ജീത്തു ജോസഫ് എന്ന് കേൾക്കുമ്പോൾ ത്രില്ലർ എന്നായിരിക്കും ഓരോ സിനിമാ പ്രേമിയും മനസിൽ ഉരുവിടുന്ന വാക്ക് അല്ലെങ്കിൽ ജോണർ. അതുകൊണ്ടുതന്നെ അദ്ദേഹം അവതരിപ്പിക്കുന്ന ദൃഢം എന്ന ചിത്രത്തിനേയും പ്രേക്ഷകർ അല്പം ആകാംക്ഷയോടെതന്നെയാണ് കാത്തിരുന്നതും. ആ കാത്തിരിപ്പ് വെറുതെയായില്ല എന്നുവേണം കരുതാൻ. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവരുടെ തിരക്കഥയിൽ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത് ഷെയ്ൻ നിഗം സംവിധാനം ചെയ്ത ദൃഢം എന്ന ചിത്രം ഒരുങ്ങിയിരിക്കുന്നത് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ്. ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ദൃഢം നിർമിച്ചിരിക്കുന്നത്.

To advertise here,

ഇടുക്കി ജില്ലയിലെ ഒരുൾനാടൻ ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിലേക്ക് എസ്.ഐ ആയി എത്തുകയാണ് വിജയ് രാധാകൃഷ്ണൻ. പോലീസിൽ ജോയിൻ ചെയ്ത് വിജയ്ക്ക് ആദ്യം കിട്ടുന്ന പോസ്റ്റിങ് ഇവിടേക്കാണ്. അതുകൊണ്ട് ആ സ്റ്റേഷനിലെ ഏറ്റവും അനുഭവ സമ്പത്ത് കുറഞ്ഞയാളെന്നും പറയാം. പൊതുവേ ശാന്തമായ കിടന്നിരുന്ന സ്റ്റേഷൻ പരിധിയിൽ വിജയിന്റെ വരവിനുപിന്നാലെ തുടരെത്തുടരെ കുറ്റകൃത്യങ്ങൾ അരങ്ങേറുന്നു. അതിൽ ഒരു കൊലപാതകവും ധനകാര്യ സ്ഥാപനത്തിലെ മോഷണവും ഉൾപ്പെടുന്നു. ഈ സംഭവങ്ങൾക്കുപിന്നിലെ രഹസ്യം തേടി വിജയ് നടത്തുന്ന അന്വേഷണങ്ങളാണ് ചിത്രം പിന്നീട് പറയുന്നത്.

സ്ഥിരം കുറ്റാന്വേഷണചിത്രങ്ങളിൽ കാണുന്നതുപോലെ ആദ്യം ഒരു സംഭവം നടക്കുന്നു, ഇത് ആദ്യം ഒരുദ്യോഗസ്ഥൻ അന്വേഷിക്കുന്നു, ശേഷം യഥാർത്ഥ നായകൻ കേസന്വേഷിച്ച് വിജയകരമായ പരിസമാപ്തിയിൽ എത്തിക്കുന്നു എന്ന പാറ്റേണിൽ നിർമിച്ച ചിത്രമല്ല ദൃഢം. സർവീസിൽ തികച്ചും പുതുമുഖമായ ഒരു യുവ പോലീസ് ഉദ്യോഗസ്ഥൻ എത്രമാത്രം കഠിനാധ്വാനം ചെയ്തിട്ടാണ് തന്റെ ആദ്യത്തെ കേസ് തെളിയിക്കുന്നത് എന്നാണ് ചിത്രം കാട്ടിത്തരുന്നത്. ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥനെ മാറ്റി വേറൊരാളെ കേസന്വേഷിക്കാൻ ഏല്പിക്കുന്ന ക്ലീഷേ ദൃഢത്തിൽ കാണാനാവില്ല. മാത്രമല്ല കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സഹപ്രവർത്തകർ പാടിപ്പുകഴ്ത്തുന്നതും അന്വേഷണത്തിൽനിന്ന് മാറ്റിനിർത്തപ്പെട്ട ഉദ്യോഗസ്ഥന്റെ ഈഗോ ക്ലാഷും ഇവിടെ കാണാനില്ല എന്നത് ശ്രദ്ധേയമാണ്.

ആദ്യഫ്രെയിം മുതൽ സിനിമ കഥയിലേക്ക് കടക്കുന്നുണ്ട്. നായകനായ യുവ പോലീസ് ഉദ്യോഗസ്ഥന്റെയും അയാളുടെ സഹപ്രവർത്തകരുടേയും ലോകം എന്താണെന്ന് ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ പ്രേക്ഷകരിലേക്കെത്തിച്ച് ഉറപ്പിക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. ഒരു കുറ്റകൃത്യം നടന്നശേഷം അതിലേക്ക് പൂർണമായും ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്ന സിനിമയല്ല ദൃഢം. പ്രധാന സംഭവങ്ങളിലേക്ക് പോകുന്നതോടൊപ്പം അത് പോലീസ് സ്റ്റേഷനിൽ വരുന്ന മറ്റുചില കേസുകളിലേക്കും ചിത്രം പ്രേക്ഷകശ്രദ്ധ ക്ഷണിക്കുന്നുണ്ട്. പ്രധാന പ്ലോട്ടിന്റെ പിരിമുറുക്കും ഒട്ടും കുറയാതെയാണ് ഈ ഉപകഥകൾ അവതരിപ്പിച്ചിരിക്കുന്നത് എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു.

എസ്.ഐ വിജയ് രാധാകൃഷ്ണനായെത്തിയിരിക്കുന്നത് ഷെയ്ൻ നിഗമാണ്. തന്റെ രണ്ട് മുൻ പോലീസ് കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് അദ്ദേഹം എസ്.ഐ വിജയ് രാധാകൃഷ്ണനെ അവതരിപ്പിച്ചിരിക്കുന്നത്. സർവീസിൽ കയറി അധികകാലമാകും മുൻപ് തന്നെ വലിയ ഉത്തരവാദിത്തം തലയിൽ എടുക്കേണ്ടിവന്ന എല്ലാ ടെൻഷനും ഈ കഥാപാത്രത്തിനുണ്ട്. പുതിയ വെല്ലുവിളികൾ കണ്മുന്നിൽ കാണുമ്പോൾ ഹീറോയിക് ആകുന്നതിന് പകരം തളരുകയും, നിസ്സഹായനാകുകയും അതിൽനിന്ന് ഉയിർത്തെഴുന്നേൽക്കാൻ ശ്രമിക്കുകയും ചെയ്യുന്ന തികച്ചും സാധാരണക്കാരനാണ് വിജയ്. ഈ കഥാപാത്രം ഷെയ്ൻ നിഗത്തിൽ ഭദ്രമായിരുന്നു.

ഷോബി തിലകൻ, ദിനേഷ് പ്രഭാകർ, നന്ദൻ ഉണ്ണി, കോട്ടയം രമേഷ്, വിനോദ് ബോസ്, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ. ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ എന്നിവരും അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി. പി.എൻ. ഉണ്ണിക്കൃഷ്ണന്റെ ഛായാഗ്രഹണവും ശ്രീരാഗ് സജിയുടെ പശ്ചാത്തലസംഗീതവും ചിത്രത്തിന് മുതൽക്കൂട്ടാണ്. പുതുമയുള്ള പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങൾ കാണാനും ആസ്വദിക്കാനും താത്പര്യമുള്ള പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ദൃഢം.