ചെന്നൈ: മുഖ്യമന്ത്രി വിജയ്‌ന്റെ ഭാര്യ സംഗീതാ സ്വർണലിംഗം നൽകിയ വിവാഹമോചന ഹർജിയിലെ വാദം ചെങ്കൽപ്പെട്ടിലെ കുടുംബ കോടതി ഓഗസ്റ്റ് ഏഴിലേക്കു മാറ്റി. നേരിട്ടു ഹാജരാകുന്നതിനു പകരം വീഡിയോ കോൺഫറൻസിങ്ങിലൂടെ കോടതിനടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് വിജയ്യും സംഗീതയും അഭ്യർഥിച്ചിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

To advertise here,

തിങ്കളാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ജഡ്ജി ഇരുകക്ഷികളോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും എത്തിയില്ല. കക്ഷികൾ പ്രശസ്തരാണെന്നതുകൊണ്ട് നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്നും വീഡിയോ കോൺഫറൻസിങ് അനുവദിക്കണമെന്നുമുള്ള അപേക്ഷ ഇരുവരുടെയും അഭിഭാഷകർ സമർപ്പിച്ചിരുന്നു. എന്നാൽ, അപേക്ഷയിൽ സംഗീതയുടെ ഇ മെയിൽ വിലാസംപോലും നൽകിയിട്ടില്ലെന്ന് ജഡ്ജി സുജാത ചൂണ്ടിക്കാണിച്ചു. വക്കാലത്ത് നൽകിയതിന്റെ രേഖയും അവർ സമർപ്പിച്ചിട്ടില്ല.

ലണ്ടനിൽ വളർന്ന ശ്രീലങ്കൻ വംശജയായ സംഗീതയും വിജയ്യും 1999-ലാണ് വിവാഹിതരായത്. രണ്ടു മക്കളാണ് ഇവർക്ക്. ഒരു നടിയുമായി വിജയ്‌നുള്ള വിവാഹേതര ബന്ധം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും രണ്ടുവർഷമായി തങ്ങൾ അകന്നു കഴിയുകയാണെന്നും സംഗീത ഏപ്രിലിൽ നൽകിയ ഹർജിയിൽ പറയുന്നു.

കോടതിക്കു പുറത്ത് വിഷയം ഒത്തുതീർക്കാൻ വിജയ്യും ഇരുവരെയും വീണ്ടും ഒന്നിപ്പിക്കാൻ കുടുംബാംഗങ്ങളും ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഹർജി വേഗം വാദത്തിനെടുക്കണമെന്ന് സംഗീത ആവശ്യപ്പെടാതിരുന്നത് അതുകൊണ്ടാണെന്ന് അഭ്യൂഹമുണ്ട്.