നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യെ വേദിയിലിരുത്തി വനിതാ നേതാവ് നടത്തിയ പ്രസംഗം സാമൂഹികമാധ്യമങ്ങളിൽ വൈറൽ. ചെങ്കൽപേട്ടിലെ ടിവികെ വനിതാദിനാഘോഷത്തിൽ പാർട്ടിയുടെ സംസ്ഥാന ജോയിന്റ് കോർഡിനേറ്ററായ ആർ.എസ്. ഇന്ദിരാ ധൻരാജ് നടത്തിയ പ്രസംഗമാണ് വ്യാപകമായി പ്രചരിക്കപ്പെടുന്നത്. സ്ത്രീകളെ ബഹുമാനിക്കാത്ത പുരുഷന്മാരെ പാഠംപഠിപ്പിക്കണമെന്ന് ഇന്ദിര ധൻരാജ് തന്റെ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.

To advertise here,

'ആദ്യം സ്ത്രീകളെ ബഹുമാനിക്കണമെന്ന് നാം ഈ വനിതാദിനത്തിൽ ഊന്നിപ്പറയേണ്ടതുണ്ട്. വേദികളിൽ കയറി സ്ത്രീകൾക്കെതിരേ മോശമായി സംസാരിക്കുന്ന, വീട്ടിലുള്ള സ്ത്രീകളെ ഓർക്കാതെ അധിക്ഷേപം പ്രചരിപ്പിക്കുന്ന ഓരോ പുരുഷനേയും താഴെയിറക്കണം എന്ന് ഞാൻ അഭ്യർഥിക്കുന്നു', എന്നായിരുന്നു ഇന്ദിരയുടെ വാക്കുകൾ. വിജയ്‌യെ വേദിയിലിരുത്തിയായിരുന്നു ഇവരുടെ പ്രസംഗം.

പിന്നാലെ പരിപാടിയെ അഭിസംബോധനചെയ്ത വിജയ്, തന്റെ വിവാഹമോചന വാർത്തയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പരോക്ഷമായി പ്രതികരിച്ചിരുന്നു. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാൻ ടിവികെ പ്രവർത്തകരോടും ആരാധകരോടും ആഹ്വാനംചെയ്ത വിജയ്, വ്യക്തിപരമായ പ്രശ്‌നങ്ങൾ താൻ തനിച്ച് നേരിട്ടുകൊള്ളാമെന്നും വ്യക്തമാക്കിയിരുന്നു.

'ചില പ്രശ്നങ്ങൾ നടക്കുന്നുണ്ട്. നിങ്ങൾ അതിൽ വിഷമിക്കുന്നതും അതിനെ പ്രതിരോധിക്കുന്നതും ഞാൻ കാണുന്നുണ്ട്. അതുകാണുമ്പോൾ എനിക്ക് വിഷമമുണ്ട്. അതൊക്കെ ഞാൻ നോക്കിക്കൊള്ളാം. ഞാനും നിങ്ങളും ചേർന്ന് ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കും. അതിലൊന്നും വിഷമിക്കരുത്, അതിൽ കാര്യമൊന്നുമില്ല. ആത്മവിശ്വാസത്തോടെ ഇരിക്കണം, നല്ലതേ നടക്കൂ. വിജയമുറപ്പ്', എന്നായിരുന്നു വിജയ്യുടെ വാക്കുകൾ.