ഹൈദരാബാദിൽ നടന്ന പരിപാടിയിലാണ് ട്രെയിലർ പുറത്തിറക്കിയത്

ഒടുവില്‍ കാത്തിരിപ്പിന് വിരാമമായി. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവും ബ്രഹ്മാണ്ഡ സംവിധായകന് എസ്.എസ്. രാജമൗലിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നടന്ന ഗംഭീരപരിപാടിയില് 50,000-ത്തോളം കാണികളെ സാക്ഷിയാക്കിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. എസ്എസ്എംബി29 എന്ന് അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ പേരും പരിപാടിയില്‍ പ്രഖ്യാപിച്ചു. വാരാണസി എന്നാണ് ചിത്രത്തിന്റെ പേര്.
ദൃശ്യവിസ്മയം എന്നാണ് ട്രെയിലറിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാന്‍ കഴിയുക. സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.
ട്രെയിലറിന് ഒടുവിലായാണ് നായകനെ കാണിക്കുന്നത്. കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവാണ് ട്രെയിലറിലുള്ളത്. എം.എം. കീരവാണിയുടെ മാസ്മരികമായ പശ്ചാത്തലസംഗീതം ട്രെയിലര്‍ കാണുന്ന പ്രേക്ഷകരുടെ ആവേശമേറ്റുന്നു. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാവിരുന്നാകും ചിത്രമെന്ന കാര്യത്തില്‍ സംശയമില്ല.
പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രമായ കുംഭയെ അവതരിപ്പിക്കുന്നത്. മന്ദാകിനി എന്ന കഥാപാത്രമായി ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുമെത്തുന്നു. വി. വിജയേന്ദ്രപ്രസാദാണ് തിരക്കഥ. ചിത്രം 2027-ല്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Visual Spectacle: Trailer of Mahesh Babu - SS Rajamouli's 'Varanasi' released; Sambhavi Asteroid and Ancient Lanka scenes steal the show
Published: 15 Nov 2025, 10:50 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented