
മമ്മൂട്ടിയെ സന്ദർശിച്ചതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം. വിജിൻ എം.എൽ.എ. മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ. നേതൃത്വം അദ്ദേഹത്തെ സന്ദർശിച്ചതെന്ന് വിജിൻ അവകാശപ്പെട്ടു. വയനാട് ടൗൺഷിപ്പിലെ സന്ദർശന സമയത്തുണ്ടായ വിവാദങ്ങളൊക്കെ അന്നേ അവസാനിക്കേണ്ടതായിരുന്നുവെന്നും വിജിൻ അഭിപ്രായപ്പെട്ടു. മമ്മൂട്ടിയെ സന്ദർശിക്കുന്നതിന്റെ വീഡിയോയും വിജിൻ പങ്കുവെച്ചു.
'മലയാളത്തിന്റെ മഹാനടൻ മമ്മൂക്കയുടെ ക്ഷണം സ്വീകരിച്ചാണ് സംസ്ഥാനത്തെ ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ. നേതൃത്വം അദ്ദേഹത്തെ കാണാൻ ചെന്നത്. സ്‌നേഹപൂർവ്വം സ്വീകരിച്ച് ദീർഘനേരം രാഷ്ട്രീയ സാംസ്‌കാരിക കാര്യങ്ങളിൽ അഭിപ്രായം പറയുകയും അന്വേഷണങ്ങൾ നടത്തുകയുമുണ്ടായി. അദ്ദേഹത്തിന്റെ അനുഭവങ്ങൾ മനുഷ്യത്വത്തിന്റെ മഹത്തരമായ നിരീക്ഷണങ്ങൾ, ജീവിത വീക്ഷണങ്ങൾ എല്ലാം പങ്കുവച്ചു കൊണ്ടായിരുന്നു മമ്മുക്കയുടെ സംസാരം', വിജിൻ കുറിച്ചു.
'എഴുപത്തഞ്ച് പിന്നിടുന്ന മലയാളത്തിന്റ മഹാപ്രതിഭയോട് തികച്ചും ജനാധിപത്യ പരമായ സംവാദമാണ് ഞങ്ങൾ നടത്തിയത്. വയനാട് ടൗൺഷിപ്പിലെ സന്ദർശന സമയത്തുണ്ടായ വിവാദങ്ങളൊക്കെ അന്നേ അവസാനിക്കേണ്ടതായിരുന്നു. സഖാവ് റഫീക്കും മമ്മൂട്ടിയും പരസ്പരം സംസാരിച്ചവസാനിപ്പിച്ച ഒരു കാര്യത്തിന്റെ പേരിൽ വീണ്ടുവിമർശനമുന്നയിക്കുന്നത് ശരിയല്ല', വിജിൻ കൂട്ടിച്ചേർത്തു.
'സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ള വ്യക്തികളോട് യോജിച്ചും വിയോജിച്ചും സംവദിച്ചും കൊണ്ടല്ലാതെ ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് മുന്നോട്ട് പോകാനാവില്ല. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾക്കൊപ്പം മാനുഷിക മൂല്യങ്ങളുമുയർത്തിപ്പിടിച്ചു വേണം നമുക്ക് മുന്നേറാൻ', വിജിൻ കുറിച്ചു.
കഴിഞ്ഞദിവസം എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. നേതാക്കൾ മമ്മൂട്ടിയെ സന്ദർശിച്ചിരുന്നു. പിന്നാലെ നേതാക്കൾക്കും മമ്മൂട്ടിക്കുമെതിരെ കടുത്ത സൈബർ ആക്രമണമാണ് സി.പി.എം. അനുകൂല സൈബർ ഹാൻഡിലുകളിൽനിന്നുണ്ടായത്. ഇതിനെ അപലപിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ രംഗത്തെത്തിയിരുന്നു.
Content Highlights: DYFI State Secretary M. Vijin MLA clarified that youth leaders visited Mammootty upon the actor's personal invitation. Vijin shared a video of the meeting, emphasizing that they had a democratic discussion on various political and cultural topics. He noted that the previous controversy regarding the Wayanad township visit had already been resolved mutually between Mammootty and Comrade Rafeeq. Vijin stated that democratic movements must engage in dialogue with individuals across different sections of society. The clarification follows cyberattacks from Left-leaning handles against both the youth leaders and the veteran actor.
Published: 29 Oct 2026, 07:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented