
പരസ്പരം ഇഴചേർന്ന് കിടക്കുന്നതാണ് തമിഴ് സിനിമയും രാഷ്ട്രീയവും. സിനിമയെ വെല്ലുന്ന നാടകീയതകളാണ് തമിഴ്‌നാട് രാഷ്ട്രീയത്തിലുണ്ട്. അത്തരം അതിനാടകീയ സംഭവങ്ങൾക്കാണ് ചൊവ്വാഴ്ച തമിഴ്‌നാട് സാക്ഷിയായത്. രാഷ്ട്രീയ പോരിനപ്പുറം തമിഴ് സിനിമയിലെ ശക്തിദ്വന്ദ്വത്തിന്റെ വേർപിരിയലിന്റെ സ്ഥിരീകരണംകൂടിയാണ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും അനാവരണം ചെയ്ത മറുപുറം.
തമിഴ് സിനിമയെ ഏതാണ്ട് പുർണമായും നിയന്ത്രിക്കുന്ന നിർമാണക്കമ്പനികളിൽ ഒന്നാണ് മുൻ ഉപമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ്. 2008-ൽ ഉദയനിധി സ്ഥാപിച്ച നിർമാണക്കമ്പനിയെ ഇപ്പോൾ നയിക്കുന്നത് 22-കാരനായ മകൻ ഇമ്പനിധിയാണ്. തമിഴ് സിനിമയെ ഉള്ളംകൈയിൽ നിയന്ത്രിക്കുന്ന നിർമാണക്കമ്പനിയുടെ തുടക്കം തന്നെ ഇന്നത്തെ മുഖ്യമന്ത്രി വിജയ്‌യുടെ സൂപ്പർഹിറ്റുകളിൽ ഒന്നായ 'കുരുവി' നിർമിച്ചുകൊണ്ടായിരുന്നു.
കേവലം വിജയ് ചിത്രമെന്നതിലുപരി ഒട്ടേറെ പ്രത്യേകതകൾ ഉദയനിധിയുടെ ആദ്യനിർമാണ സംരംഭത്തിനുണ്ട്. വിശാലിനെ നായകനാക്കി തമിഴ്‌വണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു റെഡ് ജയന്റ് ആദ്യം പ്ലാനിട്ടത്. ചിത്രം യാഥാർഥ്യമായില്ല. പിന്നീടാണ് വിജയ് ചിത്രത്തിലേക്ക് എത്തുന്നത്. ഗില്ലി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിജയ്‌യും സംവിധായകൻ ധരണിയും ഒന്നിച്ച ചിത്രം കൂടിയായിരുന്നു കുരുവി. ഗില്ലിയിൽ ആദ്യമായി ഒന്നിച്ച തൃഷ, കുരുവിയിലും വിജയ്‌യുടെ നായികയായി.
തമിഴിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായിരുന്നു കുരുവി. 150-ഓളം ദിവസം ചിത്രം തീയേറ്ററിൽ തുടർച്ചയായി ഓടി. പിന്നീട് ഉദയനിധി നിർമിക്കുന്നത് സൂര്യ നായകനായ 'ആദവൻ' ആണ്. കമൽഹാസൻ- മണിരത്‌നം ചിത്രം തഗ് ലൈഫ് വരെ ഒട്ടേറെ സൂപ്പർതാര ചിത്രങ്ങൾ കുരുവിയിൽ തുടങ്ങിയ റെഡ് ജയന്റ് നിർമിച്ചു. ചിത്രീകരണം തുടങ്ങാനിരിക്കുന്ന കമൽഹാസനും രജനീകാന്തും ഒന്നിക്കുന്ന നെൽസൺ ദിലീപ് കുമാർ ചിത്രവും നിർമിക്കുന്നത് റെഡ് ജയന്റ്‌സ് തന്നെ.
നിർമാണത്തിലല്ലെങ്കിൽ വിതരണത്തിലെങ്കിലും തമിഴിൽ സിനിമകൾ റെഡ് ജയന്റ് വഴി കയറിയിറങ്ങുന്നുണ്ട്. ഗൗതം വാസുദേവ മേനോന്റെ വിണ്ണൈത്താണ്ടി വരുവായ ആണ് ഉദയനിധി ആദ്യമായി വിതരണം ചെയ്ത ചിത്രം. വിജയ്‌യുടെ നെൽസൺ ചിത്രം ബീസ്റ്റും വിതരണത്തിനെടുത്തത് റെഡ് ജയന്റ് ആയിരുന്നു.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി രാഷ്ട്രീയവിവാദത്തിലും റെഡ് ജയന്റ് ഉണ്ടായിരുന്നു. രാഷ്ട്രീയത്തിലിറങ്ങിയ വിജയ്‌യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെട്ട ജനനായകൻ പൊങ്കൽ റിലീസ് ആയിട്ടായിരുന്നു പുറത്തിറങ്ങേണ്ടിയിരുന്നത്. വൈകി റിലീസ് തീരുമാനിച്ചിരുന്ന ശിവകാർത്തികേയന്റെ സുധാ കൊങ്കര ചിത്രം പരാശക്തി, റെഡ് ജയന്റ് വിതരണത്തിന് എടുത്തതോടെ വിജയ്‌യുമായി ക്ലാഷ് റിലീസ് വെച്ചു. എന്നാൽ, സെൻസർ പ്രതിസന്ധിയെത്തുടർന്ന് ജനനായകൻ വൈകുകയായിരുന്നു.
