പത്തനംതിട്ട: വി.എന്‍. ഗോപിനാഥ പിള്ളയെന്ന അസാധാരണ പരിസ്ഥിതി പ്രവര്‍ത്തകന്റെ ജീവിതം പറയുന്ന ഡോക്യൂമെന്ററി-'നാല്‍പത്തഞ്ചാമത്തെ നദി' ഒ.ടി.ടി. പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. മുപ്പത് മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ റൂട്‌സ് വീഡിയോയിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ജൂണ്‍ 27-നാണ് റിലീസ്. മാധ്യമപ്രവര്‍ത്തകനായ ജി. രാഗേഷാണ് സംവിധാനം. 

പത്തനംതിട്ട കോട്ടാങ്ങല്‍ സ്വദേശിയാണ് ഗോപിനാഥ പിള്ള. മണിമലയാറ്റിലെ അനധികൃത മണല്‍ വാരല്‍ ചോദ്യം ചെയ്തുകൊണ്ട് 1985-ലാണ് അദ്ദേഹം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പിന്നീട് കേരളത്തിലങ്ങോളമിങ്ങോളം നിരവധി പരിസ്ഥിതി വിഷയങ്ങളില്‍ ഇടപെട്ടു. സ്വന്തം നാട്ടിലെ മണിമലയാറിന്റെയും പൊന്തന്‍പുഴ വനത്തിന്റെയും സംരക്ഷണങ്ങള്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ചെമ്പന്മുടി പാറമട, ആറന്മുള വിമാനത്താവള പദ്ധതി, മീനച്ചിലാര്‍ സംരക്ഷണം, ഊര്‍ങ്ങാട്ടേരി പാറമട എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി അദ്ദേഹം സജീവമായി ഇടപെട്ടു വരുന്നു. കേരള നദീ സംരക്ഷണ സമിതിയുടെ ഉപാധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്. 

പരിസ്ഥിതി സംരക്ഷണത്തിനായി ഭരണഘടനയെയും നിയമവ്യവസ്ഥയെയും ഉപയോഗിച്ചുകൊണ്ട് കോടതി മുഖാന്തിരം നടത്തുന്ന ഇടപെടലുകളാണ് ഗോപിനാഥപിള്ളയെ വ്യത്യസ്തനാക്കുന്നത്. ഇദ്ദേഹത്തിന്റെ നിയമപോരാട്ടമാണ് കേരളത്തില്‍ ആദ്യമായി നദീസംരക്ഷണത്തിനായി നിയമമുണ്ടാകുന്നതിന് വഴി തെളിച്ചത്. വിവിധ കാലങ്ങളില്‍ ഗോപിനാഥ പിള്ളയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ അദ്ദേഹത്തിന്റെ ജീവിതം പറയുകയാണ് ഡോക്യുമെന്ററിയില്‍. 

'പരിസ്ഥിതിയെന്നാല്‍ മനുഷ്യന് ശുദ്ധവായുവും വെള്ളവും കിട്ടണം. അതിനാവശ്യമായവ വരും തലമുറക്ക് കൂടി കരുതി വെക്കണം.' ഇതാണ് താന്‍ മനസിലാക്കുന്നതെന്ന് പറയുന്നിടത്ത് ഗോപിനാഥ പിള്ള തന്റെ നിലപാട് വ്യക്തമാക്കുന്നു. 

പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവയ്ക്ക് പരിഹാരം കാണുകയും ചെയ്യുന്ന ഒരുപാട് ആക്ടിവിസ്റ്റുകളില്‍നിന്നും ഗോപിനാഥ പിള്ളയെ വേറിട്ട് നിര്‍ത്തുന്നത് സര്‍ക്കാരിന്റെ നയരൂപീകരണ തലത്തില്‍ അദ്ദേഹം നടത്തുന്ന ഇടപെടലുകളാണെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ ഡോക്യുമെന്ററിയില്‍ പറയുന്നു.  

ഹൈക്കോടതി അഭിഭാഷകനായ അബ്ദുല്‍ ലത്തീഫ്, പരിസ്ഥിതി പ്രവര്‍ത്തകരായ ജെയിംസ് കണ്ണിമല, ഡോ. രാമചന്ദ്രന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ രാധാകൃഷ്ണന്‍ കുറ്റൂര്‍, അക്കാദമീഷ്യന്‍മാരായ തോമസ് പി. തോമസ്, മനോജ് സാമുവല്‍ തുടങ്ങിയവര്‍ ഡോക്യുമെന്ററിയുടെ ഭാഗമായിട്ടുണ്ട്. ജിജോ എബ്രഹാമാണ് കാമറ. എഡിറ്റിങ്: പിന്റോ വര്‍ക്കി, ശബ്ദം: ധനേഷ്. 

content highlights: Nalpathanchamathe Nadhi - A River Unknown- documentary on vn gopinatha pilla