മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖി കൊല്ലപ്പെട്ടതിനു പിന്നാലെ ബോളിവുഡ് നടൻ സൽമാൻ ഖാൻ കുടുംബത്തിന് നൽകിയ പിന്തുണയെക്കുറിച്ച് തുറന്നുപറഞ്ഞ്  മകനും കോണ്‍ഗ്രസ് എംഎല്‍എയുമായ സീഷന്‍ സിദ്ദിഖി. സൽമാൻ വിളിച്ച് വിവരങ്ങൾ അന്വേഷിക്കാറുണ്ടെന്നും രാത്രിയിൽ ശരിയായി ഉറങ്ങാൻ പറ്റാത്തതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും സീഷൻ വെളിപ്പെടുത്തി. ബി.ബി.സി ക്ക് നൽകിയ അഭിമുഖത്തിലാണ് സീഷന്റെ പ്രതികരണം.

To advertise here,

അച്ഛനും സല്‍മാന്‍ ഖാനും സഹോദരന്‍മാരെ പോലെയായിരുന്നു. പിതാവിന്റെ മരണത്തിന് ശേഷം അദ്ദേഹം ഞങ്ങളെ ഏറെ പിന്തുണച്ചിട്ടുണ്ട്. എന്നെ എപ്പോഴും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കും. രാത്രിയില്‍ ഉറങ്ങാന്‍ സാധിക്കാത്തതിനെ പറ്റി പറയാറുണ്ട്.- സീഷന്‍ പറഞ്ഞു.

അച്ഛന്റെ സുഹൃത്തുക്കളെ സെലബ്രിറ്റികളായല്ല മറിച്ച് കുടുംബത്തിലെ അംഗത്തെ പോലെയാണ് ഞാന്‍ പരിഗണിച്ചിരുന്നത്. അത്രയും പ്രാധാന്യത്തോടെയാണ് അവരെ കണ്ടിരുന്നത്. 

തന്റെ പിതാവിന്റെ മരണം രാഷ്ട്രീയവത്കരിക്കരുതെന്നും തനിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്നും പറഞ്ഞ് നേരത്തേ സീഷന്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.

ഒക്ടോബര്‍ 12 ന് രാത്രി 9.15നും 9.30 നും ഇടയ്ക്കാണ് ബാബ സിദ്ദിഖി വെടിയേറ്റു കൊല്ലപ്പെടുന്നത്. മകന്‍ സീഷന്‍ സിദ്ദിഖിയുടെ ബാന്ദ്രയിലെ ഓഫീസില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കൂടിയാലോചനയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ബാബ സിദ്ദിഖി. ഓഫീസില്‍ നിന്നിറങ്ങി കാര്‍ പാര്‍ക്കു ചെയ്ത് ഖേര്‍വാഡി ജംങ്ഷനിലേക്ക് നടക്കുന്നതിനിടയിലാണ് ഓട്ടോറിക്ഷയില്‍ വന്ന മൂന്ന് അക്രമികള്‍ അദ്ദേഹത്തിനുനേര്‍ക്ക് വെടിയുതിര്‍ത്തത്. 

ഓട്ടോയില്‍ നിന്നും ശിവ്കുമാര്‍ ഗൗതം എന്നയാള്‍ ബാബ സിദ്ദിഖിക്കുനേരെ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നെണ്ണം അദ്ദേഹത്തിന്റെ ശരീരത്തില്‍ തുളച്ചുകയറുകയും രണ്ടെണ്ണം കാറിന് ഏല്‍ക്കുകയും ചെയ്തു. ആറാമത്തെ ബുള്ളറ്റ് ഒരു കാല്‍നടയാത്രക്കാരന്റെ ദേഹത്താണ് തറച്ചത്. 

സംഭവം നടന്ന് ഇരുപത്തിനാല് മണിക്കൂറിനകം മുംബൈ പോലീസ് പ്രതികളെ പിടികൂടി. അക്രമത്തിന്റെ മുഖ്യസൂത്രധാരന്റെ സഹോദരനും മറ്റ് രണ്ട് കൊലയാളികളും പിടിയിലായി. കൊലയാളികള്‍ ലോറന്‍സ് ബിഷ്ണോയിയുടെ കൂട്ടാളികളാണെന്നും കൊലയ്ക്കുപിന്നിലെ കാരണം വ്യക്തമല്ലെന്നുമാണ് പോലീസ് പറഞ്ഞത്.