വിജയ് രാഷ്ട്രീയതാത്പര്യങ്ങൾ പ്രകടിപ്പിച്ചതോടെയാണ് ഉദയനിധിയും വിജയ്‌യും അകൽച്ചയിലാവുന്നത്. അതിനിടെ ഉദയനിധി പാരമ്പര്യ രാഷ്ട്രീയത്തിന്റെ വഴിയിൽ ഡി.എം.കെയിൽ പ്രധാന സ്ഥാനങ്ങളിലേക്കെത്തി. സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനംവരെ ഉദയനിധിയെത്തി. ഇതിനിടെ തമിഴക വെട്രി കഴകം (ടി.വി.കെ) സ്ഥാപിച്ച വിജയ് തന്റെ എതിരാളികളിൽ ഒന്നാമനായി ഉദയനിധിയുടെ അച്ഛൻ എം.കെ. സ്റ്റാലിനെയും അദ്ദേഹത്തിന്റെ പാർട്ടിയേയും പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം സ്റ്റാലിനെ ലക്ഷ്യമിട്ടായിരുന്നു വിജയ്‌യുടെ പ്രചാരണം. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെക്കുറിച്ചുള്ള വിജയ്‌യുടെ കൂരമ്പുകൾ ഉദയനിധിക്കും സാരമായ മുറിവേൽപ്പിച്ചു. സ്ഥാനഭ്രഷ്ടരാക്കപ്പെട്ട ഡി.എം.കെയുടെ ഒന്നാമത്തെ എതിരാളിയായി വിജയ് മാറി. ഇതിന്റെ തുടർച്ചയായാണ് തഞ്ചാവൂരിൽ വിജയ്‌ക്കെതിരെ ഉദയനിധി നടത്തിയ നിശിത വിമർശനവും.
മുഖ്യമന്ത്രിയെ ഉന്നമിട്ട് നടത്തിയ പരാമർശത്തിനിടെയാണ് നടി തൃഷയ്ക്കുമെതിരെ ദ്വയാർഥപ്രയോഗമുണ്ടായത്. കാവേരി നദീജല തർക്കത്തിനെതിരെ ഡി.എം.കെ. നടത്തിയ പ്രതിഷേധമായിരുന്നു വേദി. മുഖ്യമന്ത്രി വിജയ്ക്ക് മറ്റു പല കാര്യങ്ങളിലുമാണ് ശ്രദ്ധ എന്നായിരുന്നു ഉദയനിധി ആദ്യം പറഞ്ഞത്. ഡി.എം.കെ. കാർക്കെതിരെ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുന്നു എന്ന് പറഞ്ഞതിന് പിന്നാലെ, പ്രവർത്തകർ തൃഷയുടെ പേര് വിളിച്ചുപറഞ്ഞു. തുടർന്നായിരുന്നു ഉദയനിധിയുടെ ദ്വയാർഥ-അധിക്ഷേപ പരാമർശം.
അതിനാടകീയമായി ചെന്നൈയിലെ ഔദ്യോഗിക വസതിയിൽ എത്തിയാണ് ഉദയനിധിയെ കസ്റ്റഡിയിൽ എടുത്തത്. തഞ്ചാവൂരിൽ എത്തിച്ച് ചോദ്യം ചെയ്തു. മദ്രാസ് ഹൈക്കോടതി ഇടപെട്ടതിന് പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.
Content Highlights: Tamil Nadu politics witnessed high drama following the arrest of Opposition Leader Udayanidhi Stalin over derogatory remarks made against actress Trisha during a public protest. Interestingly, Udayanidhi’s production house, Red Giant Movies, entered the film industry by producing the blockbuster movie 'Kuruvi', starring Vijay and Trisha. Over the years, Red Giant Movies grew to dominate Tamil film production and distribution, managing top releases across the state. Political strain began between Udayanidhi and Vijay when the latter launched his political party, Tamilaga Vettri Kazhagam (TVK), directly challenging the DMK hierarchy and dynasty politics. The feud culminated in Udayanidhi’s controversial speech targeting CM Vijay in Thanjavur, leading to a police case, a high-profile home raid, his arrest, and subsequent station bail granted by the High Court.
Published: 05 Aug 2026, 03:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented