
മലയാളസിനിമ അതിന്റെ പഴയകാലത്തേക്കുള്ള മടക്കയാത്രയിലേക്കാണ്. നിരവധി ചിത്രങ്ങൾ ഓരോ ആഴ്ചയും തിയേറ്ററുകളിലെത്തുന്നു. ഈയവസരത്തിൽ ഓ.ടി.ടിയിലും തിയേറ്ററുകളിലും തുടർച്ചയായി രണ്ട് ചിത്രങ്ങൾ റിലീസായ സന്തോഷത്തിലാണ് നടി അദിതി രവി. എം. പദ്മകുമാർ സംവിധാനം ചെയ്ത പത്താംവളവിലെ ശ്രദ്ധേയമായ കഥാപാത്രം ജനപ്രീതിയാർജിക്കുന്നതിനിടെയാണ് തൊട്ടടുത്ത വാരം ഹോട്ട്സ്റ്റാറിലൂടെ മോഹൻലാൽ ചിത്രമായ ട്വൽത് മാനും എത്തിയത്. ചിത്രത്തിലെ തന്റെ കഥാപാത്രമായ ആരതിയേക്കുറിച്ചും സിനിമാ സ്വപ്നങ്ങളേക്കുറിച്ചും അദിതി രവി മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
കുഞ്ഞുപടം ചെയ്യാമെന്ന് പറഞ്ഞുവന്ന വിളി
എല്ലാവരും ലോക്ക്ഡൗണിൽ കുടുങ്ങിയിരിക്കുമ്പോഴാണ് 12ത് മാനിലേക്ക് ജിത്തു സർ വിളിച്ചത്. ഒരു കുഞ്ഞുപടം ചെയ്യാമെന്നാണ് ആദ്യം പറഞ്ഞത്. ലാലേട്ടനാണ് ഹീറോ എന്നുപറഞ്ഞപ്പോൾ സന്തോഷമായി. സ്ക്രിപ്റ്റ് വായിക്കൂ എന്നാണ് ആദ്യം പറഞ്ഞത്. ജിത്തു സാറിന്റെ പടത്തിൽ ആദ്യം പ്രണവിന്റെ കൂടെയാണ് വർക്ക് ചെയ്തത്. പിന്നെയാണ് ഇത്രയുംകാലം നമ്മൾ കണ്ടുകൊണ്ടിരുന്ന ഒരാളുടെ കൂടെ വർക്ക് ചെയ്യാൻ അവസരം കിട്ടുന്നത്.

ജിത്തു സാർ തന്ന രണ്ട് ഓപ്ഷനുകൾ
തിരക്കഥയുടെ ചർച്ചയ്ക്കിടെ ആരതി എന്ന കഥാപാത്രവും വേറൊരു കഥാപാത്രവുമായിരുന്നു എനിക്കുള്ള ഓപ്ഷനായി ജിത്തു സാർ പറഞ്ഞിരുന്നത്. എനിക്ക് ആരതി മതി എന്ന് ഞാൻ പറഞ്ഞു. മറ്റേത് ഏത് കഥാപാത്രമായിരുന്നെന്ന് ഞാൻ പറയുന്നില്ല. വളരെയധികം ഇഷ്ടം തോന്നിയ കഥാപാത്രമാണ് ആരതി.

ആദ്യവായനയിൽ കൺഫ്യൂഷനുണ്ടാക്കിയ തിരക്കഥ
12ത് മാന്റെ തിരക്കഥ വായിക്കുന്ന സമയത്ത് ചെറിയ ആശയക്കുഴപ്പം തോന്നിയിരുന്നു. പിന്നെ കുറേ കഥാപാത്രങ്ങൾ ഉള്ളതുകൊണ്ട് അവരുടെ പേരൊക്കെ പിടികിട്ടിവരാൻ കുറച്ച് സമയമെടുത്തു. പക്ഷേ പിന്നീട് ഓരോ സീനും ആവർത്തിച്ച് വായിക്കുമ്പോൾ കാര്യം മനസിലായി. ആദ്യത്തെ വായനയിലുണ്ടായ കൺഫ്യൂഷൻ സൃഷ്ടിക്കുക എന്നത് തന്നെയാണ് സിനിമയുടെ ഉദ്ദേശവും.

ഒരു വണ്ടി നിറയെ കുരിശുകളുമായി ജിത്തു സാർ
എത്രയോ സിനിമകൾ ചെയ്തിട്ടുള്ളവരാണ്. കൂടെ അഭിനയിക്കുന്നത് വലുതോ ചെറുതോ പുതിയ ആളുകളാണോ എന്നുള്ള വ്യത്യാസമൊന്നുമില്ലാതെ എല്ലാവരേയും ഒരുപോലെ ബഹുമാനിക്കുന്നയാളാണ് ലാലേട്ടൻ. പിന്നെ സെറ്റിൽ ലാലേട്ടനേയും ജിത്തു സാറിനേയും മാറ്റി നിർത്തിയാൽ ബാക്കി ഞങ്ങൾ 11 പേരുണ്ട്. മാന്നാർ മത്തായി സ്പീക്കിങ്ങിൽ ഇന്നസെന്റേട്ടന്റെ കഥാപാത്രത്തെപ്പോലെ ഒരു വണ്ടി കുരിശ് ചുമക്കുന്ന പോലെയായിരുന്നു ജിത്തു സാറിന്റെ അവസ്ഥ.

സിനിമ സീരിയസ്, ക്യാമറയ്ക്ക് പിന്നിൽ അടിച്ചുപൊളി
ഓരോരുത്തരും അവരവരുടെ കാര്യം നോക്കി മാറിയിരിക്കുകയായിരുന്നില്ല സെറ്റിൽ. എല്ലാവരും ഒരുമിച്ചിരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തു. ഞങ്ങളെല്ലാവരും ഒരു ടീം പോലെയായിരുന്നു. എനിക്ക് തോന്നുന്നത് ജിത്തുസാറിന്റെ ക്വാളിറ്റിയാണ് അതെന്നാണ്. എല്ലാവരേയും ഒരുപോലെയാണ് അദ്ദേഹം കാണുന്നത്. സംഭവം സിനിമ വളരെ സീരിയസാണെങ്കിലും ക്യാമറയ്ക്ക് പിന്നിൽ വളരെ രസമായിരുന്നു.
എനിക്ക് കിട്ടുന്ന പണി വൃത്തിക്ക് ചെയ്യട്ടെ
ഹ്രസ്വചിത്രങ്ങൾക്കും ആൽബങ്ങൾക്കുമൊന്നും വേണ്ടി പ്രത്യേകം സമയം കണ്ടെത്തുന്നതൊന്നുമല്ല. സത്യം പറഞ്ഞാൽ ആ സമയത്ത് കാര്യമായി പ്രോജക്റ്റുകളൊന്നും വന്നിട്ടുണ്ടായിരുന്നില്ല. കുട്ടനാടൻ മാർപ്പാപ്പ കഴിഞ്ഞ് വെറുതേയിരിക്കുകയായിരുന്നു. സിനിമയില്ലെങ്കിൽ എനിക്കൊരു ടീമുണ്ടെങ്കിൽ ഷോർട്ട് ഫിലിം ചെയ്യാനും ഞാൻ തയ്യാറാണ്. എനിക്ക് കിട്ടുന്ന പണി വൃത്തിക്ക് ചെയ്യട്ടെ എന്ന് വിചാരിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് തിരക്കഥാ രചനയിലേക്കൊന്നും കടക്കുന്നില്ല.

തമിഴിലേക്ക് ഇപ്പോഴില്ല
ഇത് എന്ന മായത്തിൽ അത്ര വലിയ റോളൊന്നും ആയിരുന്നില്ല. പക്ഷേ നല്ലൊരു ടീമായിരുന്നു അത്. പിന്നെ തമിഴിലേക്ക് അത്ര ശ്രദ്ധ കൊടുത്തില്ല. കാരണം മലയാളത്തിൽ അത്രയ്ക്കൊന്നും ഞാൻ കഴിവ് തെളിയിച്ചിട്ടില്ല. ഇവിടെ കഴിവ് പ്രകടിപ്പിച്ചിട്ട് പോരേ തമിഴിൽ പോവുന്നത് എന്നൊരു ചിന്ത പണ്ടേയുണ്ട്. ഞാനൊരു മലയാളിയാണ്. കുഞ്ഞിലേ തൊട്ട് കണ്ടുവളർന്നത് മലയാളസിനിമകളാണ്. അതുകൊണ്ട് ഇവിടെ എന്തെങ്കിലും ചെയ്തിട്ട് തമിഴ് ചെയ്യണമെന്നാണ് ആഗ്രഹം.
Content Highlights: Actress Aditi Ravi Interview, 12th Man Movie, Mohanlal, Jeethu Joseph
Published: 26 May 2022, 10:21 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented