തനിക്കും ഭാര്യയും നടിയുമായ രശ്മിക മന്ദാനയ്ക്കുമെതിരെ ഉയരുന്ന പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി നടൻ വിജയ് ദേവരകൊണ്ട. തങ്ങളുടെ വിവാഹത്തെക്കുറിച്ചുൾപ്പെടെയുള്ള ചർച്ചകൾക്കും മറുപടിയായി, താൻ അങ്ങേയറ്റം സന്തോഷത്തോടെയും ഭാഗ്യത്തോടെയുമാണ് ജീവിക്കുന്നതെന്ന് വിജയ് പറഞ്ഞു. 'കോഫി വിത്ത് കരൺ 9'- ഷോയിൽ പങ്കെടുത്തതിന് ശേഷമാണ് ഇവർക്കെതിരെ വിമർശനങ്ങൾ ഉയർന്നത്. 2026 ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് തെലുങ്ക്, കൊടവ ആചാരപ്രകാരം വിവാഹിതരായ ഇരുവരുടെയും ദാമ്പത്യബന്ധത്തെയും വിവാഹാഭ്യർത്ഥനയെയുംചൊല്ലി ഇന്റർനെറ്റിൽ വലിയ വിവാദം ഉടലെടുത്തിരുന്നു.

To advertise here,

‘എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി, എന്റെ ഭാര്യ, എന്റെ പെണ്ണ്. എന്റെ ജീവിതത്തിൽ ഏറ്റവും ശരിയായി സംഭവിച്ച, ഏറ്റവും മനോഹരമായ ഭാഗ്യം. ഞങ്ങളെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നവരുടെ അറിവിലേക്ക്—ഞങ്ങൾ രണ്ടുപേരും അത്രമേൽ സന്തോഷത്തിലാണ്. ഞാൻ അനുഗ്രഹീതനാണ്. ഇനി ഈ ലോകം മുഴുവൻ ഞങ്ങൾക്കെതിരാണെങ്കിൽ, അങ്ങനെതന്നെയാവട്ടെ! സ്നേഹത്തെയും, സമാധാനത്തോടെയുള്ള ലളിതമായ ജീവിതത്തെയും നെഞ്ചേറ്റുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം. ബാക്കിയുള്ളവരൊക്കെ നേരെ പോയി തുലഞ്ഞോളൂ എന്ന് ഇനി ലവലേശം ബഹുമാനമോ ദയയോ ഇല്ലാതെതന്നെ പറയട്ടെ.’ വിജയ് ദേവരകൊണ്ടയുടെ വാക്കുകൾ.

കരൺ ജോഹർ അവതാരകനായ പരിപാടിയിൽ തങ്ങളുടെ വിവാഹാഭ്യർത്ഥനയുടെ കഥ ഇരുവരും വെളിപ്പെടുത്തിയതാണ് ട്രോളുകൾക്ക് കാരണമായത്. ഒരിക്കൽ വിമാനത്താവളത്തിൽ വെച്ച് രശ്മിക "നമുക്ക് വിവാഹം കഴിക്കാം" എന്ന് പറഞ്ഞപ്പോൾ, "നീ എന്നോട് 100 തവണ ചോദിക്കൂ" എന്നായിരുന്നു വിജയ് നൽകിയ മറുപടി. തുടർന്ന് ഒരു വർഷത്തോളം താൻ ഈ ചോദ്യം ചോദിച്ചുകൊണ്ടിരുന്നുവെന്ന് രശ്മിക വെളിപ്പെടുത്തി. ജീവിതത്തിലെ ഇത്തരം വലിയ തീരുമാനങ്ങളിലേക്ക് തിടുക്കപ്പെട്ട് കടക്കരുതെന്ന് കരുതിയാണ് താൻ അങ്ങനെ പറഞ്ഞതെന്ന് വിജയ് പരിപാടിയിൽ വ്യക്തമാക്കുകയും ചെയ്തു.

