കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് കീർത്തി സുരേഷ് നായികയായ 'ഡൊറോത്തി'ക്ക് റിലീസിനു പിന്നാലെ വലിയ വിമർശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ചിത്രം സ്വവർഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് വലിയ ബോയ്‌കോട്ട് കാമ്പെയ്ൻ ചിത്രത്തിനെതിരെ നടക്കുന്നുണ്ട്. വിവാദങ്ങൾക്കിടെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിൽ കാണാവുന്ന എൽ.ജി.ബി.ടി.ക്യു.+ പശ്ചാത്തലത്തിലുള്ള ഏതാനും മികച്ച ചിത്രങ്ങളിതാ:

To advertise here,

കാതൽ: ദ കോർ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി സ്വവർഗാനുരാഗിയായ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു 'കാതൽ: ദ കോർ'. ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ', കുടുംബം പ്രമേയമായി വന്ന മലയാള സിനിമകളുടെ ഏറ്റവും ധീരമായ ചുവടുവെപ്പായിരുന്നു.

ഒ.ടി.ടി: ആമസോൺ പ്രൈം വീഡിയോ

മൂത്തോൻ

നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'മൂത്തോൻ'. ലക്ഷദ്വീപിൽനിന്ന് കാണാതായ തന്റെ മൂത്ത സഹോദരനെ തേടി 14 വയസ്സുകാരൻ മുംബൈയിലെത്തുന്നതാണ് ചിത്രത്തിന്റെ കഥ. ലക്ഷദ്വീപിലെ അക്ബറിന്റെ പഴയകാല ജീവിതവും പ്രണയബന്ധവും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കാതൽ. റോഷൻ മാത്യു, ശോഭിത ധൂലിപാല, ദിലീഷ് പോത്തൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

ഒ.ടി.ടി: സീ5

പാവ കഥൈകൾ

'പാവ കഥൈകൾ' എന്ന ആന്തോളജി ചിത്രത്തിലെ 'തങ്കം' എന്ന ഭാഗത്തിൽ, സത്താർ എന്ന ട്രാൻസ്ജെൻഡർ വ്യക്തിയുടെ ജീവിതകഥയാണ് പറയുന്നത്. കാളിദാസ് ജയറാം സത്താർ എന്ന കഥാപാത്രത്തെ അത്യന്തം വികാരനിർഭരമായും തന്മയത്വത്തോടെയും അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സ് കീഴടക്കി.

ഒ.ടി.ടി: നെറ്റ്ഫ്ലിക്സ്

സൂപ്പർ ഡീലക്സ്

വിജയ് സേതുപതിയും ഫഹദ് ഫാസിലും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമാണ് 'സൂപ്പർ ഡീലക്സ്'. ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്ത ചിത്രത്തിൽ ശിൽപ എന്ന ട്രാൻസ്‌വുമണിന്റെ വേഷമായിരുന്നു വിജയ് സേതുപതി കൈകാര്യം ചെയ്തത്. സാമന്ത, രമ്യാ കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

ഒ.ടി.ടി: നെറ്റ്ഫ്ലിക്സ്

ഞാൻ മേരിക്കുട്ടി

മാത്തുക്കുട്ടി എന്ന യുവാവ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ 'മേരിക്കുട്ടി' എന്ന ട്രാൻസ്‌ജെൻഡർ യുവതിയായി മാറുന്നതും, തുടർന്ന് താൻ നേരിടേണ്ടി വരുന്ന സാമൂഹിക വെല്ലുവിളികളും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ജയസൂര്യയാണ് നായകൻ.

ഒ.ടി.ടി: സൺ നെക്സ്റ്റ്