കരിയറിന്റെ തുടക്കകാലത്ത് തനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായിട്ടുണ്ടെന്നും അക്കാരണംകൊണ്ട് സിനിമാ രംഗംതന്നെ ഉപേക്ഷിച്ചെന്നും വെളിപ്പെടുത്തി നടി നിതി ടെയ്ലർ. തെലുങ്ക് സിനിമാ മേഖലയിൽനിന്നാണ് ദുരനുഭവം ഉണ്ടായതെന്നും അവർ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഒരു സംവിധായകനിൽ നിന്നുണ്ടായ മോശം പെരുമാറ്റമാണ് ബിഗ് സ്‌ക്രീൻ ഉപേക്ഷിക്കാൻ തനിക്ക് പ്രേരണയായതെന്നും 'കൈസി യേ യാരിയാൻ' (Kaisi Yeh Yaariaan) എന്ന പരമ്പരയിലൂടെ പ്രശസ്തയായ നിതി വ്യക്തമാക്കി. സംവിധായകന്റെ മോശം സമീപനം തന്നെ വല്ലാതെ മാനസികമായി തളർത്തിയെന്നും അവർ വെളിപ്പെടുത്തി.

To advertise here,

താൻ അഭിനയിച്ച ആദ്യ തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ മറ്റൊരു സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഫോൺ വിളിക്കുകയായിരുന്നുവെന്ന് നിതി ഹോട്ടർഫ്ലൈയോട് പറഞ്ഞു. എന്നാൽ പ്രൊഫഷണലായി തുടങ്ങിയ സംഭാഷണത്തിനിടെ, ഈ ചിത്രത്തിൽ അഭിനയിക്കണമെങ്കിൽ തന്നോടൊപ്പം കിടക്ക പങ്കിടേണ്ടി വരുമെന്ന് അയാൾ തുറന്നുപറഞ്ഞു. ഇത് കേട്ട് ഞെട്ടിപ്പോയ താൻ ഉടൻ തന്നെ ഫോൺ കട്ട് ചെയ്യുകയും അയാളുടെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടർന്ന് ഈ സംഭവം താൻ അമ്മയെ വിളിച്ച് പറയുകയായിരുന്നുവെന്നും നിതി പറഞ്ഞു.

ഈ വിഷമകരമായ അനുഭവം തന്നെ വല്ലാതെ ഉലച്ചുവെന്നും അതിനുശേഷമാണ് മേലിൽ ഒരു സിനിമയിലും അഭിനയിക്കില്ലെന്ന അന്തിമ തീരുമാനം എടുത്തതെന്നും നിതി വെളിപ്പെടുത്തി. ഈ സംവിധായകൻ മറ്റു നടിമാരുമായി ഇത്തരത്തിൽ ഇടപഴകുന്നത് കണ്ടിട്ടുണ്ടെങ്കിലും തന്നോട് ഇത്തരത്തിൽ പെരുമാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് താരം പറഞ്ഞു. അനുഭവപ്പെട്ട ആഘാതം കാരണം അക്കാലത്ത് ഇക്കാര്യം മറ്റാരോടും പറയാൻ തനിക്ക് സാധിച്ചില്ലെന്നും നടി കൂട്ടിച്ചേർത്തു. അതേസമയം നടി സംവിധായകന്റെ പേര് വെളിപ്പെടുത്തിയില്ല.

2012-ൽ മെം വയസുക്കു വച്ചാം, 2013-ൽ രാഹുൽ രവീന്ദ്രൻ നായകനായ പെല്ലി പുസ്തകം, 2014-ൽ ലവ് ഡോട്ട് കോം എന്നീ ചിത്രങ്ങളിലാണ് നിതി നായികയായത്. ടെലിവിഷനിൽ തന്റെ കരിയർ തുടർന്നെങ്കിലും, ഈ മൂന്ന് തെലുങ്ക് പ്രോജക്റ്റുകൾക്കുശേഷം നിതി ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവന്നില്ല. പിന്നീടിവർ ടെലിവിഷൻ രംഗത്ത് ശ്രദ്ധേയമായ കരിയർ കെട്ടിപ്പടുത്തു. 'ജലക് ദിഖ്‌ലാ ജാ 10' (Jhalak Dikhhla Jaa 10), 'അലയൻസ്' (Alliance) തുടങ്ങിയ ജനപ്രിയ പരിപാടികളിലും അവർ പങ്കെടുത്തു.

ആ തീരുമാനത്തിന് പിന്നിലെ കാരണങ്ങളിലൊന്ന് വ്യക്തമാക്കുന്നതാണ് നടിയുടെ പുതിയ വെളിപ്പെടുത്തൽ. സിനിമാ വ്യവസായത്തിൽ വീണ്ടും ഒരു അവസരം പരീക്ഷിക്കാൻ തനിക്ക് താൽപ്പര്യമില്ലാത്ത വിധം തന്നെ വേദനിപ്പിച്ച ഒരു അനുഭവമാണ് തനിക്ക് ഉണ്ടായതെന്ന് താരം പറയുന്നു.