കൊച്ചി: ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടക്കുന്ന യുവ കാലാവസ്ഥാ നയതന്ത്രപരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ വിദ്യാർഥികൾ അനുഗ്രഹം തേടി മലയാളത്തിന്റെ മഹാനടന് മുമ്പിൽ. കാക്കനാട് അസീസി വിദ്യാനികേതൻ പബ്ലിക് സ്‌കൂളിലെ അഞ്ച് വിദ്യാർഥികളാണ് കൊച്ചിയിലെ ലൊക്കേഷനിലെത്തി മമ്മൂട്ടിയെ കണ്ടത്. ജനീവയിൽ 19, 20 തീയതികളിൽ നടക്കുന്ന പരിപാടിയിൽ അവതരിപ്പിക്കുന്ന പ്രൊജക്ടിനെക്കുറിച്ച് കുട്ടികൾ താരത്തോട് വിശദീകരിച്ചു. നെറ്റ് സീറോ ഡിജിറ്റൽ ആആൻഡ് ഇ- വേസ്റ്റ് അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണ് വിദ്യാർഥികൾ തയാറാക്കിയത്. നൂതന പദ്ധതിയും പ്രോട്ടോടൈപ്പുകളും കുട്ടികൾ പരിചയപ്പെടുത്തി.

To advertise here,

സമകാലികമായ ആധികളും ആശങ്കകളും പങ്കിടുന്നതാണ് ആശയമെന്ന് മമ്മൂട്ടി കുട്ടികളെ അഭിനന്ദിച്ചു. ഇത്തരം ആലോചനകളും ആശയങ്ങളും സ്‌കൂൾ കാലം കഴിഞ്ഞും ജീവിതത്തിൽ പിന്തുടരണമെന്ന് അദ്ദേഹം ഉപദേശിച്ചു. ജനീവയിലേക്കുള്ള യാത്രയിൽ വിദ്യാർഥികളെ അനുഗമിക്കുന്ന സ്‌കൂളിലെ അധ്യാപകരായ റോസ് മേരി ജോയ്, ടിൻസ മെറിൻ തോമസ് എന്നിവരും മമ്മൂട്ടിയെ കാണാനെത്തി. കുട്ടികളോട് സംശയങ്ങൾ ചോദിച്ചുമനസ്സിലാക്കിയ താരം യാത്രയ്ക്ക് എല്ലാ അനുഗ്രഹങ്ങളും ആശംസകളും നേർന്നാണ് മടക്കിയത്.

അസീസി വിദ്യാനികേതൻ പബ്ലിക് സ്‌കൂളിലെ അദ്വൈത് കൃഷ്ണൻ, അമേയ സജിത്ത്, ആധ്യ ആന്റോ, നുമൈർ സുനൈസ്, അമർ ആന്റണി വിജയ് എന്നീ വിദ്യാർഥികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. യൂത്ത് ക്ലൈമറ്റ് ഡിപ്ലോമസി പ്രോഗ്രാം 2026 പരിപാടിയിൽ പങ്കെടുക്കാനായി ഈമാസം പകുതിയോടെ കുട്ടികൾ യാത്ര പുറപ്പെടും. അക്കാദമിക് മികവ്, നേതൃപാടവം, സാമൂഹിക- പരിസ്ഥിതി സംരംഭങ്ങളിലെ സജീവ പങ്കാളിത്തം തുടങ്ങിയ കർശനമായ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് വിദ്യാഥികളുടെ അപൂർവ്വനേട്ടം.