
പനജി: 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ വർണ്ണാഭമായ തുടക്കം. നവംബർ 20 മുതൽ 28 വരെ ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഉദ്ഘാടന ചടങ്ങുകൾ ഇന്നലെ തലേഗാവിലെ ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറി. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തും ഫെസ്റ്റിവൽ ഡയറക്ടറും സംവിധായകനുമായ അശുതോഷ് ഗോവാരിക്കറും ചേർന്ന് ചലച്ചിത്രമേളയ്ക്ക് തിരിതെളിച്ചു.
പിന്നാലെ ഗ്രാമി പുരസ്കാര ജേതാവായ സംഗീതജ്ഞൻ റിക്കി കേജിന്റെ സിംഫണിക് ഓർക്കസ്ട്ര അവതരണവും പ്രത്യേക കലാസാംസ്കാരിക പരിപാടികളും നടന്നു. പ്രസാർ ഭാരതി ചെയർമാൻ പ്രസൂൺ ജോഷി, നടനും എംപിയുമായ രവി കിഷൻ, എൻ.എഫ്.ഡി.സി ചെയർമാൻ ജി. കൃഷ്ണകുമാർ എന്നിവർക്കൊപ്പം സായ് പല്ലവി, കാർത്തിക് ആര്യൻ, ശ്രദ്ധ കപൂർ തുടങ്ങിയ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.
പവൽ പാവ്ലിക്കോവ്സ്കി സംവിധാനം ചെയ്ത ‘ഫാദർലാൻഡ്’ ആയിരുന്നു മേളയിലെ ഉദ്ഘാടന ചിത്രം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ജർമ്മനിയിലൂടെ നൊബേൽ സമ്മാന ജേതാവായ തോമസ് മാനും മകൾ എറിക്കയും നടത്തുന്ന യാത്രയും അന്നത്തെ ചരിത്ര-രാഷ്ട്രീയ പശ്ചാത്തലവുമാണ് ചിത്രത്തിന്റെ പ്രമേയം. അലീന സെർബാൻ സംവിധാനം ചെയ്ത ‘ഐ മാറ്റർ’ ആണ് മിഡ്-ഫെസ്റ്റ് ചിത്രം. ആന്തണി ചെൻ സംവിധാനം ചെയ്ത ‘വീ ആർ ഓൾ സ്ട്രേഞ്ചേഴ്സ്’ നവംബർ 28-ന് സമാപന ചിത്രമായി പ്രദർശിപ്പിക്കും.
സ്പെയിൻ ആണ് മേളയിലെ 'കൺട്രി ഓഫ് ഓണർ', റഷ്യ 'പാർട്നർ കൺട്രി'യും ആണ്. ആനിമേഷൻ, ഫിലിംസ് എബൗട്ട് ഫിലിംസ് എന്നീ പുതിയ വിഭാഗങ്ങളും ഇത്തവണ കൂട്ടിച്ചേർത്തിട്ടുണ്ട്.
തിയാഗോ ഗ്യൂഡെസ് സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ‘അക്വി’ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തും. ഇന്ത്യൻ പനോരമ പ്രദർശനങ്ങൾക്കും മേളയിൽ തുടക്കമാകും. ആദിത്യ ധർ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘ധുരന്ധർ’ ആണ് പനോരമ ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. ലീന യാദവ് സംവിധാനം ചെയ്ത ‘ബിക്കമിങ്’ ആണ് നോൺ-ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം.
ഇന്ത്യൻ സിനിമാചരിത്രത്തിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകരുടെയും കലാകാരന്മാരുടെയും ജന്മശതാബ്ദിയോടനുബന്ധിച്ച് ഈ പതിപ്പിൽ മേള പ്രത്യേക ആദരം അർപ്പിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് പ്രേം നസീറിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ‘തുലാഭാരം’ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനവും മേളയിലുണ്ടാകും. ഇൻ കോൺവർസേഷൻ സെഷനിൽ സമാന്തര സിനിമകളെക്കുറിച്ചും ഇന്ന് കലാ അക്കാദമിയിൽ വെച്ച് നടക്കുന്ന സെഷനിൽ തന്റെ അമ്പത് വർഷത്തെ സിനിമാജീവിതത്തെക്കുറിച്ചും പ്രശസ്ത സംവിധായകൻ ഗിരീഷ് കാസറവള്ളി സംസാരിക്കും.
മാസ്റ്റർക്ലാസുകൾ, വർക്ക്‌ഷോപ്പുകൾ, പ്രത്യേക പ്രദർശനങ്ങൾ, ഇരുപതാം പതിപ്പിലെത്തുന്ന വേവ്സ് ഫിലിം ബസാർ എന്നിവയും മേളയുടെ പ്രധാന ആകർഷണങ്ങളാണ്. ചലച്ചിത്ര പ്രവർത്തകർക്കും സിനിമാ മേഖലയിലെ വിദഗ്ധർക്കും ആശയങ്ങൾ കൈമാറാനും സഹകരണ സാധ്യതകൾ തേടാനുമുള്ള വേദിയായും ഇവ മാറും.
Content Highlights: The 57th International Film Festival of India kicked off in Goa, running from November 20 to 28., Fatherland directed by Pawel Pawlikowski opened the festival., Spain is the Country of Honour and Russia is the Partner Country., Special tributes include Prem Nazir's centenary celebrations with a screening of Thulabharam.
Published: 20 Nov 2026, 09:40 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented