കാവേരി നദീജല തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിയുടെ പുതിയ ചിത്രം 'ജനനായകൻ' പ്രദർശിപ്പിക്കുന്നത് കർണാടകയിലുടനീളം നിർത്തിവെച്ചു. തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിടണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (സി.ഡബ്ല്യു.എം.എ) നിർദേശത്തിനെതിരെ കന്നഡ അനുകൂല സംഘടനകളും കർഷകരും പ്രതിഷേധം കടുപ്പിച്ചതോടെയാണ് മുൻകരുതൽ നടപടിയായി തിയേറ്ററുകൾ ഷോകൾ റദ്ദാക്കാൻ നിർബന്ധിതരായത്.

To advertise here,

അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ പല തിയേറ്ററുകളിൽ നിന്നും ചിത്രത്തിന്റെ പോസ്റ്ററുകൾ മാറ്റുകയും മറ്റ് സിനിമകളുടെ പോസ്റ്ററുകൾ കൊണ്ട് മറയ്ക്കുകയും ചെയ്തിട്ടുണ്ട്. മാണ്ഡ്യയിൽ കന്നഡ അനുകൂല പ്രവർത്തകർ തിയേറ്ററുകൾക്ക് മുന്നിൽ പ്രതിഷേധിക്കുകയും പോസ്റ്ററുകൾ നശിപ്പിക്കുകയും ചെയ്തു.

ബെംഗളൂരുവിലെ പ്രമുഖ തിയേറ്ററായ സമ്പംഗി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ അന്നത്തെ മുഴുവൻ ഷോകളും റദ്ദാക്കി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ തമിഴ് വംശജർ കൂടുതലായി വസിക്കുന്ന പ്രദേശങ്ങളിൽ പോലീസ് പട്രോളിംഗും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജനനായകൻ' ഇതുവരെ ആഗോളതലത്തിൽ 260 കോടിയിലധികം രൂപ കളക്ഷൻ നേടിയിട്ടുണ്ട്. ബെംഗളൂരു ഉൾപ്പെടെയുള്ള കർണാടകയിലെ പ്രമുഖ കേന്ദ്രങ്ങൾ ചിത്രത്തിന്റെ പ്രധാന ബോക്‌സ് ഓഫീസ് വിപണിയായിരുന്നു.

എന്നാൽ നിലവിലെ വിലക്കും പ്രതിഷേധങ്ങളും സിനിമയുടെ കളക്ഷനെ കാര്യമായി ബാധിച്ചേക്കും. പൂർണസമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന വിജയിയുടെ അവസാന ചിത്രമെന്ന പ്രത്യേകതയും 'ജനനായക'നുണ്ട്. പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ് തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.