വിജയ് ദേവേരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗർ ആഗസ്റ്റ് 25 നാണ് ദിവസമാണ് റിലീസ് ചെയ്തത്. ഇന്ത്യയിൽ 3000 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്.
സിനിമയ്ക്കെതിരേ കടുത്ത വിമർശനം നടക്കുന്ന സാഹചര്യത്തിൽ നടനെതിരേ മുംബൈയിലെ പ്രമുഖ തിയേറ്ററുടമ രംഗത്ത് വന്നത് വാർത്തയായിരുന്നു. മറാത്ത മന്ദിർ സിനിമയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മനോജ് ദേശായിയാണ് വിമർശനവുമായി രംഗത്ത് വന്നത്. ഇപ്പോഴിതാ തിയേറ്റർ ഉടമയെ നേരിട്ട് കാണാൻ മുംബൈയിൽ എത്തിയിരിക്കുകയാണ് താരം. നടനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ മനോജ് ദേശായി മാപ്പ് പറയുകയും ചെയ്തു
'അദ്ദേഹം വിനയമുള്ള നല്ല മനുഷ്യനാണ്. നല്ലൊരു ഭാവിയുണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇനി ഞാൻ സ്വീകരിക്കും. ഞാൻ രണ്ട് നടന്മാരോട് മാത്രമേ മാപ്പ് പറഞ്ഞിട്ടുള്ളു. ഒരാൾ അമിതാഭ് ബച്ചനും മറ്റേയാൾ വിജയ് ദേവരകൊണ്ടയും'- മനോജ് ദേശായി പറഞ്ഞു.
റിലീസിന് തൊട്ടുമുൻപേ വിവാദങ്ങളിൽ ചിത്രം ഇടം നേടിയിരുന്നു. വാർത്താസമ്മേളനത്തിൽ വിജയ് മേശയ്ക്ക് മുകളിൽ കാലുകയറ്റി വച്ചതിന് ചിത്രം ബഹിഷ്‌കരിക്കണമെന്ന തരത്തിൽ ആഹ്വാനമുയർന്നു. വിജയിന്റെ പെരുമാറ്റം സിനിമയെ ദോഷമായി ബാധിച്ചുവെന്നാണ് മനോജ് ദേശായി പറഞ്ഞു. ബഹിഷ്‌കരണ കാമ്പയിൻ നടക്കുമ്പോൾ ഞങ്ങളുടെ സിനിമ ബഹിഷ്‌കരിച്ചോളൂ, എന്ന് വിജയ് പറഞ്ഞതായി മനോജ് ദേശായി ആരോപിച്ചു.
''നിങ്ങൾ എന്തിനാണ് സിനിമ ബഹിഷ്‌കരിച്ചോളൂ എന്ന് പറഞ്ഞ് അതിസാമർഥ്യം കാണിക്കുന്നത്. ഇങ്ങനെ ചെയ്താൽ ഒടിടിയിൽ പോലും നിങ്ങളുടെ സിനിമ ആരും കാണില്ല. ഈ അഹങ്കാരം കാരണം സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങിനെ ബാധിച്ചു. അത് ഞങ്ങളെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. നാശത്തിന് അരികിൽ നിൽക്കുമ്പോൾ ബുദ്ധി പ്രവർത്തിക്കുകയില്ല. അതാണ് നിങ്ങളിപ്പോൾ ചെയ്യുന്നത്. നിങ്ങൾ തമിഴിലും തെലുങ്കിലും സിനിമ ചെയ്യുന്നതാണ് നല്ലത്''- എന്നാണ് അദ്ദേഹം പറഞ്ഞത്.
ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ കരൺ ജോഹറാണ്. സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കരൺ കടുത്ത വിമർശനം നേരിട്ടിരുന്നു. അന്ന് മുതൽ തന്നെ കരണിന്റെ സിനിമ കാണരുതെന്ന് ആവശ്യപ്പെട്ട് ബഹിഷ്‌കരണാഹ്വാനം ഉണ്ടായിരുന്നു. ലൈഗറിനെതിരേ കരൺ വിരോധികളും ബഹിഷ്‌കരണാഹ്വാനമായി രംഗത്ത് വന്നിട്ടുണ്ട്.
Content Highlights: Vijay Deverakonda meets film executive Manoj Desai, Liger Movie controversy, Boycott campaign
Published: 29 Aug 2022, 09:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented