
പ്രേക്ഷകരുടെ മനസിലിടം നേടിയ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ദിലീഷ് പോത്തൻ. നിർമാതാവായും നടനായും ഹിറ്റുകളുടെ ഭാഗമായിക്കൊണ്ടിരിക്കുന്ന ദിലീഷ് പോത്തൻ ഇനിയെത്തുന്നത് കള്ളൻ്റെ വേഷത്തിലാണ്, 'മനസാ വാചാ' എന്ന ശ്രീകുമാർ പൊടിയൻ ചിത്രത്തിലൂടെ.
ഒരുകൂട്ടം സുഹൃത്തുക്കളുടെ പ്രയത്നം കൂടിയാണ് കള്ളന്മാരുടെ കഥ ഈ കോമഡി എൻ്റർടെയിനർ. നടനും മജീഷ്യനും ഡാൻസറുമൊക്കെയായ കിരൺ കുമാർ ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമാവിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുകയാണ് കിരൺ.
സിനിമയ്ക്കായി സുഹൃത്തുക്കളൊരുമിച്ച് തുടങ്ങിയ സംരംഭം
'മനസാ വാചാ' എന്ന ചിത്രത്തിൻ്റെ സംവിധായകൻ ശ്രീകുമാറുമായിട്ട് ഒരുപാട് നാളത്തെ സൗഹൃദമുണ്ട്. ഞങ്ങളൊരുമിച്ച് സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. എൻ്റെ ആദ്യ ചിത്രം സാൻ്റാക്രൂസ് വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇനിയെന്ത് എന്ന ചിന്തയിലിരിക്കുമ്പോഴാണ് തിരക്കഥാകൃത്തായ മജീദ് സെയിദിനെ പരിചയപ്പെടുന്നത്. തിരക്കഥ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു. പിന്നാലെ ഞാനും ശ്രീകുമാറും കൂടിയാലോചിച്ച് സുഹൃത്തുക്കളുമായി ചേർന്ന് സ്റ്റാർട്ട് ആക്ഷൻ കട്ട് എന്ന പ്രൊഡക്ഷൻ ഹൗസ് 2022-ൽ തുടങ്ങി. അവിടെ നിന്നാണ് 'മനസാ വാചാ'യുടെ വർക്കുകൾ ആരംഭിക്കുന്നത്.
കള്ളനായി ദിലീഷ് പോത്തൻ, പ്രധാന സാക്ഷിയായ ജൂബിച്ചൻ
ചിത്രത്തിലെ പ്രധാന കഥാപാത്രമായ ധാരാവി ദിനേഷനായി എത്തുന്നത് ദിലീഷ് പോത്തനാണ്. തിരക്കഥ വായിച്ചപ്പോൾ അദ്ദേഹത്തിന് ഇഷ്ടമാവുകയും ചിത്രത്തിലേയ്ക്ക് എത്തുകയുമായിരുന്നു. ശ്രീകുമാറിന്റെ സുഹൃത്ത് വലയത്തിലുള്ളവരാണ് ചിത്രത്തിൽ ഭൂരിഭാഗവും. ശ്രീജിത്ത് രവിയാണെങ്കിലും പ്രശാന്ത് അലക്സാണ്ടറാണെങ്കിലും ശ്രീകുമാറുമായുള്ള സൗഹൃദം കൊണ്ട് ചിത്രത്തിൻ്റെ ഭാഗമായവരാണ്. ഞങ്ങൾ പുതിയ ആൾക്കാരായതുകൊണ്ട് തന്നെ ടെക്നിക്കലി എക്സ്പീരിയൻസ്ഡ് ആയിട്ടുള്ളവർ ഒപ്പമുണ്ടാകണമെന്നുണ്ടായിരുന്നു. ലിജോ പോൾ ആണ് എഡിറ്റർ, എൽദോ ബി ഐസക്കാണ് ഛായാഗ്രഹണം. ദിലീഷ് ഏട്ടനും ഇപ്പോൾ ഞങ്ങളുടെ സൗഹൃദത്തിൻ്റെ ഭാഗമായി.
ഒരുകൂട്ടം കള്ളന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ശ്രീജിത്ത് രവിയുടെ പോലീസ് കഥാപാത്രം ഉൾപ്പടെ എല്ലാവരിലും കള്ളന്മാരുണ്ട്. കള്ളത്തരത്തിൻ്റെ ഷേഡ് ഉള്ളവരാണ് സിനിമയിൽ കൂടുതലും. പലതരത്തിലുള്ള കള്ളന്മാരെ ചിത്രത്തിൽ കാണാം. ഒരു നാട്ടിൻപുറത്ത് നടക്കുന്ന നുറുങ്ങ് തമാശകളൊക്കെയുള്ള കള്ളൻമാരുടെ കഥയാണ് ചിത്രം. ബോംബെയിൽ നിന്നുള്ള ധാരാവി ദിനേശ് എന്ന കള്ളൻ നാട്ടിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
ജൂബിച്ചൻ എന്ന ഓട്ടോ ഡ്രെെവറുടെ വേഷത്തിലാണ് ഞാൻ ചിത്രത്തിലെത്തുന്നത്. ഓരോ കളവ് നടക്കുമ്പോഴും സാഹചര്യവശാൽ അവിടെയെത്തുകയും സാക്ഷി പറയേണ്ടി വരികയുമൊക്കെ ചെയ്യുന്ന കഥാപാത്രമാണിത്. ധാരാവി ദിനേഷിന്റെയും പോലീസിന്റേയും ഒക്കെ കള്ളത്തരത്തിന് സാക്ഷിയാകേണ്ടി വരുന്നതും ജൂബിച്ചനാണ്. ഒരു കോമഡി എൻ്റർടെയിനറാണ് ചിത്രം.
