ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യെ സിബിഐ തിങ്കളാഴ്ച ചോദ്യംചെയ്യും. രാവിലെ പതിനൊന്നോടെ വിജയ് ഡൽഹി സിബിഐ ആസ്ഥാനത്ത് ഹാജരാകുമെന്ന് ടിവികെ വൃത്തങ്ങൾ അറിയിച്ചു.

To advertise here,

നീലാങ്കരയിലെ വസതിയിൽനിന്ന് വിജയ് ഡൽഹിയിലേക്ക് തിരിച്ചു. കറുപ്പ് വെൽഫയർ കാറിലാണ് താരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. ചോദ്യംചെയ്യൽ രണ്ടുദിവസം നീണ്ടുനിൽക്കും. ചോദ്യംചെയ്യൽ പൂർത്തിയാക്കി ചൊവ്വാഴ്ച വൈകീട്ടോടെ താരം ചെന്നൈയിൽ തിരിച്ചെത്തും.

പാർട്ടിയുടെ അഭ്യർഥന കണക്കിലെടുത്ത് ഡൽഹി പോലീസ് വിജയ്ക്ക് കനത്തസുരക്ഷ ഒരുക്കും. ദുരന്തത്തിനുപിന്നിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ അന്വേഷിക്കുന്നത്. മുതിർന്ന അഭിഭാഷകരുമായും പാർട്ടിപ്രവർത്തകരുമായും കൂടിയാലോചിച്ചശേഷമാണ് തെളിവെടുപ്പിന് ഹാജരാകാൻ വിജയ് തീരുമാനിച്ചത്. കഴിഞ്ഞദിവസം ചെന്നൈയ്ക്കടുത്തുള്ള പണയൂരിലെ ടിവികെ ആസ്ഥാനത്തുനിന്ന് വിജയ്‌യുടെ പ്രചാരണവാഹനം സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും ചേർന്ന് വാഹനത്തിലെ സിസിടിവി സംവിധാനങ്ങളും മറ്റ് സൗകര്യങ്ങളുമൊക്കെ പരിശോധിച്ചു. കരൂർ ദുരന്തത്തിൽ അന്വേഷണം സംസ്ഥാന പോലീസിൽനിന്ന് കേന്ദ്ര ഏജൻസിക്കു കൈമാറണമെന്ന് ടിവികെ തുടക്കംമുതൽ ഉന്നയിച്ച ആവശ്യമായിരുന്നു. ടിവികെ നേതാക്കളായ ബുസ്സി ആനന്ദ്, ആദവ് അർജുന, സി.ടി.ആർ. നിർമൽ കുമാർ ഉൾപ്പെടെയുള്ള ടിവികെ ഭാരവാഹികളെയും കരൂർ കളക്ടർ, പോലീസ് സൂപ്രണ്ട് എന്നിവരെയും ഡിസംബർ അവസാനവാരം സിബിഐ ചോദ്യംചെയ്തിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ വിജയ് പങ്കെടുത്ത ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേരാണ് മരിച്ചത്. സംഭവത്തിൽ സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് സിബിഐ അന്വേഷണം. വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ് റസ്തോഗിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.