ലയാളിപ്രേക്ഷകർക്ക് 'വെള്ളിത്തിര' എന്ന സിനിമാ വാട്സ്ആപ്പ് കൂട്ടായ്മയുടെ വേറിട്ട ഒരു വിഷുക്കൈനീട്ടം! വിഷുദിനത്തിൽ നീസ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലൂടെ എത്തിയ കാക്ക (Crow) എന്ന ഹ്രസ്വചിത്രം പ്രമേയം കൊണ്ടും അവതരണംകൊണ്ടും പ്രേക്ഷകശ്രദ്ധ നേടുന്നു. പഞ്ചമി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. കറുപ്പ് നിറമായതിന്റെ പേരിൽ വിവാഹാലോചനകൾ മുടങ്ങുകയും വീട്ടുകാരിൽനിന്നും മറ്റും പലതരത്തിലുള്ള അവഗണനകൾ നേരിടുകയും ചെയ്യുന്ന പഞ്ചമി ഒരു സന്ദർഭത്തിൽ തന്റെ കുറവിനെ വളരെ പോസിറ്റീവായി എടുക്കുകയും അതിനെ സധൈര്യം നേരിടുകയും ചെയ്യുന്നിടത്താണ് ചിത്രത്തിന്റെ പ്രസക്തി ഏറെ വർദ്ധിക്കുന്നതും കൈയ്യടി നേടുന്നതും.

ഓരോ മനുഷ്യരുടേയും കുറവുകളെ എങ്ങനെയെല്ലാമാണ് ചുറ്റുമുള്ളവർ നോക്കിക്കാണുന്നതെന്നും ആ കുറവിനെ എങ്ങനെ സധൈര്യം നേരിടാം എന്നുമൊക്കെ കാണിച്ചുതരികയാണ് കാക്ക. 30 മിനിറ്റുള്ള ഹ്രസ്വചിത്രം കാലികപ്രസക്തിയുള്ള ഒരു വിഷയത്തെ വളരെ കൈയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. നിറത്തിന്റെയും ശാരീരികവൈകല്യങ്ങളുടേയും പേരിൽ പലരും ഈ കാലത്തും പരിഹസിക്കപ്പെടുകയും മാറ്റിനിർത്തപ്പെടുകയും ചെയ്യുന്നുണ്ടെന്ന യാഥാർഥ്യത്തെ അവതരിപ്പിക്കുന്നതിനൊപ്പം അവരും മനുഷ്യരാണ്, പരിഹസിച്ച് മാറ്റി നിർത്തേണ്ടവരല്ല എന്ന സന്ദേശം കൂടി പകരുകയാണ് ഈ ഹ്രസ്വചിത്രം. സ്ത്രീകഥാപാത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനൊപ്പം കൊവിഡ് സാഹചര്യങ്ങൾ സൃഷ്ടിച്ച പ്രശ്നങ്ങളെയും ചിത്രം സ്പർശിക്കുന്നുണ്ട്.

സൈക്കോ, കുന്നിക്കുരു, ബ്രാ തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ അജു അജീഷ് ആണ് 'കാക്ക'യുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രമേയത്തിന്റെ പ്രസക്തിയെ ഉൾക്കൊണ്ട് ആവിഷ്കാരത്തിലും കഥാപാത്രസന്നിവേശത്തിലും ഏറെ വ്യത്യസ്തത സമ്മാനിക്കാൻ സംവിധായകൻ ശ്രമിച്ചിരിക്കുന്നു. കലാമൂല്യമുള്ള മികച്ച ഒരു ചിത്രം തന്നെയാണ് അജു മലയാളത്തിന് സമ്മാനിച്ചിരിക്കുന്നതെന്നതിൽ സംശയമില്ല. ലക്ഷ്മിക സജീവൻ, സതീഷ് അമ്പാടി, ശ്രീല നല്ലെടം, ഗംഗ സുരേന്ദ്രൻ, വിപിൻ നീൽ, ദേവാസൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങളിലെത്തിയത്.

ഓരോരുത്തരും തങ്ങളുടെ വേഷങ്ങൾ വളരെ സ്വാഭാവികമായി അവതരിപ്പിച്ച് ഫലിപ്പിക്കുന്നു. പ്രമേയത്തിൽ ഊന്നിക്കൊണ്ടുള്ള ഓരോ അഭിനേതാക്കളുടെയും പ്രകടനം ഏറെ പ്രശംസ നേടുന്നതുതന്നെ! ടോണി ലോയിഡ് അരൂജയുടെ ഛായാഗ്രഹണവും പ്രദീപ് ബാബുവിന്റെ സംഗീതവും സിനിമയുടെ കഥാഗതിക്കൊപ്പം യോജിച്ചുനിൽക്കുന്നു. മനുഷ്യർ വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് മാറാത്ത ചില കാര്യങ്ങൾ അവനൊപ്പമുണ്ടെന്നും അവയെ തുടച്ചുമാറ്റുകയാണ് പ്രധാനമെന്നും പറഞ്ഞുവെക്കുന്നു കാക്ക. കാലികപ്രസക്തിയുള്ള ഒരു വിഷയത്തെ വീണ്ടും മുഖ്യധാരയിലേക്കെത്തിച്ചതിൽ തീർച്ചയായും പ്രശംസയർഹിക്കുന്നു ഈ ഹ്രസ്വചിത്രം.

Content highlights :malayalam short film kakka review presenting discrimination on skin colour