭാമ അരുൺ അവതരിപ്പിച്ച ആലീസ്. എങ്ങനെ ആളുകളെ പറ്റിക്കാമെന്നും മുതലെടുക്കാമെന്നും ചിന്തിക്കുന്നയാളാണ് പി.പി. കുഞ്ഞിക്കൃഷ്ണൻ അവതരിപ്പിച്ച ചെണ്ടൻ എളേപ്പൻ. രണ്ടടി കൊണ്ടാലും ചിരിച്ചുകൊണ്ട് തന്റെ ഭാഗം സെയ്ഫാക്കുന്ന ചെണ്ടനെ അദ്ദേഹം മനോഹരമാക്കിയിട്ടുണ്ട്. ന്നാ താൻ കേസ് കൊട്-ലെ ജഡ്ജിയെ അവതരിപ്പിച്ചയാൾ തന്നെയാണോ ഈ കള്ളത്തരം കാണിക്കുന്ന കഥാപാത്രം ചെയ്തിരിക്കുന്നത് എന്ന് ഒരുവേള സംശയിക്കുമെന്നുറപ്പ്. സുരാജ് അവതരിപ്പിച്ച മദനന്റെ അമ്മായിയായി എത്തിയ കഥാപാത്രത്തേയും എടുത്തുപറയേണ്ടിയിരിക്കുന്നു. ഏതൊരു നാട്ടിലും കാണാവുന്ന സജീവമായ കഥാപാത്രമായി അവർ. മോഹൻ ആയെത്തിയ സുമേഷ് ചന്ദ്രനും നിഷാദ് പുരുഷനും കയ്യടി നേടുന്നുണ്ട്. ഇതിനെല്ലാത്തിനും പുറമേ നിരവധി സാധാരണക്കാരായവരും കഥാപാത്രങ്ങളായുണ്ട്.
രാഷ്ട്രീയം പശ്ചാത്തലമായി നിരവധി ചിത്രങ്ങൾ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പ്രമേയവും അവതരണവുമായി ഒരു ചിത്രം നടാടെയാണ്. ചെറുതായി ഒന്ന് ശ്രദ്ധമാറിയിരുന്നെങ്കിൽ പാളിപ്പോകാവുന്ന പ്രമേയത്തെ എഴുത്തിലെ കൃത്യതയും സംവിധാനത്തിലെ ചടുലതയും കൊണ്ട് വിജയകരമായി പര്യവസാനിപ്പിച്ചിരിക്കുകയാണ് ടീം മദനോത്സവം. മദനന്മാരുടെ ഈ ഉത്സവത്തിന് ധൈര്യമായി ടിക്കറ്റെടുക്കാം.
Content Highlights: madanolsavam movie review, madanolsavam first review, suraj venjaramood and babu antony
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..