എന്നാൽ ഈ സംഭാഷണം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വിജയ്ക്കെതിരെ രൂക്ഷമായ വിമർശനങ്ങളും ട്രോളുകളും പ്രചരിക്കാൻ തുടങ്ങി. വിജയ് രശ്മികയെ അപമാനിക്കുകയാണെന്നും സ്നേഹത്തേക്കാൾ കൂടുതൽ സ്വാർത്ഥത കാണിക്കുന്നുവെന്നും ആരോപിച്ച് പലരും വിജയ് ദേവരകൊണ്ടയെ "റെഡ് ഫ്ലാഗ്" (Red Flag) എന്ന് വിശേഷിപ്പിച്ചു. ഇതിനാണിപ്പോൾ ചുട്ട മറുപടിയുമായി അദ്ദേഹം രംഗത്തെത്തിയത്.

പ്രണയത്തെക്കുറിച്ച് തനിക്കുണ്ടായിരുന്ന പഴയ കാഴ്ചപ്പാടുകൾ മാറിയതിനെക്കുറിച്ചും വിജയ് ഈ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. മുൻകാലങ്ങളിൽ പ്രണയത്തോട് വിശ്വാസമില്ലായ്മയും കരിയറിനോടുള്ള അമിത ലക്ഷ്യബോധവും മാത്രമായിരുന്നു തനിക്കെന്നു പറഞ്ഞ വിജയ്, ക്രമേണ രശ്മികയോടുള്ള പ്രണയം വളരുകയും അവരെ തൻ്റെ ജീവിതത്തിൽ ആവശ്യമാണെന്ന് തിരിച്ചറിയുകയുമായിരുന്നു എന്ന് കൂട്ടിച്ചേർത്തു. പിന്നീട് തങ്ങളുടെ സംഗീത് ചടങ്ങിൽ വെച്ചാണ് വിജയ് രശ്മികയോട് ഔദ്യോഗികമായി വിവാഹാഭ്യർത്ഥന നടത്തിയതെന്നും താരം പറഞ്ഞിരുന്നു.

Also Read: രശ്മിക ദിവസവും 15 തവണയെങ്കിലും ഐ ലവ് യൂ എന്ന് പറയും, എന്നെ മാറ്റിയത് അവളാണ് -വിജയ് ദേവരകൊണ്ട

തങ്ങൾക്കെതിരായ ട്രോളുകൾ അതിരുകടന്നതോടെ സോഷ്യൽ മീഡിയയിലൂടെ രശ്മിക മന്ദാനയും ശക്തമായ മറുപടി നൽകി. വിജയിയെ ഭർത്താവായി സ്വീകരിക്കാൻ ആയിരം തവണ വിവാഹാഭ്യർത്ഥന നടത്താനും താൻ തയ്യാറാണെന്ന് രശ്മിക വ്യക്തമാക്കി. തങ്ങളുടെ സംഭാഷണം ഒരു ഗംഭീര പ്രൊപ്പോസലിനെക്കുറിച്ചല്ലായിരുന്നുവെന്നും, ജീവിതത്തിലെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒന്നിച്ച് നിൽക്കാൻ പരസ്പരം ഉറപ്പുവരുത്താനുള്ള സമയത്തെക്കുറിച്ചായിരുന്നുവെന്നും രശ്മിക വിശദീകരിച്ചു. തൻ്റെ ഭർത്താവിനെ സ്നേഹിക്കുന്നതിനെ വിമർശിക്കുന്നവരെ ചോദ്യം ചെയ്ത രശ്മിക, കുടുംബത്തെ അനാവശ്യമായി വലിച്ചിഴക്കുന്നത് ഫെമിനിസമല്ലെന്നും മറിച്ച് ഫെമിനിസത്തിന്റെ മറവിലുള്ള അതിക്രമമാണെന്നും (bullying) അവർ കുറ്റപ്പെടുത്തി.