യവനകഥയിൽ നിന്ന് മൂന്ന് പതിറ്റാണ്ടിനിപ്പുറം ആ ഇടയകന്യകയിതാ വീണ്ടും മലയാളിയുടെ സംഗീത മനസ്സിലേക്ക്. "ബെത്‌ലഹേം കുടുംബ യൂണിറ്റ്" എന്ന സിനിമക്ക് നന്ദി.

To advertise here,

പ്രശസ്ത കഥാകൃത്ത്‌ എൻ. മോഹനന്റെ രചനയിൽ ജോഷി സംവിധാനം ചെയ്യാനിരുന്ന പടമാണ് അന്ന. അരവിന്ദ് സ്വാമിയും മീനയും മുഖ്യതാരങ്ങൾ. "പാട്ടുകളുടെ കംപോസിങ്ങിനു മുൻപ് ചെന്നൈയിലെ ന്യൂ വുഡ് ലാന്റ്സ് ഹോട്ടലിൽ വച്ച് സംഗീതസംവിധായകൻ ഔസേപ്പച്ചനെ തിരക്കഥ മുഴുവൻ വായിച്ചുകേൾപ്പിച്ചത് ഞാനാണ്. ഗാനസന്ദർഭങ്ങൾ നിശ്ചയിച്ചതും ഞങ്ങൾ തന്നെ. അങ്കരക്ഷഗുഡു എന്നാ തെലുങ്ക്‌ പടത്തിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്ന ജോഷി ദിവസവും വൈകുന്നേരം ഹോട്ടൽ മുറിയിൽ വന്നു പാട്ടു കേൾക്കും. സന്തുഷ്ടനായാണ് അദ്ദേഹം തിരിച്ചു പോകുക.'' പാട്ടെഴുതിയ ഷിബു ചക്രവർത്തിയുടെ ഓർമ്മ.

രണ്ടു കർണാട്ടിക് കൃതികൾ ഉൾപ്പെടെ പാട്ടുകൾ എട്ടെണ്ണവും ചിട്ടപ്പെടുത്തി കഴിഞ്ഞപ്പോൾ ഇനി ഒരു ആഘോഷം ആകാം എന്നായി ഷിബു. ഔസേപ്പച്ചനും പൂർണ്ണസമ്മതം. പക്ഷെ ആഹ്ലാദാന്തരീക്ഷം ഏറെ നീണ്ടുനിന്നില്ല. പാട്ടുകളെ കുറിച്ചുള്ള ചർച്ച പരസ്പരമുള്ള വാക്തർക്കത്തിൽ ചെന്നൊടുങ്ങിയതാണ് കാരണം.

ഷിബു ആ കഥ വിവരിച്ചത് ഇങ്ങനെ: "ഇണക്കങ്ങളും പിണക്കങ്ങളും പതിവാണ് ഞങ്ങളുടെ സൗഹൃദത്തിൽ. പലപ്പോഴും ഇത്തരം കലഹങ്ങളിൽ നിന്നാണ് ഹിറ്റ്‌ ഗാനങ്ങൾ ഉണ്ടായിട്ടുള്ളതും. ഇത്തവണ പ്രശ്നം എന്റെ അസംതൃപ്തി ആയിരുന്നു. പാട്ടുകൾ എല്ലാം സംവിധായകൻ ജോഷി ഓക്കെ ചെയ്തെങ്കിലും എവിടെയോ എന്തോ ഒരു പോരായ്മ തോന്നി എനിക്ക്. ഞാൻ ഔസേപ്പച്ചനോട് അക്കാര്യം തുറന്നു പറയുകയും ചെയ്തു. മോഹനന്റെ കഥയിലെ വിശുദ്ധപ്രണയത്തെ നമ്മൾ കാമമാക്കി മാറ്റിയത് ശരിയായോ എന്നായിരുന്നു എന്റെ സംശയം. അത് ഷിബുവിന്റെ വരികളുടെ കുഴപ്പം ആണെന്ന് ഔസേപ്പ്. കാമത്തിന്റെ ഫീൽ ഉള്ള ഈണം നിങ്ങൾ ഇട്ടു തന്നാൽ പിന്നെ അങ്ങനെയല്ലേ എഴുതാനാകൂ എന്ന് ഞാൻ. കാമം ഇല്ലാതെ പിന്നെന്തു പ്രണയം എന്ന് ഔസേപ്പ്. ഞാൻ മിണ്ടിയില്ല. പകരം "കാട്" എന്ന സിനിമയിലെ ഏഴിലംപാല പൂത്തു പൂമരങ്ങൾ കുടപിടിച്ചു എന്ന പാട്ട് പാടി കേൾപിച്ചു. ഏകാന്ത സന്ധ്യകളിൽ നിന്നെയോർത്തു ഞാൻ കരഞ്ഞു എന്നൊരു വരിയുണ്ട് ആ പാട്ടിന്റെ ചരണത്തിൽ. ഇതിൽ എവിടെ കാമം എന്നായിരുന്നു എന്റെ ചോദ്യം.''

സ്വാഭാവികമായും ഔസേപ്പച്ചൻ ചൊടിച്ചു. "കാർ ഹോട്ടലിൽ എത്തിയിട്ടും ഔസേപ്പ് പുറത്തിറങ്ങിയില്ല. അങ്ങനെയെങ്കിൽ അങ്ങനെ എന്ന് പറഞ്ഞു ഞാൻ മുറിയിലേക്ക് നടന്നു. അന്ന് ആഘോഷിക്കാൻ വേണ്ടി വാങ്ങി വച്ചിരുന്ന റോയൽ ചലഞ്ച് വിസ്കിയുടെ മുക്കാൽ പങ്കും ഞാൻ ഒറ്റയ്ക്ക് അടിച്ചു തീർത്തു എന്നത് കഥയുടെ രത്ന ചുരുക്കം.''

പിറ്റേന്ന് കാലത്ത് ഫോൺ മണിയടിക്കുന്നത് കേട്ടാണ് ഷിബു എഴുന്നേറ്റത്. മറ്റേയറ്റത്ത് ഔസേപ്പച്ചൻ. "ഇന്നലെ നീ ഒരു പാട്ടിന്റെ കാര്യം പറഞ്ഞില്ലേ? ഇതാ ഈ ട്യൂൺ കൊള്ളാമോ എന്ന് പറ.''

ഔസേപ്പ് ഒരു ഈണം മൂളുന്നു. പ്രണയാർദ്രമായ ഒരീണം. ഈണത്തിനൊത്ത് ഷിബുവിന്റെ ചുണ്ടിൽ വരികളും വന്നു പിറന്നു എന്നതാണ് അത്ഭുതം: യവനകഥയിൽ നിന്ന് വന്ന ഇടയകന്യകെ... അടുത്ത ദിവസം തന്നെ ചെന്നൈ മീഡിയ ആർട്ടിസ്റ്റ്സ് സ്റ്റുഡിയോയിൽ വച്ച് വിഖ്യാത സൗണ്ട് എഞ്ചിനീയർ ശ്രീധർ പാട്ടുകൾ ആലേഖനം ചെയ്യുന്നു. പാടിയത് യേശുദാസും ചിത്രയും. "അന്ന" എന്ന ചിത്രം പല കാരണങ്ങളാലും പുറത്തു വന്നില്ലെങ്കിലും, ആ പടത്തിന്റെ ഓഡിയോ കാസറ്റുകൾ അഞ്ചു ലക്ഷമാണ് വിറ്റഴിഞ്ഞതെന്ന് ഷിബു.