മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദ് നിർമിച്ച് ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന 'മായൻ ചാപ്റ്റർ വണ്ണി'ന്റെ ട്രെയ്ലർ പുറത്തിറങ്ങി. മലയാള സിനിമയിൽ ദുരൂഹതയും നിഗൂഢതയും നിറഞ്ഞ പുതിയ സിനിമാറ്റിക് ലോകം തുറക്കാനുള്ള ഒരുക്കത്തിലാണ് ജയസൂര്യ നായകനാകുന്ന 'മായൻ: ചാപ്റ്റർ വൺ' ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വന്നതോടെ സിനിമയുടെ പ്രമേയത്തെക്കുറിച്ചും കഥാപാത്രങ്ങളുടെ പിന്നാമ്പുറത്തെക്കുറിച്ചും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. പതിവ് മാസ് ആക്ഷൻ സിനിമകളുടെ വഴിയിലല്ല, പ്രേക്ഷകന്റെ മനസ്സിൽ ഭയം, ആകാംക്ഷ, സംശയം എന്നിവ ഒരേസമയം നിറയ്ക്കുന്ന അവതരണമാണ് ട്രെയ്‌ലർ മുന്നോട്ടുവെക്കുന്നത്. ഡിസംബർ മൂന്നിന് ചിത്രം ആഗോള റിലീസിന് ഒരുങ്ങുകയാണ്.
ട്രെയ്‌ലറിന്റെ ആദ്യ നിമിഷങ്ങൾ തന്നെ സിനിമയുടെ സ്വഭാവം വ്യക്തമാക്കുന്നു. ഇരുണ്ട പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങളും പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന വാചകങ്ങളും പിന്നാലെയെത്തുന്ന പ്രായമായ സ്ത്രീയുടെ സാന്നിധ്യവും കഥയ്ക്ക് പിന്നിൽ സാധാരണ സംഭവങ്ങൾക്കപ്പുറമുള്ള എന്തോ ഒന്ന് ഒളിഞ്ഞിരിക്കുന്നുവെന്ന സൂചന നൽകുന്നു. തുടർന്നുള്ള ദൃശ്യങ്ങളിൽ പുരാതനമായ ആചാരങ്ങളെയും നിഗൂഢമായ ചടങ്ങുകളെയും ഓർമിപ്പിക്കുന്ന അന്തരീക്ഷമാണ് കാണാനാകുന്നത്.
ട്രെയ്‌ലർ മുന്നോട്ടുവെക്കുന്ന ഏറ്റവും വലിയ ചോദ്യം കറുത്തച്ചൻ ആരാണെന്നതാണ്?. ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണെന്ന കാര്യത്തിലും അണിയറപ്രവർത്തകർ സസ്‌പെൻസ് നിലനിർത്തുന്നു. എന്നാൽ, കഥാപാത്രത്തെക്കുറിച്ച് നേരത്തേ പുറത്തുവന്ന ടീസർ നൽകിയ സൂചനകളും ഇപ്പോഴത്തെ ട്രെയ്‌ലറിലെ ദൃശ്യങ്ങളും ചേർത്തുവായിക്കുമ്പോൾ സിനിമയുടെ പ്രമേയം കൂടുതൽ കൗതുകകരമാകുന്നുണ്ട്.
ജയസൂര്യ അവതരിപ്പിക്കുന്ന ജേസൺ വർഗീസ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണ യാത്രയായിട്ടാണ് ചിത്രത്തിന്റെ സഞ്ചാരം എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ട്രെയ്‌ലറിൽ കാണുന്ന ശ്മശാനവും കാടിനുള്ളിലെ രംഗങ്ങളും പഴയ വീടുകളും അന്വേഷണത്തിന്റെ വ്യാപ്തിയെക്കുറിച്ച് സംശയങ്ങൾ ഉയർത്തുന്നു. ചില കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളും അവർക്കിടയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളും കഥയിൽ നിർണായകമാകുമെന്ന് തോന്നിപ്പിക്കുന്നു. പ്രത്യേകിച്ച് ജയസൂര്യയുടെ കഥാപാത്രം ദുരൂഹതകളുടെ എത്രത്തോളം ആഴത്തിലേക്കാണ് കടക്കുന്നതെന്നത് സിനിമയുടെ പ്രധാന ആകാംക്ഷയാണ്. ആരാണ് കുടുംബങ്ങളിലെ പ്രധാന കഥാപാത്രങ്ങൾ? അവരുടെ ജീവിതത്തിൽ കറുത്തച്ചനുമായി ബന്ധപ്പെട്ട രഹസ്യങ്ങൾക്ക് എന്ത് പങ്കാണുള്ളത്? അന്വേഷണ ഉദ്യോഗസ്ഥനായ ജേസൺ വർഗീസ് ഇവരുടെ ജീവിതത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?.
ഫൈസൽ അലിയുടെ ഛായാഗ്രഹണം സിനിമയുടെ അന്തരീക്ഷത്തിന് വലിയ കരുത്ത് നൽകുന്നുണ്ട്. അന്യരാജ്യങ്ങളിലെ നഗരത്തിന്റെ ആധുനിക കാഴ്ചകളും പഴയ വീടുകളുടെ ഇരുണ്ട അന്തരീക്ഷവും കാടിനുള്ളിലെ ദൃശ്യങ്ങളും തമ്മിലുള്ള വ്യത്യാസം വ്യക്തമാണ്. മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം ദുരൂഹതയ്ക്ക് കൂടുതൽ തീവ്രത നൽകുന്നു. പ്രവീൺ പ്രഭാകറിന്റെ എഡിറ്റിങ്ങും ദൃശ്യങ്ങളുടെ വേഗതയും ട്രെയ്‌ലറിനെ സിനിമാറ്റിക് അനുഭവമാക്കുന്നുണ്ട്.
ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ്. രാജീവ് ഗോവിന്ദനാണ് നിർമാണം. ജയസൂര്യയ്‌ക്കൊപ്പം നൈല ഉഷ, വിജയ് ബാബു, ജിബിൻ ഗോപിനാഥ്, ഐശ്വര്യ രാജ്, ആർഷ ബൈജു, കെ.പി.എ.സി. ലീല, ജെയിംസ് ഏലിയ, ജയരാജ് വാര്യർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം: ഫൈസൽ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റിങ്: പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ: രോഹിത് ആർ. നായർ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, വരികൾ: രാജീവ് ഗോവിന്ദൻ, ജിതിൻ കെ. ജോസ്, കോ- റൈറ്റർ: ശ്രീഖിൽ ശ്രീനിവാസൻ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പ്രൊജക്ട് ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, വിപിൻ കുമാർ വി.
Content Highlights: The mystery-laden trailer for Jayasurya's upcoming film Mayan: Chapter 1, directed by Jithin K. Jose, has been officially released. Jayasurya plays an investigating police officer named Jason Varghese in the dark thriller, which hints at ancient rituals and a mysterious figure named Karuthachan. Co-written by Rafi and Jithin K. Jose and produced by Rajeev Govind, the film also stars Nyla Usha, Vijay Babu, and Arsha Baiju. Backed by Faisal Ali's cinematography and Mujeeb Majeed's score, Mayan: Chapter 1 is scheduled for a worldwide release on December 3.
Published: 21 Nov 2026, 10:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented