ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമർശം നടത്തിയെന്ന് ആരോപിച്ച് നടൻ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ പോലീസിൽ പരാതി. ഹൈദരാബാദ് സ്വദേശിയായ അഭിഭാഷകൻ ലാൽ ചൗഹാനാണ് നടനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്‌ പരാതി നൽകിയത്. സൂര്യ ചിത്രം 'റെട്രോ'യുടെ പ്രൊമോഷൻ പരിപാടിയിലായിരുന്നു പരാതിയ്ക്കാധാരമായ പരാമർശം.

To advertise here,

എസ്ആർ നഗർ പോലീസ് സ്‌റ്റേഷനിൽ വ്യാഴാഴ്ചയാണ് താരത്തിനെതിരെ പരാതി ലഭിച്ചത്. നിയമോപദേശംതേടിയെ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് തെലങ്കാന പോലീസ് അറിയിച്ചു. പഹൽഗാം ആക്രമണത്തെ അപലപിച്ചുള്ള പ്രസംഗത്തിനിടെയാണ് വിവാദപരാമർശം.

പരാമർശത്തിനെതിരെ ഗോത്രവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനകൾ രംഗത്തെത്തിയിരുന്നു. തങ്ങളെ അധിക്ഷേപിക്കുന്നതാണ് വിജയ് ദേവരകൊണ്ടയുടെ പരാമർശമെന്നും നടൻ മാപ്പുപറയണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

'കശ്മീർ ഇന്ത്യയുടേതാണ്, കശ്മീരികൾ നമ്മുടേതും. പാകിസ്താന് സ്വന്തം കാര്യങ്ങൾ പോലും നോക്കാൻ കഴിയുന്നില്ല. അവർക്ക് വെള്ളവും വൈദ്യുതിയുമില്ല. പാകിസ്താനെ ഇന്ത്യ ആക്രമിക്കേണ്ട കാര്യമില്ല. പാകിസ്താനികൾക്ക് അവരുടെ സർക്കാരിനെ മടുത്തു. അത് തുടർന്നാൽ പാകിസ്താനികൾ തന്നെ അവരെ ആക്രമിക്കും. 500 വർഷങ്ങൾക്ക് മുമ്പ് ഗോത്രവർഗക്കാർ ചെയ്തതുപോലെയാണ് അവർ പെരുമാറുക, സാമാന്യബുദ്ധി ഉപയോഗിക്കാതെ ആക്രമിക്കും. നമ്മൾ മനുഷ്യരായി ഐക്യത്തോടെ നിൽക്കുകയും പരസ്പരം സ്നേഹിക്കുകയും വേണം. നമ്മൾ എപ്പോഴും മനുഷ്യരായി മുന്നോട്ട് പോകുകയും ഐക്യത്തോടെ തുടരുകയും വേണം. വിദ്യാഭ്യാസം വളരെ പ്രധാനമാണ്',  എന്നായിരുന്നു പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് റെട്രോയുടെ പ്രൊമോഷൻ പരിപാടിയിൽ വിജയ് ദേവരകൊണ്ടയുടെ വാക്കുകൾ.