കോഴിയും കോഴിമുട്ടയുമൊക്കെ മുന്‍പും മലയാള സിനിമയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും അല്പം വ്യത്യസ്തമാണ് ഗാഗുല്‍ത്താ ലെയിനിലെ മേരിയുടെ വീട്ടിലെ കോഴി ഉണ്ടാക്കുന്ന പോര്. സ്നേഹസമ്പന്നരും അയല്‍ക്കാരുമായ മേരിയുടെയും ബീനയുടെയും ഇടയില്‍ ഒരു കോഴിമുട്ടയുണ്ടാക്കുന്ന പ്രശ്നങ്ങളാണ് കോഴിപ്പോരിലൂടെ തീയേറ്റുകളിലെത്തിയിരിക്കുന്നത്. നവാഗത സംവിധായകരായ ജിനോയ് ജിബിറ്റ് ആണ്‌ 'കോഴിപ്പോര്' അണിയിച്ചൊരുക്കിയിരിക്കുന്നത്. 

To advertise here,

നവാഗതനായ നവജിത് നാരായണന്‍, കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ എത്തിയ വീണ നന്ദകുമാര്‍, ഇന്ദ്രന്‍സ്, പൗളി വില്‍സണ്‍, ജോളി ചിറയത്ത്, പ്രവീണ്‍ കമ്മട്ടിപ്പാടം, സംവിധായകരായ ജിബിറ്റ് ജോര്‍ജ്, ജിനോയ് ജനാര്‍ദ്ദനന്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

പകുതി പൊളിഞ്ഞ മതിലിലൂടെയുള്ള അയല്‍പക്ക സന്ദര്‍ശനവും കറികളും മറ്റ് സാധനങ്ങളുമെല്ലാമുള്ള കൈമാറലും അയല്‍ക്കൂട്ടവുമെല്ലാം പൗളി വില്‍സണും ജോളി ചിറയത്തും വളരെ രസകരമായി അവതരിപ്പിക്കുന്നുണ്ട്. അയല്‍പക്കത്തെ വീടുകളിലെ കുട്ടികള്‍ തമ്മിലുള്ള സൗഹൃദവും പ്രണയവുമെല്ലാം ഒരിക്കല്‍ക്കൂടി നാട്ടിന്‍പുറത്തെ സാധാരണ കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ട് പോവുകയാണ്. 

ജിബിറ്റ് ജോര്‍ജിന്റെ കഥയ്ക്ക് ജിനോയ് ജനാര്‍ദ്ദനന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചിയും കിടങ്ങൂരുമെല്ലാം മികച്ച ഫ്രെയിമുകളിലാക്കിയാണ് ഛായാഗ്രാഹകന്‍ രാഗേഷ് അവതരിപ്പിച്ചിരിക്കുന്നത്. ബിജിബാലിന്റെ സംഗീതവും അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗും ചിത്രത്തിന്റെ മുതല്‍ക്കൂട്ടാണ്. വലിയ ട്വിസ്റ്റുകളോ ഞെട്ടിപ്പിക്കലുകളോ ഒന്നുമില്ലെങ്കിലും ഒന്നര മണിക്കൂര്‍ ആസ്വദിച്ച് കണ്ടിരിക്കാവുന്ന ചിത്രമാണ് കോഴിപ്പോര്. ജെ പിക് മൂവീസിന്റെ ബാനറില്‍ വി ജി ജയകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Content Highlights : Gagulthayile kozhipporu malayalam movie review