ദിലീഷ് ഏട്ടനോട് പേടിയോടെയുള്ള ബഹുമാനം
സിനിമയുടെ അവസാനഘട്ടത്തിലാണ് ദിലീഷ് ഏട്ടൻ ചിത്രത്തിലേയ്ക്ക് എത്തുന്നതെന്ന് പറയാം. ഒരുപാട് പേരെ ചിന്തിച്ചതിന് ശേഷം ദിലീഷ് ഏട്ടനിലേയ്ക്ക് എത്തി. സംവിധായകൻ കർണാടയിൽ പോയിട്ടാണ് ദിലീഷ് ഏട്ടന് തിരക്കഥ കൊടുക്കുന്നത്. തിരക്കഥ ഏൽപ്പിച്ച് രണ്ടുദിവസത്തിന് ശേഷം അദ്ദേഹം ചിത്രം ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. ഞങ്ങൾക്കെല്ലാവർക്കും പേടിയോടെയുള്ള ബഹുമാനമായിരുന്നു അദ്ദേഹത്തോട്. അദ്ദേഹം കൂടുതലും ചെയ്തിട്ടുള്ളത് സീരിയസ് കഥാപാത്രങ്ങൾ ആണല്ലോ. അദ്ദേഹം കോമഡി എങ്ങനെ ചെയ്യുമെന്നും പുതിയൊരു സംഘമായ ഞങ്ങളെ ദിലീഷ് ഏട്ടൻ എങ്ങനെ നോക്കിക്കാണുമെന്നും ടെൻഷനുണ്ടായിരുന്നു. പക്ഷേ അദ്ദേഹം ഞങ്ങളെക്കാൾ കൂൾ ആയിരുന്നു. സിനിമയുടെ ഒടുവിലെത്തിയപ്പോൾ അദ്ദേഹം ഞങ്ങളിൽ ഒരാളായി മാറുകയായിരുന്നു.
കൂടുതലും രാത്രിയായിരുന്നു ചിത്രീകരണമൊക്കെ നടന്നത്. ഹിറ്റ് സംവിധായകനാണ് എന്ന ഭാവമൊന്നും ദിലീഷ് ഏട്ടനില്ലായിരുന്നു. ഒരു ബുദ്ധിമുട്ടും പറയാതെ അദ്ദേഹം ഞങ്ങൾക്കൊപ്പം നിന്നു. ഞങ്ങളെന്തെങ്കിലും ചോദിച്ചാൽ അദ്ദേഹം അഭിപ്രായം പറയും. ഒരു ഘട്ടത്തിൽ അദ്ദേഹം ഇത്രയും വലിയ സംവിധായകനാണെന്ന് പോലും ഞങ്ങൾ മറന്നുപോയി. മാർച്ച് എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ആദ്യ ചിത്രത്തിൽ വില്ലൻ, പണ്ടുമുതലേ മനസ്സിൽ കയറിയ അഭിനയമോഹം
സാൻ്റാക്രൂസ് എന്ന ചിത്രത്തിൽ ഒരു വില്ലൻ കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. ഓഡിഷൻ വഴിയാണ് ഞാൻ ചിത്രത്തിൻ്റെ ഭാഗമായത്. ഈ ചിത്രം അധികമാളുകളിലേയ്ക്ക് എത്താത്തതിനാൽ എന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടില്ല.

പണ്ടുമുതലേ മനസിൽ കയറിക്കൂടിയതാണ് അഭിനയം. മോണോ ആക്ടിലൂടെ നിരവധി സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പിന്നീട് കുറെ നാൾ മാജിക്കുമായി നടന്നു. 12 കൊല്ലത്തോളം മാജിക് ഷോകളൊക്കെ അവതരിപ്പിച്ചു. നാടകവും ഡാൻസും ജീവിതത്തിൻ്റെ ഭാഗമായിരുന്നു. ആ സമയം മുതൽ അഭിനയമായിരുന്നു ആഗ്രഹം.
വീട്ടുകാരുടെ നിർബന്ധപ്രകാരം ജോലിതേടി ഹെെദരാബാദിലെത്തി. അവിടെനിന്ന് യു.എസ്സിലെത്തി. കഴിഞ്ഞ 15 വർഷമായി യുഎസ്സിലാണ് താമസം. അപ്പോഴും സിനിമ എന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നു. ഐടി സെക്ടറിലാണ് ജോലി ചെയ്യുന്നത്.
Content Highlights: dileesh pothan movie manasa vacha actor kiron kumar interview
Published: 26 Feb 2024, 02:39 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented