ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന നഹാസ് ഹിദായത്ത്  'ഐ ആം ഗെയിം' ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരത്ത് നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രം ആരംഭിച്ചത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍ എന്നിവരും പൂജ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

To advertise here,

മിഷ്‌കിന്‍ അഭിനയിക്കുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണിത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം' ദുല്‍ഖറിന്റെ കരിയറിലെ നാല്പതാം ചിത്രം കൂടിയാണ്. ആന്റണി വര്‍ഗീസ്, മിഷ്‌കിന്‍ എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാകുന്ന വിവരം കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വിട്ടത്. 

തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം നടക്കുന്നത്. വമ്പന്‍ ബഡ്ജറ്റില്‍, വലിയ താരനിരയോടെ ഒരുക്കുന്ന ചിത്രത്തില്‍ ആക്ഷന് മികച്ച പ്രാധാന്യം ഉണ്ടെന്നാണ് സൂചന. ചിത്രത്തിന്റെ വളരെ വ്യത്യസ്തമായ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും പ്രേക്ഷകരില്‍ വലിയ ആകാംഷ ജനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായാണ് 'ഐ ആം ഗെയിം' ഒരുങ്ങുന്നത്. 

ഛായാഗ്രഹണം: ജിംഷി ഖാലിദ്, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റിങ്: ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍: അജയന്‍ ചാലിശ്ശേരി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, അസോസിയേറ്റ് ഡയറക്ടര്‍: രോഹിത് ചന്ദ്രശേഖര്‍, ഗാനരചന: മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, വിഎഫ്എക്‌സ്: തൗഫീഖ് എഗ്വൈറ്റ്, പോസ്റ്റര്‍ ഡിസൈന്‍: ടെന്‍ പോയിന്റ്, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, സൗണ്ട് മിക്‌സ്: കണ്ണന്‍ ഗണപത്, സ്റ്റില്‍സ്: എസ്ബികെ, പിആര്‍ഒ: ശബരി.