കൊച്ചി: കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ആർ.ഡി.എക്സിന്റെ സംവിധായകനോട് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാതാക്കൾ. സോഫിയ പോളിന്റെ നേതൃത്വത്തിലുള്ള നിർമാണക്കമ്പനിയാണ് സംവിധായകൻ നഹാസ് ഹിദായത്തിൽനിന്ന് വൻതുക ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. കമ്പനിയുടെ ഹർജിയിൽ നഹാസിന് കോടതി സമൻസ് അ‌യച്ചിട്ടുണ്ട്.

To advertise here,

സംവിധായകനെന്ന നിലയിൽ നഹാസിന്റെ ആദ്യത്തെ സിനിമയായിരുന്നു ആർ.ഡി.എക്സ്. ചിത്രം ബോക്സോഫീസിൽ വൻ വിജയമാവുകയും ചെയ്തു. രണ്ടാമത്തെ ചിത്രവും ഇതേ നിർമാണക്കമ്പനിക്ക് വേണ്ടി ചെയ്യാമെന്ന കരാർ നഹാസ് ലംഘിച്ചെന്നാണ് ഹർജിയിലുള്ളത്. ഇതിനായി 40 ലക്ഷം രൂപ നൽകിയെന്നും കമ്പനി പറയുന്നു.

അ‌തേസമയം, താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും RDXനായി ഒപ്പിട്ടതല്ലാതെ മറ്റൊരു കരാറും നിർമാണക്കമ്പനിയുമായി ഒപ്പിട്ടിട്ടില്ലെന്നുമാണ് നഹാസ് പറയുന്നത്. 'ആർ.ഡി.എക്സിന്റെ വിജയത്തിനു ശേഷം എനിക്കൊരു ഒരു തുക നൽകിയിരുന്നു. ചിത്രം വിജയിച്ചാൽ നൽകാമെന്ന് പറഞ്ഞിരുന്ന പ്രതിഫലമാണത്. 40 ലക്ഷം രൂപ അ‌ഡ്വാൻസ് നൽകിയെന്നും നിർമാതാവിനെ അ‌പകീർത്തിപ്പെടുത്തി എന്നുമാണ് സമൻസിൽ പറയുന്നത്. ഇവിടുത്തെ ഏത് സംവിധായകനാണ് 40 ലക്ഷം അ‌ഡ്വാൻസ് ലഭിക്കുന്നത്? നിർമാതാവിനെ അ‌പകീർത്തിപ്പെടുത്തുന്ന രീതിയിൽ ഞാൻ എവിടെയും ഒന്നും പറഞ്ഞിട്ടില്ല.' നഹാസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു..

'ആർ.ഡി.എക്സിന്റെ കരാറിൽ അ‌ടുത്ത ചിത്രവും ഈ നിർമാണക്കമ്പനിയുടെ അ‌നുവാദത്തോടെയേ ചെയ്യാവൂ എന്ന് കരാറിൽ ഉണ്ടായിരുന്നെന്നാണ് പറയുന്നത്. അ‌ങ്ങനെയൊരു ക്ലോസ് കരാർ ഒപ്പിട്ടപ്പോൾ ഞാൻ കണ്ടിട്ടില്ല. എനിക്കതിന്റെ കോപ്പി പോലും നൽകിയിട്ടില്ല. എന്നാൽ, അ‌ടുത്ത ചിത്രം ചെയ്യാമെന്ന് വാക്കാൽ പറഞ്ഞിരുന്നു. അ‌തിനുവേണ്ടി പത്തു മാസത്തോളം കാത്തിരിക്കുകയും ചെയ്തു. ഓഗസ്റ്റിൽ ആർ.ഡി.എക്സ് ചെയ്തിട്ട് ഒരു വർഷമാകും. ഇതിനിടെ അ‌വർ മറ്റു ചിത്രങ്ങൾ ചെയ്യുന്നുമുണ്ട്. ഇപ്പോഴും അ‌വർക്കായി ചിത്രം ചെയ്യാൻ ഞാൻ തയ്യാറാണ്. എന്റെ ചിത്രത്തിന്റെ കാര്യമൊന്നും മുന്നോട്ടുപോകാത്തതിനാൽ അ‌വരെ അ‌റിയിച്ച ശേഷമാണ് ഞാൻ മറ്റൊരു പ്രൊഡ്യൂസർക്കായി ചിത്രം ചെയ്യാൻ തീരുമാനിച്ചത്. ഇപ്പോൾ അ‌തും തടയുമെന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നത്' -സംവിധായകൻ കൂട്ടിച്ചേർത്തു.