
സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരസമരം തുടരുന്ന സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ വിമർശനവുമായി മുൻമന്ത്രിയും സി.പി.എം. നേതാവുമായ വി. ശിവൻകുട്ടി. മഞ്ജു വാര്യരെ പിന്തുണച്ച ശിവൻകുട്ടി, നടിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ അരങ്ങേറുന്നത് തരംതാണ കോപ്രായങ്ങളാണെന്ന് അഭിപ്രായപ്പെട്ടു. ഇത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെയ്‌സ്ബുക്കിലാണ് ശിവൻകുട്ടിയുടെ പ്രതികരണം.
'സ്വന്തം പ്രതിഭകൊണ്ടും ഇച്ഛാശക്തികൊണ്ടും ഉയർന്നുവന്ന മഞ്ജു വാര്യർക്കെതിരെ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ അരങ്ങേറുന്ന തരംതാണ കോപ്രായങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. ഒരു വ്യക്തിയുടെ അന്തസ്സിനെയും സ്വയംനിർണ്ണയാവകാശത്തെയും പരസ്യമായി ചവിട്ടിമെതിക്കുന്ന ഇത്തരം ഹീനമായ പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം ഉയർന്നേ തീരൂ.' ശിവൻകുട്ടി വ്യക്തമാക്കി.
'ജീവിതവും നിലപാടുകളും സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള ഒരു സ്ത്രീയുടെ മൗലികാവകാശത്തിന്മേൽ കടന്നുകയറാനും വ്യാജ ആരോപണങ്ങളിലൂടെ നീതിയെ വെല്ലുവിളിക്കാനും ആർക്കും അവകാശമില്ല. ദശാബ്ദങ്ങളുടെ കഠിനാധ്വാനത്തെ തകർക്കാൻ കെട്ടുകഥകളിലൂടെയും ഡിജിറ്റൽ ഇടങ്ങളിലൂടെയും നടത്തുന്ന ഈ നീക്കം പച്ചയായ വ്യക്തിഹത്യയും കൊടിയ മാനസിക പീഡനവുമാണ്.' അദ്ദേഹം കുറിച്ചു.
ALSO READ | സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ
'ഒരു കലാകാരിയുടെ ആത്മാഭിമാനത്തെ തെരുവിൽ വലിച്ചിഴയ്ക്കുന്ന സ്ത്രീവിരുദ്ധ അനീതിക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പരസ്യ വേട്ടയാടലിന് കടിഞ്ഞാണിടാൻ സർക്കാരും നിയമപാലകരും അടിയന്തരമായി ഇടപെടണം. ഇക്കാര്യത്തിൽ കോടതി കർശനമായ മാതൃകാ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.' അദ്ദേഹം കൂട്ടിച്ചേർത്തു.
സെക്രട്ടേറിയറ്റിന് മുന്നിൽ കഴിഞ്ഞ എട്ടുദിവസമായി നിരാഹാര സത്യാഗ്രഹത്തിലാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജു വാര്യർ തടവിലാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം. താൻ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിൽ സർക്കാരോ നിയമ സംവിധാനങ്ങളോ നടപടി എടുക്കാത്തതിനാലാണ് സത്യാഗ്രഹമെന്ന് സംവിധായകൻ നേരത്തേ പ്രതികരിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പെടെ അരികിൽ വെച്ചാണ് നിരാഹാരം.
ALSO READ | സനൽകുമാർ ശശിധരനെതിരെ മഞ്ജു വാര്യർ, കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു
ഇതിന് പിന്നാലെ നടി മഞ്ജു വാര്യർ സംവിധായകനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചു. എന്നാൽ, പരാതിയിലെ ഒപ്പ് നടിയുടേതല്ലെന്നാണ് സംവിധായകന്റെ പ്രതികരണം.
സമരത്തെ പരിഹസിച്ച് മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ രംഗത്തെത്തിയിരുന്നു. തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടിയെന്നും മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടിയെന്നും ഇനിയുള്ള രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കുമെന്നും മധു ഫെയ്സ്ബുക്കിൽ കുറിച്ചു. കുടുംബസമേതം മഞ്ജുവിനൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു മധുവിന്റെ പോസ്റ്റ്.
Content Highlights: CPM leader V. Sivankutty publicly supports actress Manju Warrier through a Facebook post. Sivankutty condemned director Sanal Kumar Sasidharan's hunger strike outside the Secretariat as derogatory antics. He called for strict action against the ongoing character assassination and mental harassment faced by the actress. Sanal Kumar Sasidharan has been on a hunger strike for eight days alleging that Manju Warrier is held captive. Manju Warrier has previously filed a legal complaint against the director regarding the harassment.
Published: 21 Sept 2026, 05:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented