
ജീത്തു ജോസഫ്- മോഹന്‍ലാല്‍- ആശിര്‍വാദ് സിനിമാസ്... കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമാപ്രേമികള്‍ക്ക് ഒരിക്കലും നിരാശ സമ്മാനിക്കാത്ത കൂട്ടുകെട്ടാണിത്. 2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ദൃശ്യത്തില്‍ ആരംഭിച്ച ഈ കൂട്ടുകെട്ടിന്റെ വിജയഗാഥ ഇപ്പോള്‍ ഓടിടി റിലീസായെത്തിയ ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിലെത്തി നില്‍ക്കുന്നു. ദൃശ്യം ആദ്യ ഭാഗവും അതിനേക്കാള്‍ ഉദ്വേഗജനകമായ രണ്ടാം ഭാഗവും പ്രേക്ഷകന് സമ്മാനിച്ച അതേ ആവേശം നിലനിര്‍ത്തി മറ്റൊരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായാണ് ഇത്തവണയും ജീത്തു ജോസഫ് എത്തുന്നത്. ഒരു ഹില്‍സ്റ്റേഷനില്‍ നടക്കുന്ന കൊലപാതകവും അതിനെ ചുറ്റിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ കാതല്‍.
ഒരുമിച്ച് പഠിച്ച ഏഴ് സഹപാഠികളും അവരുടെ ജീവിത പങ്കാളികളുമുള്‍പ്പടെ പതിനൊന്ന് പേരടങ്ങുന്ന ഒരു സുഹൃദ്‌സംഘം. ഇവര്‍ താമസിക്കുന്നതും ഒരേ ഫ്‌ലാറ്റിലെ വിവിധ അപ്പാര്‍ട്ടുമെന്റുകളില്‍. കൂട്ടത്തിലെ അവസാനത്തെ അവിവാഹിതന്റെ ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിക്കാന്‍ ഈ സംഘം ഒരു ഹില്‍ സ്റ്റേഷനിലെ റിസോര്‍ട്ടിലെത്തുന്നു. അവിടെ വച്ചാണ് അവരുടെ ജീവിതത്തിലേക്ക് പന്ത്രണ്ടാമന്റെ കടന്നുവരവ്. പാര്‍ട്ടിക്കിടയില്‍ തമാശയ്ക്കായി തുടങ്ങിയ ഒരു നിസാരഗെയിമില്‍ കൂട്ടത്തില്‍ പലരുടെയും പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീഴുന്നു. തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കങ്ങള്‍ക്ക് പിന്നാലെ സംഭവിച്ച ഒരു ദുരന്തം ഈ സംഘത്തെ ചോദ്യമുനയില്‍ നിര്‍ത്തുന്നു. ഇതുവരെ കണ്ടതോ അറിഞ്ഞതോ ഒന്നുമല്ല തങ്ങള്‍ എന്ന് ഇവര്‍ പരസ്പരം തിരിച്ചറിയുന്നതും ഇതോടെയാണ്.
ജീത്തു ജോസഫിന്റെ മറ്റ് ക്രൈം ത്രില്ലറുകള്‍ പോലെ തന്നെ ട്വിസ്റ്റ് ആണ് സാറേ ഇതിന്റെയും മെയിന്‍. ഓരോരോ രഹസ്യങ്ങളായി ചുരുളഴിയുന്നത് മറ്റ് രഹസ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ടാണെന്നതാണ് ചിത്രത്തെ ഉദ്വേഗജനകമാക്കുന്നത്. പന്ത്രണ്ട് പ്രധാന കഥാപത്രങ്ങള്‍ ഉള്ള, ഒരു ഹില്‍സ്റ്റേഷന്‍ പ്രധാന ലൊക്കേഷനായ, ഒറ്റ ദിവസം നടക്കുന്ന സംഭവങ്ങളിലൂടെ മുന്നോട്ട് പോകുന്ന സിനിമയ്ക്ക് 2 മണിക്കൂര്‍ 45 മിനിറ്റ് ദൈര്‍ഘ്യം ഉണ്ട്. എന്നാല്‍ സസ്പന്‍സുകള്‍ നിറച്ച് ആദ്യാവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. നവാഗതനായ കെ.ആര്‍ കൃഷ്ണകുമാറിന്റേതാണ് ചിത്രത്തിന്റെ കഥ
ചന്ദ്രശേഖര്‍ എന്ന മോഹന്‍ലാലിന്റെ കഥാപാത്രമാണ് ചിത്രത്തിന്റെ നട്ടെല്ല്. സിനിമയുടെ തുടക്കത്തില്‍ പതിനൊന്ന് പേരെയും വെറുപ്പിക്കുന്ന കള്ളുകുടിയനില്‍ നിന്ന് പകുതിയോടെ അവരെ വിറപ്പിക്കുന്ന മോഹന്‍ലാലിന്റെ കഥാപാത്രമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ഉണ്ണി മുകുന്ദന്‍, ലിയോണ, സൈജു കുറുപ്പ്, ചന്തുനാഥ്, പ്രിയങ്ക നായര്‍, അനു സിതാര, അനു മോഹന്‍, അതിഥി രവി, ശിവദ, രാഹുല്‍ മാധവ്, അനുശ്രീ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. എല്ലാവരും തന്നെ തങ്ങളുടെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്.
സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും വി.എസ് വിനായകന്റെ എഡിറ്റിംഗും സിനിമയെ നല്ല രീതിയില്‍ സഹായിക്കുന്നുണ്ട്. കൂടാതെ അനില്‍ ജോണ്‍സണ്‍റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡ് നിലനിര്‍ത്തുന്നു. മലയാള സിനിമയില്‍ അത്രയധികം കണ്ടു പരിചയമില്ലാത്ത ഇന്‍വെസ്റ്റിഗേഷന്‍ രീതിയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ പുതുമയും പ്രേക്ഷകന് ആദ്യാവസാനം ലഭിക്കുന്നുണ്ട്. ദൃശ്യം സീരീസിന് പിന്നാലെ ട്വല്‍ത്ത് മാനിലൂടെ മറ്റൊരു ഹാട്രിക് വിജയം നേടിയിരിക്കുകയാണ് ഈ കൂട്ടുകെട്ടെന്ന് നിസംശയം പറയാം. മോഹന്‍ലാല്‍ ആരാധകര്‍ക്ക് മികച്ചൊരു പിറന്നാള്‍ സമ്മാനം കൂടിയാണ് ട്വല്‍ത്ത് മാന്‍.
Content Highlights: 12th Man (2022) malayalam Movie Review, Mohanlal,Jeethu Joseph, Hotstar, Sivada, anusree
Published: 20 May 2022, 11:15 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented