മുൻ പങ്കാളികളുമായി സൗഹൃദം തുടരുന്നത് 'റെഡ് ഫ്ലാഗ്' ആണെന്ന് ബോളിവുഡ് താരം വിക്രാന്ത് മാസി. താനോ ഭാര്യ ശീതൾ ഠാക്കൂറോ തങ്ങളുടെ മുൻ പങ്കാളികളുമായി യാതൊരുവിധ സൗഹൃദവും സൂക്ഷിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. ഭാര്യ ശീതളുമായുള്ള ദാമ്പത്യ ജീവിതത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും സംസാരിക്കവേയാണ് വിക്രാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.

To advertise here,

'മുൻ പങ്കാളിയുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നത് എന്നെ സംബന്ധിച്ച് ഒരു റെഡ് ഫ്ലാഗ് ആണ്. ഞാനോ ശീതളോ ഞങ്ങളുടെ മുൻ പങ്കാളികളുമായി സൗഹൃദത്തിലല്ല', ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ വിക്രാന്ത് പറഞ്ഞു.

തങ്ങളുടെ പ്രണയബന്ധം ഒരിക്കലും ലോകത്തിൽ നിന്ന് ഒളിച്ചുവെച്ചിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. 'ഞങ്ങൾ രണ്ടുപേരും ബന്ധത്തെക്കുറിച്ച് ഒരിക്കലും മറച്ചുവെച്ചില്ല. ബന്ധങ്ങളെ കൃത്യമായി നിർവചിക്കാൻ മടിക്കുന്നവരും അത് ഒളിച്ചുവെക്കുന്നവരുടെയും നിലപാടുകൾ സംശയാസ്പദമാണ്. നാലോ അഞ്ചോ വർഷത്തോളം ഒരാളുമായി ഒന്നിച്ചു ജീവിച്ചിട്ട്, ആ ബന്ധത്തെക്കുറിച്ച് സുഹൃത്തുക്കളോടും കുടുംബത്തോടും വെളിപ്പെടുത്താൻ മടിക്കുന്നത് ശരിയായ രീതിയല്ല,' എന്നും വിക്രാന്ത് അഭിപ്രായപ്പെട്ടു.

പത്ത് വർഷത്തിലധികം നീണ്ട പ്രണയത്തിനൊടുവിലാണ് വിക്രാന്ത് മാസിയും ശീതൾ ഠാക്കൂറും വിവാഹിതരാവുന്നത്. 2015- ൽ ഒരു പൊതുസുഹൃത്ത് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. 2018-ൽ 'ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ' എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെ ഇരുവരും പ്രണയത്തിലായി. 2022 ഫെബ്രുവരി 14-ന് രജിസ്റ്റർ വിവാഹം ചെയ്ത ഇവർ, ഫെബ്രുവരി 18-ന് ഹിമാചൽ പ്രദേശിൽ വെച്ച് പരമ്പരാഗത ചടങ്ങുകളോടെ വിവാഹിതരായി. 2024 ഫെബ്രുവരിയിലാണ് ദമ്പതികൾക്ക് 'വർദാൻ' എന്ന ആൺകുഞ്ഞ് പിറന്നത്.

നെറ്റ്ഫ്‌ലിക്‌സിൽ റിലീസിനൊരുങ്ങുന്ന 'മുസാഫിർ കഫേ' ആണ് വിക്രാന്തിന്റെ പുതിയ ചിത്രം. ഷാഹിദ് കപൂർ ചിത്രമായ 'ഓ റോമിയോ'യിലാണ് താരം അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ അതിഥി വേഷത്തിലായിരുന്നു താരം എത്തിയത്. 'യാർ ജിഗ്രി', 'തലാഖോൻ മേം ഏക്' എന്നിവയാണ് വിക്രാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