ദി ഗേൾഫ്രണ്ട് എന്ന ചിത്രത്തേയും നായികയായ രശ്മിക മന്ദാനയുടെ പ്രകടനത്തേയും പുകഴ്ത്തി വിജയ് ദേവരകൊണ്ട. സിനിമ തന്നെ എത്രമാത്രം വൈകാരികമായി സ്പർശിച്ചുവെന്ന് വിജയ് തുറന്നുപറഞ്ഞു. സമൂഹത്തിൽ അർത്ഥവത്തായ ചർച്ചകൾക്ക് തുടക്കമിട്ട ഒരു കഥ സമ്മാനിച്ചതിന് അണിയറപ്രവർത്തകരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. 'ദി ഗേൾഫ്രണ്ട്'-ന്റെ വിജയാഘോഷച്ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.

To advertise here,

'ഗീതാ ഗോവിന്ദം' ചെയ്യുന്നതുമുതൽ താൻ രശ്മികയെ കാണുന്നതാണെന്ന് വിജയ് ദേവരകൊണ്ട പറഞ്ഞു. കരിയറിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ ഇത്തരമൊരു തിരക്കഥ തിരഞ്ഞെടുക്കാൻ അവർ തീരുമാനിക്കുകയും, ഇത് താൻ പറയാൻ ആഗ്രഹിക്കുന്ന കഥയാണെന്ന് ഉറപ്പിക്കുകയും ചെയ്ത ഈ യാത്ര കാണുമ്പോൾ, തനിക്ക് ഒരുപാട് അഭിമാനം തോന്നുന്നുവെന്നും വിജയ് പറഞ്ഞു.

"നിന്റെ യാത്രയെക്കുറിച്ചും, നീ എന്ന സ്ത്രീയെക്കുറിച്ചും എനിക്ക് വളരെ അഭിമാനമുണ്ട്. നിങ്ങളിൽ പലരെയും പോലെ, ദി ഗേൾഫ്രണ്ട് എന്ന ചിത്രത്തിലെ കഥാപാത്രത്തെയും പോലെ, അവളും (രശ്മിക) ഒരുപാട് പരിഹസിക്കപ്പെട്ടിട്ടുണ്ട്. അത് ഞാനായിരുന്നെങ്കിൽ, ഉടൻ തന്നെ പ്രതികരിച്ചേനെ. എന്നാൽ ആളുകൾ എന്തുതന്നെ പറഞ്ഞാലും രശ്മിക എല്ലായ്പ്പോഴും ദയയും ആർദ്രതയുമാണ് തിരഞ്ഞെടുക്കുന്നത്. ഒരു ദിവസം ഈ ലോകം നിന്നെ തിരിച്ചറിയും. അത് ഇതിനകം സംഭവിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ നീയൊരു വിസ്മയമാണ്." വിജയ് ദേവരകൊണ്ട പ്രശംസിച്ചു.

"ഞാൻ 'ദി ഗേൾഫ്രണ്ട്' കണ്ടു, സിനിമയിലുടനീളം ഞാൻ വികാരാധീനനായിരുന്നു. എനിക്ക് കണ്ണുനീർ അടക്കാനായില്ല. സിനിമയുടെ സന്ദേശവും സെൻസിറ്റീവായ വിഷയങ്ങളുടെ ചിത്രീകരണവും തന്നിൽ മായാത്ത മുദ്ര പതിപ്പിച്ചു. കണക്കുകൾക്കപ്പുറം ഈ സിനിമ ചിന്തകൾക്കും അവബോധത്തിനും തിരികൊളുത്തി. സംസാരിക്കാൻ സ്ത്രീകളെ പ്രേരിപ്പിച്ചു. പല വാണിജ്യ വിജയങ്ങൾക്കും ഇത്തരമൊരു സാമൂഹിക സ്വാധീനം സൃഷ്ടിക്കാൻ കഴിയില്ല. അണിയറപ്രവർത്തകർക്ക് അഭിമാനിക്കാം. രാഹുലും നിർമ്മാതാക്കളും ശ്രദ്ധേയമായ ഒരു നേട്ടം കൈവരിച്ചിരിക്കുന്നു." വിജയ് ദേവരകൊണ്ട കൂട്ടിച്ചേർത്തു.

നമ്മുടെ സമൂഹത്തിലെ സ്ത്രീകൾ ഇപ്പോഴും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നു എന്നത് വേദനാജനകമാണ്. ബന്ധങ്ങൾ പരസ്പര ബഹുമാനത്തെയും പിന്തുണയെയും ഒരുമിച്ചുള്ള വളർച്ചയെയും കുറിച്ചുള്ളതായിരിക്കണം. നിങ്ങൾ പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ തുറന്നു സംസാരിക്കുക. ഈ സിനിമ ആളുകൾക്ക് ആ അവബോധം നൽകുന്നു. നിങ്ങളുടെ പങ്കാളി അപ്പോഴും കേൾക്കുന്നില്ലെങ്കിൽ, നിങ്ങളുടെ തീരുമാനം എടുക്കുക. നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യണമെന്നും വിജയ് ആവശ്യപ്പെട്ടു. താരത്തിന്റെ വാക്കുകൾ കേട്ട് രശ്മിക വിതുമ്പുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ദീക്ഷിത് ഷെട്ടിയാണ് ചിത്രത്തിൽ നായകൻ. നവംബർ 7-ന് റിലീസ് ചെയ്ത 'ദി ഗേൾഫ്രണ്ട്' നിരൂപകരിൽ നിന്ന് മികച്ച പ്രതികരണത്തോടെ ബോക്സ് ഓഫീസിൽ പ്രകടനം തുടരുകയാണ്. തിയേറ്ററുകളിൽ എത്തി ആറ് ദിവസത്തിനുള്ളിൽ തെലുങ്ക് ചിത്രം 10 കോടി രൂപയാണ് നേടിയത്.