കൊച്ചി: ബിജെപി വിട്ട നടൻ ദേവൻ, വിജയുടെ ടിവികെയിൽ ചേരും. ടിവികെയുടെ കേരള അധ്യക്ഷപദത്തിലേക്ക് ദേവൻ എത്തുമെന്നാണ് സൂചന. ടിവികെ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇതിനകം പൂർത്തിയായി കഴിഞ്ഞു. സെപ്റ്റംബർ പത്തിന് ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയിനെ ദേവൻ നേരിട്ട് കാണും. ഇതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമെന്നാണ് വിവരം.
ടിവികെയിലേക്ക് പോകാനല്ല ബിജെപിയിൽനിന്ന് രാജിവെച്ചതെന്ന് ദേവൻ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. രാജിവെച്ചതിന് പിന്നാലെയാണ് ടിവികെ തന്നെ ഇങ്ങോട്ട് സമീപിച്ചത്. വിജയുമായി ഒരു കൂടിക്കാഴ്ച നടത്തണമെന്ന് പറഞ്ഞു. അതിനായി സെപ്റ്റംബർ പത്താംതീയതി പോകും. 2004-ൽ താൻ ഉയർത്തിയ ആശയങ്ങൾ വിജയുടെ ആശയങ്ങളുമായി ചേർന്നുപോകുന്നതാണ്, ദേവൻ പറഞ്ഞു.
ബിജെപി വൈസ് പ്രസിഡന്റായിരുന്ന ദേവൻ, ഓഗസ്റ്റ് പതിനാറിനാണ് പദവിയും പ്രാഥമിക അംഗത്വവും രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു പ്രഖ്യാപനം. ദേവനെ തീരുമാനത്തിൽനിന്ന് പിൻതിരിപ്പിക്കുന്നതിന് ബിജെപിയുടെ മുതിർന്ന നേതാക്കൾ ഇടപെട്ടുവെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ഇക്കഴിഞ്ഞ ദിവസം ദേവൻ രാജിക്കത്ത് ബിജെപിക്ക് ഔദ്യോഗികമായി കൈമാറുകയായിരുന്നു.
2004-ൽ ദേവൻ നവകേരള പീപ്പിൾസ് പാർട്ടി രൂപവത്കരിച്ചിരുന്നു. 2021 മാർച്ച്മാസത്തിൽ ഈ പാർട്ടി ബിജെപിയിൽ ലയിക്കുകയായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുകയാണ് ടിവികെ.
Content Highlights: Actor Devan has resigned from the BJP and is set to join Vijay's TVK party., He is widely anticipated to take over as the state president of TVK., Devan will meet TVK leader Joseph Vijay in Chennai on September 10 for the final announcement., Devan previously founded the Nava Kerala People's Party in 2004, which merged with the BJP in 2021.
Published: 23 Aug 2026, 12:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented