ഒരുകൂട്ടം കള്ളന്മാർ, അവർക്കൊപ്പം പെരും കള്ളനായ ധാരാവി ദിനേശൻ. വ്യത്യസ്ത വേഷപ്പകർച്ചയിൽ ഹിറ്റ് സംവിധായകൻ ദിലീഷ് പോത്തൻ നായകനായെത്തിയ ചിത്രമാണ് 'മനസാ വാചാ'. നവാ​ഗത സംവിധായകൻ ശ്രീകുമാർ പൊടിയൻ ഒരുക്കിയ ചിത്രം കള്ളന്മാരുടെ കഥയാണ് പറയുന്നത്, പലതരം കള്ളന്മാരുടെ കഥ.

To advertise here,

'നല്ലവനായ' ഒരു കള്ളനാണ് ധാരാവി ദിനേശൻ. മോഷണത്തിന് മുൻപ് പോലീസിനെ വിളിച്ച് പാട്ടുപാടലാണ് ഹോബി. മോഷണമുതൽ റിട്ടയേഡ് ആയ കള്ളന്മാർക്ക് വീതിച്ചുകൊടുക്കുന്ന, കള്ളന്മാർ കൺകണ്ട ദെെവമായി കാണുന്ന പെരുംകള്ളൻ. ധാരാവി ദിനേശനായി ദിലീഷ് പോത്തൻ നിറഞ്ഞാടുകയാണ് ചിത്രത്തിലുടനീളം.

മുംബെെയിലെ ധാരാവിയിൽ നിന്ന് സ്വന്തം നാട്ടിലേയ്ക്ക് ധാരാവി ദിനേശൻ എത്തുന്നതിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. തന്റെ അമ്മയുടെ അവസാനത്തെ ആ​ഗ്രഹം നടത്തിക്കൊടുക്കുകയാണ് ദിനേശന്റെ ലക്ഷ്യം. അമ്മയുടെ ആ​ഗ്രഹ സഫലീകരണത്തിനായി ദിനേശൻ തുനിഞ്ഞിറങ്ങുന്നതോടെയാണ് ചിത്രത്തിന്റെ കഥ പുരോ​ഗമിക്കുന്നത്. പിന്നാലെ ദിനേശനും അന്നാട്ടിലെ മറ്റ് കള്ളന്മാരും ഒക്കെ നടത്തുന്ന സംഭവബഹുലമായ ഏടുകളിലൂടെയാണ് ചിത്രം പുരോ​ഗമിക്കുന്നത്. 

കള്ളന്മാരുടെ കഥയും നർമ്മത്തിൽ ചാലിച്ച രം​ഗങ്ങൾക്കൊപ്പം കു‍ഞ്ഞ് സർപ്രെെസുകളും സംവിധായകൻ കരുതിവെച്ചിട്ടുണ്ട്. എല്ലാ മനുഷ്യരുടേയും മനസ്സിൽ തങ്ങളുടേതായ ചില കള്ളത്തരങ്ങൾ ഒളിച്ചിരുപ്പുണ്ടെന്ന് പറഞ്ഞുവെക്കാനും സംവിധായകന് സാധിച്ചു. 

ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിലും ഗെറ്റപ്പിലുമാണ് ഈ കോമഡി എന്റർടെയിനറിൽ ദിലീഷ് പോത്തൻ എത്തുന്നത്. സായ് കുമാർ, പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പോലീസായി വേഷമിട്ടിരിക്കുന്ന ശ്രീജിത്ത് രവിയും ദൃക്സാക്ഷി ജൂബിച്ചനായി വേഷമിട്ടിരിക്കുന്ന കിരൺ കുമാറും തങ്ങളുടെ കഥാപാത്രം ഭദ്രമാക്കി. 

സുനിൽകുമാർ പി കെയാണ് സം​ഗീതം.ജാസി ​ഗിഫ്റ്റും വിജയ് യേശുദാസും ആലപിച്ച ​ഗാനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാണ്. മജീദ് സയ്ദ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം എൽദോ  ഐസക്ക് നിർവഹിച്ചിരിക്കുന്നു. സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. ഒനീൽ കുറുപ്പാണ് സഹനിർമ്മാതാവ്.