അന്തരിച്ച നടനും ഡി.എം.ഡി.കെ സ്ഥാപകനും തമിഴ്നാടിന്റെ മുൻ പ്രതിപക്ഷ നേതാവുമായിരുന്ന വിജയകാന്തിന് ആദരാഞ്ജലിയർപ്പിക്കുകയാണ് നാനാതുറകളിൽ നിന്നുമുള്ളവർ. ഈയവസരത്തിൽ വിജയകാന്തിനേക്കുറിച്ച് നടൻ കമൽഹാസൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. താൻ അദ്ദേഹത്തിന്റെ കോപത്തിന്റെ ആരാധകനാണെന്നാണ് കമൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വിജയകാന്തിന് ആദരാഞ്ജലികൾ അർപ്പിച്ച് മടങ്ങവേ മാധ്യമങ്ങളോടായിരുന്നു കമൽഹാസന്റെ പ്രതികരണം. ലാളിത്യം, സ്നേഹം, അധ്വാനം, സൗഹൃദം എന്നീ ടാഗുകളെല്ലാം ഒരു വ്യക്തിയെ നിർവചിക്കാൻ ഉപയോഗിക്കുകയാണെങ്കിൽ, അതിന് ഏറ്റവും അനുയോജ്യൻ വിജയകാന്ത് ആയിരിക്കുമെന്ന് കമൽഹാസൻ പറഞ്ഞു. താരപദവിയിലെത്തുന്നതിന് വളരെ മുമ്പുതന്നെ തനിക്ക് വിജയകാന്തിനെ അറിയാമായിരുന്നു. പക്ഷേ, താരമായതിനുശേഷവും അദ്ദേഹം മുമ്പുണ്ടായിരുന്ന അതേ രീതിയിൽത്തന്നെയാണ് പെരുമാറിയത്.
"എനിക്ക് അദ്ദേഹത്തിൽ ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ വിനയവും ധർമബോധത്തോടെയുള്ള കോപവുമാണ്. ഞാൻ അദ്ദേഹത്തിന്റെ കോപത്തിന്റെ ആരാധകനാണ്. അതുകൊണ്ടായിരിക്കാം അദ്ദേഹം പൊതുപ്രവർത്തനത്തിനിറങ്ങിയത് എന്ന് ഞാൻ കരുതുന്നു. പക്ഷേ, അദ്ദേഹത്തെപ്പോലുള്ള ആളുകൾ ഉടൻ ഉയർന്നുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷയിൽ ഞാൻ എന്റെ പ്രിയ സുഹൃത്തിന് വിടചൊല്ലുകയാണ്." കമൽഹാസൻ കൂട്ടിച്ചേർത്തു.
1986-ൽ പുറത്തിറങ്ങിയ മനക്കണക്ക് എന്ന ചിത്രത്തിൽ കമൽഹാസനും വിജയകാന്തും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആർ.സി. ശക്തി സംവിധാനം ചെയ്ത ചിത്രത്തിൽ വിജയകാന്ത് നായകവേഷത്തിലും കമൽഹാസൻ അതിഥിവേഷത്തിലുമായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വസനസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യനില മോശമായപ്പോൾ വെന്റിലേറ്ററിലേക്ക് മാറ്റി. വ്യാഴാഴ്ച പുലർച്ചെ മരണവിവരം ആശുപത്രി പുറത്തുവിടുകയായിരുന്നു. വിജയരാജ് അഴകർസാമി നായിഡുവെന്നാണ് വിജയകാന്തിന്റെ യഥാർഥപേര് . 150-ല്പരം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. പത്തുചിത്രങ്ങൾ നിർമിച്ചു.
Content Highlights: vijayakanth passed away, actor kamal haasan about vijayakanth
Published: 29 Dec 2023, 03:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented