സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് വിജയ് നായകനായ ജനനായകൻ എന്ന ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലാണ്. ഇപ്പോൾ വിജയ്‌യുടെ ഹിറ്റ് ചിത്രമായ തെരിയുടെ റീ-റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. ചൊവ്വാഴ്ച സിനിമയുടെ നിർമാതാക്കൾതന്നെയാണ് ഇക്കാര്യം അറിയിച്ചത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ്. താണുവാണ് തെരി നിർമിച്ചത്. അറ്റ്ലീയാണ് ചിത്രം സംവിധാനം ചെയ്തത്.

To advertise here,

പൊങ്കലിനോടനുബന്ധിച്ച് ഒന്നിലേറെ ചിത്രങ്ങൾ തമിഴ്നാട്ടിൽ റിലീസിന് തയ്യാറെടുക്കുന്നുണ്ട്. ഈ ചിത്രങ്ങളുടെ നിർമാതാക്കളുടെ അഭ്യർഥന മാനിച്ചാണ് ഈ തീരുമാനം. മറ്റ് ചിത്രങ്ങളും ഈ ആഘോഷവേള ലക്ഷ്യമിടുന്നതായും, അവരുടെ നിർമാതാക്കളുടെ അഭ്യർത്ഥനയെ തുടർന്നാണ് ഈ തീരുമാനമെടുത്തതെന്നും കലൈപുലി എസ്. താണു ചെന്നൈയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇക്കാര്യം അദ്ദേഹം സോഷ്യൽ മീഡിയയിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ജനുവരി 15-നായിരുന്നു തെരി റീ-റിലീസ് നിശ്ചയിച്ചിരുന്നത്.

ജനനായകന്റെ റിലീസ് മാറ്റിവെച്ചതിനെത്തുടർന്ന് പൊങ്കൽ ബോക്സോഫീസിൽ വിജയം പ്രതീക്ഷിച്ച് മൂന്ന് ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്. കാർത്തി നായകനായ വാ വാത്തിയാർ, ജീവ പ്രധാന വേഷത്തിലെത്തുന്ന നിതീഷ് സഹദേവ് ചിത്രം തലൈവർ തമ്പി തലൈമയിൽ, ദ്രൗപതി 2 എന്നിവയാണ് ആ ചിത്രങ്ങൾ. ഈ ചിത്രങ്ങൾ യഥാക്രമം ജനുവരി 14, 15 തീയതികളിൽ റിലീസ് ചെയ്യും.

അറ്റ്‌ലീ സംവിധാനംചെയ്ത ചിത്രത്തിൽ ഇരട്ടവേഷത്തിലായിരുന്നു വിജയ് എത്തിയത്. സാമന്ത റുത്ത് പ്രഭു, എമി ജാക്‌സൺ എന്നിവരായിരുന്നു നായികമാർ. സിംഹളയിലും അസമീസിലും ചിത്രം റീമേക്ക് ചെയ്തിരുന്നു. ഹിന്ദിയിൽ 'ബേബി ജോൺ' എന്ന പേരിലിറങ്ങിയ ചിത്രത്തിൽ കീർത്തി സുരേഷ് ആയിരുന്നു വരുൺ ധവാന്റെ നായിക. തെലുങ്കിൽ 'ഉസ്താദ് ഭഗത് സിങ്' എന്ന പേരിലും റീമേക്ക് അണിയറയിൽ ഒരുങ്ങുന്നുണ്ട്.

രാഷ്ട്രീയത്തിൽ ഇറങ്ങിയ വിജയ്‌യുടെ അവസാന ചിത്രമെന്നാണ് 'ജനനായകൻ' വിശേഷിപ്പിക്കപ്പെടുന്നത്. വെള്ളിയാഴ്ചയായിരുന്നു ചിത്രം തിയേറ്ററിലെത്തേണ്ടിയിരുന്നത്. സെൻസർ ബോർഡ് അനുമതി വൈകിയതിനെത്തുടർന്ന് നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ചിത്രത്തിന് അനുകൂലമായി സിംഗിൾ ബെഞ്ച് ഉത്തരവിട്ടെങ്കിലും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഹർജി ഇനി പൊങ്കൽ അവധിക്കുശേഷം 21-ന് മാത്രമേ പരിഗണിക്കുകയുള്ളൂ. നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.